പ്രഥമ ഖത്തർ ടോയ് ഫെസ്റ്റിവൽ സമാപിച്ചു

ദോഹ- ഫീൽ സമ്മർ ഇൻ ഖത്തർ' കാമ്പയ്നിന്റെ ഭാഗമായി സ്പേസ് ടൂണുമായി സഹകരിച്ച് ഖത്തർ ടൂറിസം സംഘടിപ്പിച്ച രാജ്യത്തെ ആദ്യത്തെ 'ഖത്തർ ടോയ് ഫെസ്റ്റിവൽ സമാപിച്ചു. വേനലവധിക്ക്  ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ട ബ്രാൻഡുകളെ കുടുംബങ്ങളിലേക്ക് എത്തിച്ച ടോയ് ഫെസ്റ്റിവലിൽ തുടക്കം മുതൽ വമ്പിച്ച ജനപങ്കാളിത്തമുണ്ടായി. 
ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ ജൂലൈ 13 മുതൽ ഓഗസ്റ്റ് 5 വരെ, 'ലൈവ് ദ ടെയിൽസ് ആന്റ് എൻജോയ് ദ ഗെയിംസ്' എന്ന പ്രമേയത്തിൽ നടന്ന ഫെസ്റ്റിവലിൽ 75000 പേരാണ് സന്ദർശിച്ചത്. 
ബാർബി, ബ്ലിപ്പി, ബ്ലൂയ് തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ 25-ലധികം കളിപ്പാട്ട ബ്രാൻഡുകൾ കാണാനും കൊകോമലോൺ, ഡിസ്നി, ഹാപ്പികാപ്പി, മാർവൽ, ഫോർട്ട്നൈറ്റ്, ട്രാൻസ്ഫോമറുകൾ എന്നിവയോടൊപ്പം കഴിയാനും സ്വദേശികളും വിദേശികളും  ആവേശത്തോടെയാണ് വേദിയിലേക്കൊഴുകിയത്. 
25 ദിവസത്തെ ഇവന്റിൽ, കുട്ടികൾക്കും കുടുംബങ്ങൾക്കും അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ചിലരെ കണ്ടുമുട്ടാനും ബാർബി ഡ്രീംഹൗസ്, ലൈഫ്-സൈസ് മോണോപൊളി ബോർഡ് തുടങ്ങിയ സംവേദനാത്മക വിഷയങ്ങളിൽ പങ്കെടുക്കാനുംഅവസരംലഭിച്ചു.      -അമാനുല്ല വടക്കാങ്ങര

Tags

Latest News