ചെന്നൈ - ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ നാല് കളിയില്‍ മൂന്നാം ജയത്തോടെ ഇന്ത്യ സെമി ഫൈനലിലെത്തി. നിലവിലെ ചാമ്പ്യന്മാരായ തെക്കന്‍ കൊറിയയെ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ 3-2 ന് തോല്പിച്ചു. നാല് കളിയില്‍ ഇന്ത്യക്ക് 10 പോയന്റായി. ജപ്പാനാണ് ഇന്ത്യയെ തളച്ചത്. പാക്കിസ്ഥാനുമായി കളി ബാക്കിയുണ്ട്. നാല് കളിയില്‍ മൂന്നാം ജയം നേടിയ മലേഷ്യയും (9) സെമി ഫൈനല്‍ ഉറപ്പിച്ചു. നാല് കളിയില്‍ അഞ്ച് വീതം പോയന്റുള്ള പാക്കിസ്ഥാനും തെക്കന്‍ കൊറിയയും അവശേഷിച്ച സെമി ബെര്‍ത്തുകള്‍ നേടിയേക്കും. ചൈനയെ 2-1 ന് മറികടന്ന് പാക്കിസ്ഥാന് ടൂര്‍ണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കി. മലേഷ്യ 3-1 ന് ജപ്പാനെ തോല്പിച്ചു.
കൊറിയക്കെതിരെ ആറാം മിനിറ്റില്‍ നീലകാന്ത് ശര്‍മയുടെ ഫീല്‍ഡ് ഗോളില്‍ ഇന്ത്യ ലീഡ് നേടി. ആറ് മിനിറ്റിനു ശേഷം ഫീല്‍ഡ് ഗോളിലൂടെ തന്നെ കിം സുംഗ് യുന്‍ തിരിച്ചടിച്ചു. ഇരുപത്തിമൂന്നാം മിനിറ്റില്‍ പെനാല്‍ട്ടി കോര്‍ണറിലൂടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യയുടെ ലീഡ് തിരിച്ചുപിടിച്ചു. മുപ്പത്തിമൂന്നാം മിനിറ്റില്‍ മന്ദീപ് സിംഗിന്റെ ഫീല്‍ഡ് ഗോള്‍ വിജയമുറപ്പിക്കുകയും ചെയ്തു. അവസാന വേളയില്‍ ഒരു ഗോള്‍ കൂടി കൊറിയ അടിച്ചെങ്കിലും ഇന്ത്യ ലീഡ് കാത്തു.






