Sorry, you need to enable JavaScript to visit this website.

പത്താം വയസ്സിൽ തുടങ്ങി പീഡനം -കൊടുങ്കാറ്റുയർത്തി കൊറിയൻ ചാമ്പ്യൻ

കൊറിയൻ കായിക രംഗത്തെ  പീഡനങ്ങൾ വെളിപ്പെടുത്തി മുൻ ടെന്നിസ് ചാമ്പ്യൻ കിം യൂൻ ഹീ

സോൾ - തെക്കൻ കൊറിയൻ കായിക രംഗത്തെ പീഡനങ്ങൾ തുറന്നു പറഞ്ഞ് മുൻ ടെന്നിസ് ചാമ്പ്യൻ കിം യൂൻ ഹീ. സെക്‌സ് എന്നാൽ എന്താണെന്ന് മനസ്സിലാവാതിരുന്ന കാലം മുതൽ കോച്ച് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് കിം വെളിപ്പെടുത്തി. 
പത്താം വയസ്സിൽ പ്രൈമറി സ്‌കൂളിൽ പഠിക്കുമ്പോഴാണ് കോച്ച് തന്നെ ആദ്യം പീഡിപ്പിച്ചതെന്നും പിന്നീട് നിരന്തരം തുടർന്നുവെന്നും കിം തുറന്നടിച്ചു. ട്രെയ്‌നിംഗ് ക്യാമ്പിലെ കോച്ചിന്റെ മുറിയിലേക്കുള്ള ഓരോ വിളികളും പിന്നീട് പേടിപ്പെടുത്തുന്ന അനുഭവവും മാനഹാനിയുമായി. അത് മാനഭംഗമാണെന്ന് പോലും അറിയാൻ വർഷങ്ങളെടുത്തു. ഞങ്ങൾ തമ്മിൽ മാത്രം അറിയേണ്ട കാര്യമെന്നാണ് എന്നെ പറഞ്ഞു ബോധ്യപ്പെടുത്തിയത് -ഇരുപത്തേഴുകാരി പറഞ്ഞു. 
രാജ്യാന്തര മാധ്യമങ്ങൾക്കു മുന്നിൽ ഇത് തുറന്നു പറയുന്നത് കൊറിയൻ കായികരംഗത്തെ പീഡനങ്ങളെക്കുറിച്ച് ലോകത്തെ അറിയിക്കാനും എന്തുകൊണ്ടാണ് അത് നിശ്ശബ്ദമായി അത് സഹിക്കേണ്ടി വരുന്നതെന്ന് വ്യക്തമാക്കാനുമാണെന്ന് കിം വിശദീകരിച്ചു. ജപ്പാൻ കഴിഞ്ഞാൽ സമ്മർ, വിന്റർ ഒളിംപിക്‌സുകൾ സംഘടിപ്പിച്ച ഒരേയൊരു ഏഷ്യൻ രാജ്യമാണ് കൊറിയ. രണ്ട് ഗെയിംസുകളിലും മെഡൽ പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനം പിടിക്കാറുണ്ട് അവർ. ആർച്ചറി, തൈകോണ്ടൊ, സ്പീഡ് സ്‌കെയ്റ്റിംഗ്, വനിതാ ഗോൾഫ് തുടങ്ങിയവയിൽ ലോകോത്തര ശക്തികളാണ്. എന്നാൽ അതിനായി പലപ്പോഴും കൊച്ചു പെൺകുട്ടികളാണ് അനുഭവിക്കേണ്ടി വരുന്നത്. സ്‌കൂളും കുടുംബവുമൊക്കെ വേണ്ടെന്നുവെച്ച് അവർക്ക് ട്രെയ്‌നിംഗ് ക്യാമ്പിൽ കഴിയേണ്ടി വരുന്നു. അവരെ പീഡിപ്പിക്കുകയും നിശ്ശബ്ദമാക്കി നിർത്തുകയും ചെയ്യുക കോച്ചുമാർക്ക് വളരെ എളുപ്പമാണെന്ന് കിം പറഞ്ഞു. 
'കോച്ചായിരുന്നു എന്റെ എല്ലാം. എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും തീരുമാനിച്ചത് അദ്ദേഹമായിരുന്നു. എങ്ങനെ എക്‌സർസൈസ് ചെയ്യണമെന്നതു മുതൽ എന്തു കഴിക്കണമെന്നും എപ്പോൾ ഉറങ്ങണമെന്നും വരെ. പരിശീലനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് എന്നെ നിരന്തരം മർദിച്ചു. നിരവധി പേർ പരാതിപ്പെട്ടതോടെ കോച്ചിനെ മാറ്റിയെങ്കിലും മറ്റൊരു സ്‌കൂളിൽ അദ്ദേഹം ജോലി നേടി. തുറന്നു പറഞ്ഞാൽ ജീവിതം അവസാനിക്കും, കായികസ്വപ്‌നം വീണുടയും. വഞ്ചകരെന്ന് മുദ്ര കുത്തപ്പെടും' -കിം വിശദീകരിച്ചു. 
2014 ൽ നടത്തിയ സർവെയിൽ ഏഴിലൊന്ന് കൊറിയൻ വനിതാ അത്‌ലറ്റുകളും മുൻ വർഷം ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ അവരിൽ 70 ശതമാനം പരാതിപ്പെടാനോ സഹായം തേടാനോ തയാറായില്ല. 2015 ൽ ഒരു കോച്ച് പതിനൊന്നുകാരിയെ പീഡിപ്പിച്ചതായി കണ്ടെത്തി. വനിതാ സ്‌കെയ്റ്റിംഗ് താരങ്ങളെ നിരന്തരം ഒളിഞ്ഞുനോക്കുന്നതായും തെളിഞ്ഞു. എന്നാൽ വലിയ ശിക്ഷയില്ലാതെ രക്ഷപ്പെട്ടു. നാല് ഒളിംപിക് മെഡൽ നേടിയ ഒരു അത്‌ലറ്റ് തന്നെ കോച്ച് നിരന്തരം മർദിച്ചിരുന്നതായി ഈയിടെ വെളിപ്പെടുത്തിയിരുന്നു. 
തന്നെ പീഡിപ്പിച്ച വ്യക്തി ഇപ്പോഴും കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞത് രണ്ടു വർഷം മുമ്പാണെന്ന് കിം വെളിപ്പെടുത്തി. 'ഒന്നും സംഭവിക്കാത്തതു പോലെയാണ് അയാൾ പെരുമാറിയത്. കൊച്ചു പെൺകുട്ടികളെ പീഡിപ്പിക്കാൻ അയാൾക്ക് ഇനി അവസരം നൽകരുതെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു'.
തുടർന്ന് കിം അയാൾക്കെതിരെ പോലീസിൽ പരാതി നൽകി. നാല് കൂട്ടുകാരികൾ സാക്ഷി പറയാൻ തയാറായി. ഒടുവിൽ അയാൾക്ക് 10 വർഷം തടവ് ശിക്ഷ കിട്ടി. വേദനയും സങ്കടവും സന്തോഷവും സഹിക്കാനാവാതെ ആ രാത്രി മുഴുവൻ താൻ കരയുകയായിരുന്നുവെന്ന് കിം വെളിപ്പെടുത്തി. ഇപ്പോൾ കൊച്ചു കുട്ടികളെ ടെന്നിസ് പഠിപ്പിക്കുകയാണ് കിം.
 

 

Latest News