Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എന്റെ ഭാഷ, എന്റെ ആകാശം

മലയാളം പള്ളിക്കൂടം എഴുത്തിനിരുത്ത് ചടങ്ങിൽ പെരുമ്പടവം, അടൂർ, വി. മധുസൂദനൻ നായർ, പ്രഭാവർമ, റോസ് മേരി എന്നിവർ കുട്ടികളോടൊപ്പം (ഫയൽ )

2014 ചിങ്ങം ഒന്നിനാണ് മലയാളം പള്ളിക്കൂടത്തിന്റെ ആദ്യമണി തലസ്ഥാനത്ത് മുഴങ്ങിയത്.  മലയാളം പള്ളിക്കൂടം പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഈ അവസരത്തിൽ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ അഭിമാനിക്കാൻ വകയുണ്ട്.
ഭാഷാപഠനത്തിനൊപ്പം കലയുംസംഗീതവും പ്രകൃതിസംരക്ഷണവുമെല്ലാം മലയാളം പള്ളിക്കൂടത്തിന്റെ ഭാഗമാണ്. മലയാളം അറിയാത്തകുട്ടികളെ അക്ഷരം പഠിപ്പിക്കുകയെന്നതിലുപരി അവരെ മലയാളിയാക്കുകയെന്ന ഭാരമേറിയ ഉത്തരവാദിത്തമാണ് മലയാളം പള്ളിക്കൂടം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ വിദ്യാലയങ്ങൾ മറന്നുപോയകാര്യമാണിവർ ചെയ്യുന്നത്.
ഒ.എൻ.വി.,സുഗതകുമാരി, ഡോ. ഡി.ബാബു പോൾ, വിഷ്ണു നാരായണൻ നമ്പൂതിരി, അടൂർ ഗോപാലകൃഷ്ണൻ, കാനായി കുഞ്ഞിരാമൻ, പെരുമ്പടവം ശ്രീധരൻ, പ്രഭാവർമ്മ, ആർട്ടിസ്റ്റ് ഭട്ടതിരി, ഡോ.അച്യുത് ശങ്കർ തുടങ്ങിയവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ടാണ് മലയാളം പള്ളിക്കൂടത്തിന്റെ സിലബസ് രൂപപ്പെടുത്തിയത്. ഈ കർക്കിടകമാസത്തിൽ കർക്കിടക കഞ്ഞി കുട്ടികൾക്ക് നൽകാനുള്ള തയ്യാറെടുപ്പിലാണ് പള്ളിക്കൂടത്തിന്റെ അണിയറപ്രവർത്തകർ. ഓണവും വിഷുവും ക്രിസ്മസും റമദാനുമെല്ലാം കുട്ടികൾ ഒരുപോലെ പള്ളിക്കൂടത്തിൽ ആഘോഷിക്കുന്നു. മാനുഷ്യമൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു.
നൂറ് മലയാളിക്ക് നൂറ് മലയാളം എന്ന്  പറയാറുണ്ട്. എന്നാൽ ഇംഗ്ലീഷ്ഭാഷയോടുള്ള അമിത വിധേയത്വം മൂലം മലയാളിക്ക് മലയാളമേയില്ലെന്ന ഗതിവരുമോയെന്ന ഭയമാണ് മലയാളം പള്ളിക്കൂടത്തിന്റെ പിറവിയിലേക്ക് നയിച്ചത്. നമ്മുടെ വിദ്യാലയങ്ങൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് ഏതാണ്ട് പൂർണ്ണമായിതന്നെ മാറി. ഒന്നാം ഭാഷയാകേണ്ട മലയാളം പിൻനിരയിലേക്ക്തള്ളപ്പെട്ടു. കേന്ദ്രവിദ്യാലയം മലയാളം പഠിപ്പിക്കാത്ത നിലവന്നു. മലയാളി കുട്ടികൾക്ക് ബസ്സിന്റെ ബോർഡ് പോലും വായിക്കാൻ മറ്റുള്ളവരുടെ സഹായം തേടേണ്ടയവസ്ഥ. ഈ അവസരത്തിലാണ് തിരുവനന്തപുരത്തെ ചില ഭാഷാസ്‌നേഹികൾ ചേർന്ന് മലയാളം പള്ളിക്കൂടം സ്ഥാപിക്കുന്നത്. കവി മധുസൂദനൻനായരാണ് മലയാളം പള്ളിക്കൂടത്തിന്റെ അധ്യക്ഷൻ.   പള്ളിക്കൂടത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കുന്നത് എഴുത്തുകാരും മാധ്യമപ്രവർത്തകരുമായ ഗോപിനാരായണനും ഭാര്യ ജസി നാരായണനുമാണ്.
