ജയിൽവാസത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മകൾക്ക് വിട. പുതിയ ലാവണത്തിൽ മുഴുകി മനസ്സിനേറ്റ മുറിവുകൾ മറികടക്കാനുള്ള ശ്രമത്തിലാണ് ചാലക്കുടി സ്വദേശിയായ ഷീല സണ്ണി.
ഷീലയെ നിങ്ങളറിയും. വ്യാജ ലഹരിമരുന്നു കേസിൽ എഴുപത്തിരണ്ടു ദിവസം ജയിലിൽ കഴിയേണ്ടിവന്ന ഹതഭാഗ്യയാണവർ. ചെയ്യാത്ത കുറ്റത്തിന് ജയിൽവാസം അനുഭവിക്കേണ്ടിവന്നതിന് ഷീലയും കുടുംബവും അനുഭവിച്ച യാതനകൾ ഇന്നും ഒരു പേക്കിനാവായി അവരെ വേട്ടയാടുന്നുണ്ട്. എങ്കിലും വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാനല്ല അവരുടെ ശ്രമം. കഴിഞ്ഞ ദിവസം അവർ ബ്യൂട്ടി പാർലർ വീണ്ടും തുറന്നു. പഴയതിനു പകരം ചാലക്കുടി നോർത്ത് ജംഗ്ഷനിലെ അതേ കെട്ടിടത്തിൽ മറ്റൊരു മുറിയിലാണ് ഷീ സ്റ്റൈൽ എന്ന പാർലർ ഒരുക്കിയിരിക്കുന്നത്. കേസിന്റെ നാൾവഴികളിൽ പൊലീസ് ഉദ്യോഗസ്ഥർ തന്റെ പഴയ മുറിയിൽ കയറിയിറങ്ങുന്നത് പതിവായപ്പോൾ ഉടമസ്ഥനാണ് ആ മുറി ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെട്ടത്. നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കെട്ടിടമുടമ അതേ കെട്ടിടത്തിൽ തന്നെ മറ്റൊരു മുറി തരപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫാണ് കഴിഞ്ഞ ദിവസം ബ്യൂട്ടി പാർലറിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.
മലപ്പുറം ജില്ലയിലെ കല്പകഞ്ചേരിക്കടുത്ത ആനപ്പറമ്പിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള തണൽ എന്ന സംഘടനയാണ് ഷീലയ്ക്കായി പുതിയ ബ്യൂട്ടി പാർലർ സജ്ജീകരിച്ചുനൽകിയത്. മാധ്യമങ്ങളും സമൂഹവും കരുത്തുപകർന്ന് തനിക്കൊപ്പം നിന്നതുകൊണ്ടാണ് ജീവിതത്തിലേയ്ക്കു മടങ്ങിയെത്താൻ കഴിഞ്ഞതെന്ന് ഷീല പറയുന്നു.
തന്റെ ഒരു ബന്ധുതന്നെയാണ് തന്നെ ചതിച്ചതെന്ന് ഷീല പറയുന്നുണ്ടെങ്കിലും ആ ഗൂഢശക്തിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരേയും പേടിക്കേണ്ട ആവശ്യമില്ലെന്നും ഏതു പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
2023 ഫെബ്രുവരി 27. തന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ആ ദിനം ഷീല ഇന്നും മറന്നിട്ടില്ല. രാവിലെ തന്റെ ബ്യൂട്ടി പാർലറിലേയ്ക്കു പോയ ഷീല വൈകീട്ട് വീട്ടിൽ മടങ്ങിയെത്തിയില്ല. അന്വേഷിച്ചെത്തിയ ഭർത്താവിനും മക്കൾക്കും കേൾക്കാനായത് മയക്കുമരുന്നു കേസിൽ ഷീലയെ അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ്. ഷീലയാകട്ടെ ഒന്നു ഉറക്കെ കരയാൻ പോലുമാകാതെ, എന്താണ് സംഭവിച്ചതെന്നറിയാതെ മനസ്സ് മരവിച്ചുനിൽക്കുകയാണ്. ചാനലുകളുടെ ക്യാമറാ ഫ്ലാഷുകൾ തന്റെ മുഖത്ത് മാറിമാറി പതിഞ്ഞപ്പോഴും നിർവികാരയായി നിൽക്കാനേ ആ പാവം വീട്ടമ്മയ്ക്ക് കഴിഞ്ഞുള്ളു. എന്തോ കുറ്റം ചെയ്തു എന്നു തോന്നിപ്പിക്കാനാകണം പൊലീസ് ഉദ്യോഗസ്ഥർ തന്റെ തല താഴ്ത്തിപ്പിടിക്കാൻ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു. അവരുടെ ഉത്തരവ് ശിരസാ വഹിക്കാനേ അവർക്കപ്പോൾ തോന്നിയുള്ളു.
