മരിച്ചവരുടെ പട്ടികയിൽ പെടുത്തിയതിൽ നട്ടംതിരിഞ്ഞ് കുവൈത്തി യുവാവ്

കുവൈത്ത് സിറ്റി- ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ ഭാഗത്ത് സംഭവിച്ച പിഴവുമൂലം മരണപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ നട്ടംതിരിയുകയാണ് കുവൈത്തി യുവാവ് മുഹമ്മദ് അൽഅജമി. സൗദിയിലെ നഈരിയ സന്ദർശിക്കാൻ സൗദി, കുവൈത്ത് അതിർത്തിയിലെ അൽനുവൈസിബ് അതിർത്തി പോസ്റ്റ് വഴി ജൂലൈ 29 ന് ആണ് താൻ കുവൈത്തിൽനിന്ന് സൗദിയിൽ പ്രവേശിച്ചതെന്ന് മുഹമ്മദ് അൽഅജമി പറഞ്ഞു. സൗദിയിൽനിന്ന് സ്വദേശത്തേക്ക് വിമാന മാർഗം മടങ്ങാൻ തീരുമാനിച്ചു. ഈ മാസം അഞ്ചിന് കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് താൻ ജൂലൈ മൂന്നിന് മരണപ്പെട്ടതായി കംപ്യൂട്ടർ സിസ്റ്റത്തിലെ വിവരങ്ങളിൽ രേഖപ്പെടുത്തിയതായി അറിഞ്ഞ് ഞെട്ടിയത്. വിമാനത്താവളത്തിൽ നാലു മണിക്കൂർ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പദവി ശരിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കുമെന്നതിന് രേഖാമൂലം ഉറപ്പുനൽകിയ ശേഷമാണ് തന്നെ വിട്ടയച്ചത്. 
നേപ്പാളി വംശജയായ വേലക്കാരിയുടെ സ്‌പോൺസറായിരുന്നു താൻ. വേലക്കാരി രണ്ടു വർഷം മുമ്പ് ഒളിച്ചോടിയിരുന്നു. ഇതേ കുറിച്ച് താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം വേലക്കാരി മരണപ്പെട്ടു. മൃതദേഹം സ്വദേശത്തേക്ക് അയക്കുന്നതിനു വേണ്ടി വേലക്കാരിക്ക് മരണ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്തു. എന്നാൽ വേലക്കാരിയുടെ മരണ സർട്ടിഫിക്കറ്റിൽ തന്റെ തിരിച്ചറിയൽ കാർഡ് നമ്പർ രേഖപ്പെടുത്തി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഗുരുതരമായ പിഴവ് വരുത്തുകയായിരുന്നു. 
ഈ സംഭവത്തിൽ ആരോഗ്യ മന്ത്രാലയത്തിനെതിരെ കേസ് നൽകാനും സർക്കാർ രേഖകളിൽ തന്റെ പദവി എത്രയും വേഗം ശരിയാക്കാൻ ആവശ്യപ്പെട്ടും അഭിഭാഷകനെ ചുമതലപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെട്ട് നീതിന്യായ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിനെ സമീപിച്ചെങ്കിലും താൻ മരണപ്പെട്ടയാളാണെന്ന് പറഞ്ഞ് അഭിഭാഷകനെ നിയോഗിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിസമ്മതിച്ചു. തന്റെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് മുഹമ്മദ് അൽഅജമി ആവശ്യപ്പെട്ടു. 

Tags

Latest News