പാളയം ഓർത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററിൽ വച്ച് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനാണ് പള്ളിക്കൂടത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.  'സെന്റർ ഫോർ കൾച്ചറൽ സ്റ്റഡീസി' ന്റെ ആഭിമുഖ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്.    ഡിസംബറിലാണ് അഞ്ചംഗങ്ങളെ ഉൾപ്പെടുത്തി 'മലയാളം പള്ളിക്കൂടം ചാരിറ്റബിൾ ട്രസ്റ്റ്' എന്ന പേരിൽ സ്ഥാപനം രജിസ്റ്റർ ചെയ്തത്. മൂന്നംഗ ഭരണസമിതി നിലവിൽ വന്നു. പ്രൊഫ.വി.മധുസൂദനൻ നായർ അധ്യക്ഷനും ജെസിനാരായണൻ സെക്രട്ടറിയും ഗോപിനാരായണൻ ട്രഷററുമായി ചുമതലയേറ്റെടുത്തു. അടൂർ ഗോപാലകൃഷ്ണൻ തന്റെ സിനിമയിൽ ഉപയോഗിച്ചശേഷം ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്ന അമ്പതോളം കല്ലുസ്ലേറ്റുകൾ പള്ളിക്കൂടത്തിനു സംഭാവന നൽകിയതായിരുന്നു ആകെയുണ്ടായിരുന്ന ആസ്തി. 
കുട്ടികളെ പഴയ ആശാൻപള്ളിക്കൂടത്തിലേതുപോലെ മണ്ണിലെഴുതിച്ച് അക്ഷരം പഠിപ്പിക്കുന്ന രീതിയാണ് മലയാളം പള്ളിക്കൂടം ഇപ്പോഴും തുടരുന്നത്. ഞയറാഴ്ചകളിലാണ് പള്ളിക്കൂടത്തിന്റെ പ്രവർത്തനം. പരിണതപ്രജ്ഞനായ അദ്ധ്യാപകൻ വട്ടപ്പറമ്പിൽ പീതാംബരൻസാറാണ് പള്ളിക്കൂടത്തെ സജീവമായി നിലനിർത്തുന്നത്. പള്ളിക്കൂടത്തിൽ ഓരോ ഞയറാഴ്ചകളിലും വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുള്ള വ്യക്തികൾ അതിഥികളായി എത്താറുണ്ട്.
കേരളത്തിന്റെ ഭാഷാപ്രതിജ്ഞ ഇങ്ങനെയൊരിക്കൽ മലയാളം പള്ളിക്കൂടത്തിന്റെ ബ്ലാക്ക്‌ബോർഡിൽ എം.ടി.വാസുദേവൻനായർ കുറിച്ചിട്ട വാചകങ്ങളിൽനിന്നുണ്ടായതാണ്.അങ്ങനെ മലയാളം പള്ളിക്കൂടം ചരിത്രത്തിന്റെഭാഗമായിത്തീർന്നു.
വളരെ ആകസ്മികമായി സംഭവിച്ചതാണത്. അന്ന് വഴുതക്കാട് ശിശുവിഹാർ സ്‌കൂളിൽ 2015ലെ അവധിക്കാല ക്യാമ്പ് നടക്കുന്ന സമയം. ഒരു സ്വകാര്യച്ചടങ്ങിൽ പങ്കെടുക്കാനായി എം.ടി. തിരുവനന്തപുരത്തെത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് അദ്ദേഹത്തെ പള്ളിക്കൂടത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എം.ടി.യുടെ കൈയ്യിലേക്ക് ഒരു ചോക്ക് നൽകിയിട്ട് കുട്ടികൾക്കായി എന്തെങ്കിലും ഒരു സന്ദേശമെഴുതാമോ എന്നാവശ്യപ്പെട്ടപ്പോൾ ''എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്.....''-എന്നിങ്ങനെ വാക്കുകൾ അദ്ദേഹം എഴുതി. എം.ടി.എഴുതിയ ഭാഷാപ്രതിജ്ഞ  2018 ഫെബ്രുവരി 16 ന്  സർക്കാർ അംഗീകരിച്ച് ഉത്തരവായി.
തൈക്കാട് ഗവ.മോഡൽ എൽ.പി.സ്‌കൂളിലാണ് ഇപ്പോൾ മലയാളം പള്ളിക്കൂടം പ്രവർത്തിക്കുന്നത്. മലയാളം പള്ളിക്കൂടത്തിന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കി സർക്കാർസ്‌കൂൾ അനുവദിച്ചുനൽകിയതിൽ അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിന് വലിയപങ്കുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ രണ്ട് സാംസ്‌കാരികയാത്രകളും മലയാളം പള്ളിക്കൂടം സംഘടിപ്പിച്ചിട്ടുണ്ട്.  തസ്രാക്ക് യാത്രയും തുഞ്ചൻപറമ്പ് യാത്രയും.

Latest News