കുല്‍ദീപിന് മൂന്ന് വിക്കറ്റ്, ഇന്ത്യ ജയിക്കാന്‍ 160 റണ്‍സ്

പ്രോവിഡന്‍സ് - വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് 160 റണ്‍സിന്റെ ലക്ഷ്യം. ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ തകര്‍ത്തടിച്ചതോടെയാണ് (19 പന്തില്‍ 40 നോട്ടൗട്ട്) വിന്‍ഡീസ് സ്‌കോര്‍ 150 കടന്നത്. പവല്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും പായിച്ചു. ഓപണര്‍മാരായ ബ്രാന്‍ഡന്‍ കിംഗും (42 പന്തില്‍ 42) കയ്ല്‍ മയേഴ്‌സും (20 പന്തില്‍ 25) ടീമിന് ഭദ്രമായ തുടക്കം സമ്മാനിച്ചു. കിംഗിനെയും വെടിക്കെട്ട് ബാറ്റര്‍മാരായ ജോണ്‍സണ്‍ ചാള്‍സ് (12) നിക്കൊളാസ് പൂരാന്‍ (12 പന്തില്‍ 20) എന്നിവരെയും കുല്‍ദീപ് യാദവ് പുറത്താക്കി. കുല്‍ദീപിന് മൂന്നു വിക്കറ്റ് കിട്ടി ((4-0-28-3). 
ഇന്ത്യ യശസ്വി ജയ്‌സ്വാളിന് അരങ്ങേറ്റത്തിന് അവസരമൊരുക്കി. ഇശാന്‍ കിഷനെയാണ് ഒഴിവാക്കിയത്. രവി ബിഷ്‌ണോയിക്കു പകരം പരിക്കു മാറിയ കുല്‍ദീപ് യാദവ് തിരിച്ചെത്തി. ഈ കളിയിലും മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ നിനിലനിര്‍ത്തി. ചെറിയ പരിക്കുള്ള ജെയ്‌സന്‍ ഹോള്‍ഡര്‍ക്കു പകരം റോസ്റ്റണ്‍ ചെയ്‌സ് വിന്‍ഡീസ് പ്ലേയിംഗ് ഇലവനിലെത്തി. ആദ്യ രണ്ടു കളികളും തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഈ കളി ജയിച്ചേ തീരൂ. രണ്ടു കളിയിലും മൂന്ന് സ്പിന്നര്‍മാരുമായി കളിച്ചത് ഇന്ത്യയുടെ ബാറ്റിംഗിനെ ബാധിച്ചിരുന്നു. ബൗളര്‍മാര്‍ ബാറ്റ് ചെയ്യില്ലെന്നതും ബാറ്റര്‍മാര്‍ ബൗള്‍ ചെയ്യില്ലെന്നതും ടീമിന്റെ സന്തുലനത്തെ കാര്യമായി ബാധിച്ചു. 
അവശേഷിച്ച രണ്ടു കളികള്‍ അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് നടക്കുക. ആ കളികള്‍ അപ്രസക്തമാകാതിരിക്കാന്‍ ഇന്ന് ഇന്ത്യ ജയിച്ചേ പറ്റൂ. 
അവസാന വേളയില്‍ ഒന്നുലഞ്ഞെങ്കിലും ഏഴ് പന്ത് ബാക്കിയിരിക്കെ രണ്ടു വിക്കറ്റിനാണ് രണ്ടാം മത്സരം ആതിഥേയര്‍ ജയിച്ചത്.  153 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് നാലിന് 126 ല്‍ നിന്ന് എട്ടിന് 129 ലേക്ക് കൂപ്പുകുത്തിയിരുന്നു. നിക്കൊളാസ് പൂരാനെ (40 പന്തില്‍ 67) മുകേഷ്‌കുമാര്‍ പുറത്താക്കിയതോടെയാണ് കളി തിരിഞ്ഞത്. നാലോവറും രണ്ടു വിക്കറ്റും ശേഷിക്കെ 24 റണ്‍സ് വേണമായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍. അഖീല്‍ ഹുസൈനും (10 പന്തില്‍ 16 നോട്ടൗട്ട്) അല്‍സാരി ജോസഫും (8 പന്തില്‍ 10 നോട്ടൗട്ട്) അവസരത്തിനൊത്തുയര്‍ന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് (4-0-35-3) ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. യുസവേന്ദ്ര ചഹലിന് രണ്ടു വിക്കറ്റ് കിട്ടി (3-0-19-2). 
