ഡാനിഷ് വണ്ടര്‍ സ്‌ട്രൈക്കര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ 

ലണ്ടന്‍ - ഇറ്റലിയില്‍ അറ്റ്‌ലാന്റക്കു കളിക്കുകയായിരുന്ന ഡെന്മാര്‍ക്കിന്റെ ഇരുപതുകാരന്‍ സ്‌ട്രൈക്കര്‍ റാസ്മുസ് ഹോയ്‌ലന്റ് പ്രിയ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ചേര്‍ന്നു. പ്രീമിയര്‍ ലീഗ് തുടങ്ങാനിരിക്കെ മികച്ച സ്‌ട്രൈക്കറെ തേടുകയായിരുന്നു യുനൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. ഹാരി കെയ്‌നിനെ റാഞ്ചാനുള്ള യുനൈറ്റഡിന്റെ ശ്രമം വിജയിച്ചിരുന്നില്ല. പി.എസ്.ജിയും ഹോയ്‌ലന്റിനായി വലയെറിഞ്ഞിരുന്നു. 
2020 ല്‍ ഡാനിഷ് ക്ലബ്ബ് എഫ്.സി കോപന്‍ഹാഗനില്‍ കരിയര്‍ ആരംഭിച്ച ഹോയ്‌ലന്റിന്റെ വളര്‍ച്ച പൊടുന്നനെയായിരുന്നു. ഓസ്ട്രിയന്‍ ക്ലബ്ബ് സ്‌റ്റേം ഗ്രസിലേക്കും അവിടെ നിന്ന് അറ്റ്‌ലാന്റയിലേക്കുമെത്തി. ആറടി രണ്ടിഞ്ച് ഉയരമുള്ള ഹോയ്‌ലന്റ് ഡെന്മാര്‍ക്കിനു വേണ്ടി ആറു കളികളില്‍ ആറ് ഗോളടിച്ചു. 
അതികായനാണെങ്കിലും അപാര വേഗമുള്ള സ്‌ട്രൈക്കറാണ് ഹോയ്‌ലന്റ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാലന്റിനെ വെല്ലാന്‍ ഹോയ്‌ലന്റിന് സാധിക്കുമെന്നാണ് യുനൈറ്റഡ് കരുതുന്നത്.
 

Latest News