പാരിസ് - പുതിയ സീസണ്‍ ദിവസങ്ങള്‍ക്കകം ആരംഭിക്കാനിരിക്കെ പി.എസ്.ജി കനത്ത ആശയക്കുഴപ്പത്തില്‍. ടീമിലെ ഏറ്റവും പ്രമുഖരായ രണ്ട് കളിക്കാര്‍ അടുത്ത സീസണില്‍ ഉണ്ടാവുമോയെന്ന് വ്യക്തമല്ല. കരാര്‍ പുതുക്കാന്‍ വിസമ്മതിക്കുന്ന കീലിയന്‍ എംബാപ്പെയെ ഫസ്റ്റ് ടീമില്‍ ഉള്‍പെടുത്തില്ലെന്നാണ് ക്ലബ്ബ് നല്‍കുന്ന സൂചന. അതിനിടയില്‍ നെയ്മാര്‍ തുടരാന്‍ താല്‍പര്യമില്ലെന്നും ക്ലബ്ബ് വിടണമെന്നും അറിയിച്ചതായി പ്രമുഖ ഫ്രഞ്ച് സ്‌പോര്‍ട്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തൊന്നുകാരന്‍ 2017 ല്‍ ലോക റെക്കോര്‍ഡായ 22.2 കോടി യൂറോയുടെ ട്രാന്‍സ്ഫറിലാണ് ബാഴ്‌സലോണയില്‍ നിന്ന് എത്തിയത്. 2025 വരെ കരാറുണ്ട്.
2017 ല്‍ തന്നെ എത്തിയ എംബാപ്പെയുടെ കരാര്‍ ഈ സീസണ്‍ അന്ത്യത്തോടെ അവസാനിക്കും. എന്നാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് എംബാപ്പെയെ കൈയൊഴിഞ്ഞാലേ പി.എസ്.ജിക്ക് ട്രാന്‍സ്ഫര്‍ തുക ലഭിക്കുകയുള്ളൂ. ഈ സീസണ്‍ പി.എസ്.ജിയില്‍ പൂര്‍ത്തിയാക്കുകയും അടുത്ത സീസണില്‍ റയല്‍ മഡ്രീഡില്‍ ചേരുകയും ചെയ്യാനാണ് എംബാപ്പെ ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ പ്രതിഫലവും കരാര്‍ തുകയും ഉറപ്പിക്കാനാവും. ടീമിലെ റിസര്‍വ് കളിക്കാര്‍ക്കൊപ്പമാണ് ഇപ്പോള്‍ എംബാപ്പെ പരിശീലനം നടത്തുന്നത്. ലിയണല്‍ മെസ്സിയെ നേരത്തെ തന്നെ പി.എസ്.ജി കൈയൊഴിഞ്ഞു.
മുമ്പ് രണ്ടു തവണ എംബാപ്പെയെ ടീമിലെടുക്കാന്‍ റയല്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇപ്പോള്‍ കരീം ബെന്‍സീമക്ക് പകരക്കാരനെ തേടുകയാണ് റയല്‍. പി.എസ്.ജിയുടെ ലീഡിംഗ് സ്‌കോററാണ് എംബാപ്പെ, അവര്‍ക്കു വേണ്ടി 212 ഗോളടിച്ചിട്ടുണ്ട്.