പലതവണ രക്ഷപ്പെട്ട തിലക് വര്‍മയുടെ അര്‍ധ ശതകമാണ് (41 പന്തില്‍ 51) ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അടിത്തറ. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ട് തിലകിന്റെ ഇന്നിംഗ്‌സില്‍. തിലക് ഓപണര്‍ ഇശാനുമൊത്ത് മൂന്നാം വിക്കറ്റില്‍ 42 റണ്‍സും ക്യാപ്റ്റന്‍ ഹാര്‍ദിക്കുമൊത്ത് (18 പന്തില്‍ 24) അഞ്ചാം വിക്കറ്റില്‍ 38 റണ്‍സും കൂട്ടുകെട്ടുണ്ടാക്കി. സ്പിന്നര്‍ അഖീല്‍ ഹുസൈനും (2-29) പെയ്‌സര്‍മാരായ അള്‍സാരി ജോസഫ് (2-28), റൊമാരിയൊ ഷെപ്പേഡ് (2-28) എന്നിവരും രണ്ടു വീതം വിക്കറ്റെടുത്തു. 
മലയാളി ബാറ്റര്‍ സഞ്ജു സാംസണ്‍ വീണ്ടും പരാജയപ്പെട്ടു. അഖീല്‍ ഹുസൈനെ അടിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ സഞ്ജുവിനെ (7 പന്തില്‍ 7) വിക്കറ്റ്കീപ്പര്‍ നിക്കൊളാസ് പൂരാന്‍ സ്റ്റമ്പ് ചെയ്തു. ആദ്യ ട്വന്റി20യില്‍ നിര്‍ണായക ഘട്ടത്തില്‍ സഞ്ജു (12) റണ്ണൗട്ടാവുകയായിരുന്നു. ആ കളി ഇന്ത്യ നാലു റണ്‍സിന് തോറ്റു.
ഒബേദ് മക്കോയിക്കൊപ്പം ബൗളിംഗ് ഓപണ്‍ ചെയ്ത അഖീലിനെ ആദ്യ പന്ത് സിക്‌സറിനുയര്‍ത്തിയാണ് ഇശാന്‍ കിഷന്‍ (23 പന്തില്‍ 27) സ്വാഗതം ചെയ്തത്. എന്നാല്‍ ശുഭ്മന്‍ ഗില്ലിനെ (7) അള്‍സരി ജോസഫ് പുറത്താക്കുകയും സൂര്യകുമാര്‍ യാദവ് (1) കയ്ല്‍ മയേഴ്‌സിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഇശാനെ പത്താം ഓവറില്‍ റൊമാരിയൊ ഷെപ്പേഡ് ബൗള്‍ഡാക്കി. 
ഇന്ത്യ പരിക്കേറ്റ കുല്‍ദീപ് യാദവിനു പകരം രവി ബിഷ്‌ണോയിക്ക് അവസരം നല്‍കി. 
രണ്ടാമത്തെ കളിയിലും മൂന്നു സ്പിന്നര്‍മാരുമായാണ് ടീം കളിച്ചത്. ഫലത്തില്‍ ബാറ്റിംഗിന് ആശ്രയിക്കാനാവാത്ത നാല് കളിക്കാരാണ് ഇന്ത്യന്‍ നിരയിലുള്ളത്. ആദ്യ കളിയില്‍ അഞ്ചോവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ 37 റണ്‍സ് മതിയായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍. അടുത്ത മൂന്ന് പന്തില്‍ ഹാര്‍ദിക്കും സഞ്ജുവും പുറത്തായതോടെ കളി തോറ്റു. രണ്ടാമത്തെ മത്സരത്തില്‍ പന്ത്രണ്ടാം ഓവറില്‍ നാലാം വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഇന്ത്യ പ്രതിരോധത്തിലായി. അതേസമയം രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ ജയിപ്പിച്ചത് അവരുടെ വാലറ്റമാണ്. 

Latest News