സിനിമയിൽ മാത്രം കണ്ടിരുന്ന പൊലീസ് സ്‌റ്റേഷനും കോടതിയും ജയിലുമെല്ലാം ഷീല നേരിട്ടു കാണുകയായിരുന്നു. ഒടുവിൽ താനും ഒരു തടവുപുള്ളിയാണെന്ന് അവർക്ക് തിരിച്ചറിയാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു. മയക്കുമരുന്ന് കൈവശം വച്ചു എന്ന കുറ്റത്തിന് ഒന്നും രണ്ടുമല്ല, നീണ്ട എഴുപത്തിരണ്ടു ദിവസമാണ് ഷീലയ്ക്ക് ജയിലിൽ കഴിയേണ്ടിവന്നത്. ഒടുവിൽ സത്യം തിരിച്ചറിഞ്ഞ് പുറത്തിറങ്ങിയതാകട്ടെ മേയ് പത്തിനും. മനസ്സിൽ ഒരു പേക്കിനാവായി മാറിയ ജയിലഴിക്കുള്ളിലെ ജീവിതം ഷീലയ്ക്ക് ഇപ്പോഴും മറക്കാനായിട്ടില്ല.
അന്നൊരു തിങ്കളാഴ്ചയായിരുന്നു. പാർലറിൽ വലിയ തിരക്കില്ലാത്ത ദിവസം. വൈകീട്ട് നാലര മണിയോടെയാണ് ചാലക്കുടി എക്‌സൈസ് സർക്കിൾ ഇൻപെക്ടറും സംഘവും ഷീ സ്‌റ്റൈലിൽ എത്തിയത്. എന്റെ കൈവശം മയക്കുമരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വന്നതെന്നും സ്‌കൂട്ടറും ബാഗും പരിശോധിക്കണമെന്നും പറഞ്ഞു. സംഭവം ശരിയല്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നതിനാൽ പരിശോധിക്കട്ടെ എന്നു ഞാനും കരുതി. എന്നാൽ ബാഗിന്റെ അറയ്ക്കുള്ളിൽ ബ്‌ളേഡ് ഉപയോഗിച്ച് കീറിയ തുളയ്ക്കുള്ളിൽ നിന്ന് ഇൻസ്‌പെക്ടർ ഒരു കവർ പുറത്തെടുത്തു. പൊതി തുറന്ന് സ്റ്റാമ്പ് കണ്ടിട്ടില്ലെങ്കിൽ കണ്ടോളൂ എന്ന് വനിതാ പൊലീസ് ഓഫീസറോട് പറയുന്നതുകേട്ട് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോവുകയായിരുന്നു. പിന്നീട് മകനെ വിളിച്ചുവരുത്തി സ്‌കൂട്ടറിനകത്തുനിന്നും വേറെയും സ്റ്റാമ്പുകൾ കണ്ടെടുത്തു. പ്രതിരോധിക്കാനോ ബഹളം വെക്കാനോ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. സത്യത്തിൽ ഞാനാകെ അന്തംവിട്ടു നിൽക്കുകയായിരുന്നു.
കഥ അവിടെയും അവസാനിച്ചില്ല. മഹസറിൽ എഴുതിച്ചേർത്ത നിറംപിടിപ്പിച്ച വാർത്തകൾ കേസിന് കൂടുതൽ ബലം നൽകുന്നതായിരുന്നു. സ്‌കൂട്ടറിൽനിന്നും ഇറങ്ങാൻ ശ്രമിച്ച ഞാൻ പൊലീസുകാരെ കണ്ടപ്പോൾ പരിഭ്രമിച്ച് സീറ്റിനടിയിലുണ്ടായിരുന്ന ബാഗ് തിരിച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നും എഴുതിവച്ചു. മാത്രമല്ല, പരിശോധനയിൽ പന്ത്രണ്ട് എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെത്തിയെന്നും ചേർത്തു. എന്നാൽ ഈ മഹസർ ഷീലയ്ക്ക് തുണയാവുകയായിരുന്നു. കാരണം സി.സി.ടി.വിയിലെ ദൃശ്യങ്ങൾ മഹസറിൽ പറഞ്ഞ കാര്യങ്ങളുമായി ചേർന്നുപോകുന്നതല്ലെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തുകയായിരുന്നു.
