മാരത്തണ്‍ ഫൈനലില്‍ പ്രണോയ് പൊരുതിത്തോറ്റു

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണിലെ ആവേശകരമായ ഫൈനലില്‍ ഇന്ത്യന്‍ നമ്പര്‍ വണ്‍ എച്ച്.എസ് പ്രണോയ് പൊരുതിത്തോറ്റു. മലേഷ്യന്‍ ഓപണ്‍ ഫൈനലിലെ തോല്‍വിക്ക് പകരം ചോദിച്ച് ചൈനയുടെ വെംഗ് ഹോംഗ് യാംഗാണ് പ്രണോയിയെ മൂന്നു ഗെയിമില്‍ കീഴടക്കിയത് (9-21, 23-21, 20-22). ഒന്നര മണിക്കൂറോളം മത്സരം നീണ്ടു. പ്രണോയ് ലോക ഒമ്പതാം നമ്പറും വെംഗ് ലോക ഇരുപത്തിനാലാം റാങ്കുമാണ്. 
ആദ്യ ഗെയിമില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും പ്രണോയ് തിരിച്ചടിച്ചതായിരുന്നു. ഈ സീസണില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ട എട്ട് മത്സരങ്ങളും പ്രണോയ് ജയിച്ചിരുന്നു. ലോക രണ്ടാം നമ്പര്‍ ആന്റണി ഗിന്‍ഡിംഗിനെതിരായ ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലും അതില്‍പെടും. രണ്ടാം ഗെയിം പ്രണോയ് പിടിച്ചെടുക്കുകയും നിര്‍ണായക ഗെയിമില്‍ 19-14 ന് മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് ചൈനീസ് താരം അവിശ്വസനീയമായി തിരിച്ചടിച്ചു. ഒരു മാച്ച് പോയന്റ് പ്രണോയ് കളഞ്ഞുകുളിച്ചതോടെ വെംഗ് തിരിച്ചുവരവ് പൂര്‍ത്തിയാക്കി. 
 

Latest News