മെല്‍ബണ്‍ -തുടര്‍ച്ചയായ മൂന്നാം തവണയും ലോക ചാമ്പ്യന്മാരാവാമെന്ന അമേരിക്കയുടെ മോഹം തകര്‍ത്ത് സ്വീഡന്‍ വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഗോള്‍ പിറക്കാതിരുന്ന കളിയില്‍ 5-4 നാണ് ഷൂട്ടൗട്ടില്‍ സ്വീഡന്‍ വിജയം നേടിയത്. ഇതാദ്യമായാണ് ക്വാര്‍ട്ടറിലെത്താതെ അമേരിക്ക വനിതാ ലോകകപ്പില്‍ നിന്ന് മടങ്ങുന്നത്. സ്വീഡന്റെ ലീന ഹേര്‍ടിഗാണ് നിര്‍ണായക കിക്ക് ലക്ഷ്യത്തിലെത്തിച്ചത്. ഹേര്‍ടിഗിന്റെ പെനാല്‍ട്ടി ഗോള്‍വര കടക്കാതെ തടഞ്ഞുവെന്ന് അമേരിക്കന്‍ ഗോളി അലീസ നേഹര്‍ വാദിച്ചെങ്കിലും ഫലവത്തായില്ല. ഇതുവരെ അമേരിക്കയുടെ ഏറ്റവും മോശം പ്രകടനം മൂന്നാം സ്ഥാനമായിരുന്നു. നാലു തവണ ചാമ്പ്യന്മാര്‍ മൂന്നു തവണ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഈ ലോകകപ്പില്‍ എക്‌സ്ട്രാ ടൈമിലേക്ക് പോവുന്ന ആദ്യ മത്സരമായിരുന്നു ഇത്.
ലോകകപ്പില്‍ മുമ്പ് രണ്ടു തവണ പെനാല്‍ട്ടി നേരിട്ടപ്പോഴും അമേരിക്ക ജയിക്കുകയായിരുന്നു. 2016 ലെ ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലിലും അമേരിക്കയെ ഷൂട്ടൗട്ടില്‍ സ്വീഡന്‍ തോല്‍പിച്ചിട്ടുണ്ട്. 2011 ലെ ചാമ്പ്യന്മാരായ ജപ്പാനെയാണ് സ്വീഡന്‍ ക്വാര്‍ട്ടറില്‍ നേരിടുക.
ഗ്രൂപ്പ് ഘട്ടത്തില്‍ തപ്പിത്തടഞ്ഞ അമേരിക്ക പ്രി ക്വാര്‍ട്ടറില്‍ സ്വീഡനെതിരെ ഫോമിലെത്തിയതായിരുന്നു. സ്വീഡന്‍ ഗോളി സെസീറ മുസോവിച് നിശ്ചിത സമയത്ത് ആറ് ഷോട്ടുകള്‍ തടുത്തു. ഇറ്റലിക്കെതിരായ 5-0 ജയം ജയമുള്‍പ്പെടെ ഗ്രൂപ്പിലെ മൂന്നു കളികളും സ്വീഡന്‍ നേടിയിരുന്നു.