രാത്രി തന്നെ മജിസ്‌ട്രേട്ടിനു മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിയ്യൂരിലെ വനിതാ ജയിലിലേയ്ക്കായിരുന്നു ആദ്യം കൊണ്ടുപോയത്. മനസ്സാകെ മരവിച്ചിരിക്കുകയായിരുന്നു. അവിടെയെത്തിയപ്പോഴാകട്ടെ സഹതടവുകാരായുണ്ടായിരുന്നത് മയക്കുമരുന്ന് കേസിലുൾപ്പെട്ടവരും. ആദ്യദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥ. വെള്ളം മാത്രം കുടിച്ചാണ് ദിവസങ്ങൾ തള്ളിനീക്കിയത്. അവശത കൂടിയതോടെ സഹതടവുകാർ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നു.
ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുതുടങ്ങിയ നാളുകൾ. താൻ മരിച്ചുപോയാൽ സത്യം പറയാൻ ആരുണ്ടാകുമെന്ന ചിന്തയാണ് ജീവിക്കാൻ പ്രേരിപ്പിച്ചത്. ജയിലിൽ തന്നെ കാണാനെത്തിയിരുന്ന ഭർത്താവും മക്കളും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. അരുതാത്ത കാര്യങ്ങളൊന്നും ചിന്തിക്കരുത്. ഞങ്ങളെല്ലാം നിന്റെ കൂടെയുണ്ട് എന്ന ഭർത്താവ് സണ്ണിച്ചേട്ടന്റെ വാക്കുകൾ ഇപ്പോഴും കാതുകളിലുണ്ട്. ആ ധൈര്യമാണ് മുന്നോട്ടു നയിച്ചത്. ജയിലിലെത്തിയ നാളുകളിൽ സഹതടവുകാർ പലരും എന്നെ ഒരു കുറ്റവാളിയായാണ് കണ്ടിരുന്നതെങ്കിൽ സത്യം തിരിച്ചറിഞ്ഞപ്പോൾ അവരിൽ പലരും അനുതാപത്തോടെ പെരുമാറിത്തുടങ്ങി.
ജയിലിൽ തന്റെ നിരപരാധിത്വം അവർക്ക് മനസ്സിലായെങ്കിലും പുറത്തുള്ളവർ തന്നെ ഒരു കുറ്റവാളിയായാണ് കാണുന്നതെന്ന ചിന്തയാണ് ഷീലയെ തളർത്തിയത്. മാനസികാഘാതം ഷീലയെ ആകെ തളർത്തുകയായിരുന്നു. കണ്ടാൽ തിരിച്ചറിയാൻപോലുമാകാത്ത രീതിയിലെത്തിയിരുന്നു ആ മുഖവും ശരീരവും.
അമ്മയെ കാണാൻ പോകുന്നതുതന്നെ വേദനയുളവാക്കുന്നതെന്നായിരുന്നു മകൾ സബിതയും പറഞ്ഞത്. അഞ്ചുമാസം ഗർഭിണിയായിരുന്ന കാലത്താണ് അമ്മ ഈ നിലയിലെത്തിയത്. എനിക്കും അത് താങ്ങാവുന്നതിലപ്പുറമായിരുന്നു. അമ്മയ്ക്കും തന്റെ അപ്പോഴത്തെ അവസ്ഥയിൽ ഇത് താങ്ങാനാവില്ലെന്ന് അറിയാമായിരുന്നു. എങ്കിലും മകളുടെ പ്രസവത്തിന് മുൻപെങ്കിലും ജയിലിൽനിന്നും പുറത്തിറങ്ങാൻ കഴിയണമെന്ന പ്രാർത്ഥനായിരുന്നു ആ അമ്മയ്ക്കും മകൾക്കുമുണ്ടായിരുന്നത്. ഇന്നിപ്പോൾ നാല്പത്തിയൊൻപതു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് സബിത പറയുന്നു.
ജയിൽവാസത്തിനിടയിൽ രണ്ടു തവണ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ചാലക്കുടിയിലും തൃശൂരിലും കൊണ്ടുപോയി. തുടക്കകാലത്ത് അന്വേഷണ ഉദ്യോഗസ്ഥർ വളരെ പരുഷമായിട്ടായിരുന്നു സംസാരിച്ചിരുന്നത്. താൻ നിരപരാധിയാണെന്നും തനിക്കൊന്നുമറിയില്ലെന്നും പറയുമ്പോൾ ദൃശ്യം മോഡലാണല്ലേ എന്നു പറഞ്ഞു കളിയാക്കിയ പൊലീസുകാരുണ്ട്. ഒന്നുകിൽ നീ പഠിച്ച കള്ളിയാണെന്നും അല്ലെങ്കിൽ ശരിക്കും നിരപരാധിയാണെന്നും പറഞ്ഞവരുണ്ട്.
സത്യം പറഞ്ഞില്ലെങ്കിൽ ജയിലിൽതന്നെ കഴിയേണ്ടിവരുമെന്ന ഭീഷണിയായിരുന്നു പൊലീസുകാരുടെ ഭാഗത്തുനിന്നുമുണ്ടായത്. സാമ്പത്തിക പ്രയാസമാണ് മയക്കുമരുന്നു വിൽപനയിലേയ്ക്ക് നയിച്ചതെന്ന വാദമായിരുന്നു അവർ മുന്നോട്ടുവച്ചത്. എന്നാൽ സാമ്പത്തിക പ്രയാസമുള്ളർ മയക്കുമരുന്ന് വില്പന നടത്തിയാണോ ജീവിക്കുന്നതെന്ന മറുചോദ്യത്തിന് അവർക്ക് ഉത്തരമില്ലായിരുന്നു. ഏറെ ചോദ്യം ചെയ്തിട്ടും തന്റെ നിലപാടിൽ മാറ്റമില്ലെന്നു കണ്ടപ്പോൾ അവർക്കും മനസ്സിലായി താൻ നിരപരാധിയാണെന്ന്. അതോടെ അവരുടെ കർക്കശനിലപാടിൽ അയവു വരുത്തി തുടങ്ങി. നല്ല രീതിയിൽ പെരുമാറാൻ തുടങ്ങി.
ഒരിക്കൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകൾ ഷീലയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. വളരെ മോശമായ വാർത്തകളാണ് ചേച്ചിയെക്കുറിച്ച് കേൾക്കുന്നത്. എങ്കിലും ധൈര്യമായിരിക്കൂ. ഇതെല്ലാം മാറിമറിയുന്ന ഒരു ദിവസം വരും. അതുകൊണ്ടുതന്നെ യാതൊന്നിനെയും ഭയപ്പെടരുത്. ഈ പരാമർശം സത്യമാവുമെന്ന് എനിക്കറിയില്ലായിരുന്നു. ശരിക്കും ഒരു ദൈവവചനംപോലെയാണ് ഞാനദ്ദേഹത്തിന്റെ വാക്കുകൾ കേട്ടത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതുതന്നെ സംഭവിക്കുകയായിരുന്നു.
നീതിയുടെ വെളിച്ചം അകലെയായിരുന്നു. നല്ലൊരു വക്കീലിനെ കണ്ടെത്താൻ കഴിയാതിരുന്നതാണ് ജയിൽവാസം ഏറെ നീണ്ടുപോകാൻ കാരണമായത്. ആദ്യത്തെ വക്കീൽ തന്റെ ഭാഗത്തുനിൽക്കുന്നില്ലെന്നു കണ്ടപ്പോഴാണ് മറ്റൊരാളെ തേടിയത്. മരുമകന്റെ സുഹൃത്തു കൂടിയായ അഡ്വ. നിഫിന്റെ സാന്നിധ്യമാണ് പുറത്തിറങ്ങാൻ സഹായിച്ചത്. കോടതിയിൽ അദ്ദേഹം നടത്തിയ ശക്തമായ വാദങ്ങളാണ് പുറത്തേയ്ക്കുള്ള വഴിയൊരുക്കിയത്. മേയ് പത്താം തീയതി ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ജയിലിൽനിന്നും പുറത്തിറങ്ങിയെങ്കിലും വീട്ടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കേണ്ട അവസ്ഥ. ഉടമസ്ഥൻ പറഞ്ഞതനുസരിച്ച് പാർലർ ഒഴിഞ്ഞുകൊടുത്തിരുന്നു. മാത്രമല്ല, കേസിന്റെ ചെലവിലേയ്ക്കായി ചില ഉപകരണങ്ങൾ വിൽക്കേണ്ടിയും വന്നു. ഇനിയെന്ത് എന്ന ആവലാതിയോടെ കഴിയുമ്പോഴാണ് കൊച്ചി കാക്കനാട്ടെ റീജണൽ ലബോറട്ടറിയിൽനിന്നും പരിശോധനാഫലമെത്തുന്നത്. എൽ.എസ്.ഡിയെന്നു കരുതി പിടികൂടിയ സ്റ്റാമ്പുകളിൽ മയക്കുമരുന്നിന്റെ യാതൊരു സാന്നിധ്യവുമില്ലെന്നായിരുന്നു കണ്ടെത്തൽ.
അതോടെ സംഭവം മാറിമറിഞ്ഞു. ആശ്വാസവാക്കുകൾ കൊണ്ടും സഹായവാഗ്ദാനംകൊണ്ടും ഷീലയെ തേടിയെത്തിയ ഫോൺ കോളുകൾക്ക് കണക്കില്ല. വാർത്തകളിൽ വീണ്ടും നിറഞ്ഞുനിൽക്കുന്ന ഷീലയെയാണ് പിന്നീട് കണ്ടത്. എല്ലാവരോടും തലയുയർത്തിത്തന്നെ സംസാരിച്ചു. തന്റെ വകുപ്പിനു പറ്റിയ വീഴ്ചയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി തന്നെ നേരിട്ടു വിളിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഷീലയ്ക്കുവേണ്ടി സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഷീല നിരപരാധിയാണെന്ന റിപ്പോർട്ട് എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചതോടെ നാലുമാസം നീണ്ട ദുരിതജീവിതത്തിന് അറുതിയാവുകയായിരുന്നു.
മെച്ചപ്പെട്ട വരുമാനമുള്ള ജോലിക്കായി ഇറ്റലിയിലേയ്ക്കു പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് കേസും ജയിൽവാസവുമെല്ലാം ഉണ്ടായത്. ജീവിതവും സ്വപ്‌നങ്ങളുമാണവർ തകർത്തത്. ഇതുവരെ ആരോടും തെറ്റ് ചെയ്തിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള ശത്രുക്കളുള്ളതായി അറിവില്ല. എങ്കിലും സത്യം പുറത്തുവന്നില്ലേ. അതുതന്നെ ആശ്വാസം. കാലം എല്ലാ മുറിവുകളെയും മായ്ക്കുമെന്നാണല്ലോ പറയാറ്.
എന്തായാലും തനിക്കെതിരെ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികതന്നെ ചെയ്യും. എന്റെ ഫോണും സ്‌കൂട്ടറുമെല്ലാം പൊലീസ് സ്‌റ്റേഷനിൽ തന്നെയാണ്. ഇതുവരെ വിട്ടുകിട്ടിയിട്ടില്ല. കോടതി ഉത്തരവ് വന്നാൽ തിരിച്ചുകിട്ടുമായിരിക്കും.
പുതിയ ജീവിതവഴിയിലാണ് ഈ വീട്ടമ്മയിപ്പോൾ. ഒന്നും ചെയ്യാനില്ലാതെ ജയിൽവാസത്തിന്റെ ഓർമ്മകളുമായി വീടിനകത്ത് ജീവിതം തള്ളിനീക്കിയ ദിനങ്ങൾ. ഒടുവിൽ തണൽ സംഘടനയിലുള്ളവരും ബ്യൂട്ടീഷ്യൻ സംഘടനയിലെ സുഹൃത്തുക്കളുമാണ് വീണ്ടും ബ്യൂട്ടി പാർലർ തുടങ്ങാനുള്ള പ്രചോദനം നൽകിയത്. ദൈവം എന്നെ വീണ്ടും അനുഗ്രഹിച്ചിരിക്കുകയാണ്. എങ്കിലും യഥാർഥ കുറ്റവാളി ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. ആ കുറ്റവാളിക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് - എത്രയും പെട്ടെന്ന് അതിനും പരിഹാരമാകുമെന്നാണ് വിശ്വാസം.






