ബോണ്‍മതി, മിയാസാവ താരങ്ങള്‍; സ്‌പെയിന്‍, ജപ്പാന്‍ ക്വാര്‍ട്ടറില്‍

വെല്ലിംഗ്ടണ്‍ - മിന്നുന്ന ജയത്തോടെ സ്‌പെയിനും അപ്രതീക്ഷിത മുന്നേറ്റത്തില്‍ ജപ്പാനും വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇരട്ട ഗോള്‍ സ്‌കോര്‍ ചെയ്യകുയും മറ്റു രണ്ടെണ്ണത്തിന് അവസരമൊരുക്കുകയും ചെയ്ത അയ്റ്റാന ബോണ്‍മതി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ സ്വിറ്റ്‌സര്‍ലന്റിനെ 5-1 ന് തകര്‍ത്താണ് സ്‌പെയിന്‍ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. 2011 ലെ ചാമ്പ്യന്മാരായ ജപ്പാന്‍ അപ്രതീക്ഷിത കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളിയും ജയിച്ച അവര്‍ 3-1 ന് നോര്‍വെയെ തോല്‍പിച്ചു.  
അമേരിക്ക-സ്വീഡന്‍ പ്രി ക്വാര്‍ട്ടറിലെ വിജയികളുമായാണ് ജപ്പാന്‍ ക്വാര്‍ട്ടര്‍ കളിക്കുക. സ്‌പെയിനിനെ 4-0 ന് തകര്‍ത്ത ജപ്പാനെ ഈ ഫോമില്‍ തടയാന്‍ അധികമാര്‍ക്കും കഴിയില്ല. 14 ഗോളടിച്ച അവര്‍ ആദ്യ ഗോള്‍ വഴങ്ങിയത് പ്രി ക്വാര്‍ട്ടറിലാണ്. ഹിനാത മിയാസാവ ഈ ലോകകപ്പിന്റെ താരമായി മാറുകയാണ്. വെല്ലിംഗ്ടണില്‍ 33,000 കാണികള്‍ക്കു മുന്നില്‍ ജപ്പാന്റെ മൂന്നാം ഗോളടിച്ചത് മിയാസാവയായിരുന്നു. ഇപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററാണ്. ഇടവേളയില്‍ സ്‌കോര്‍ 1-1 ആയിരുന്നു. എന്നാല്‍ രണ്ടാം പകുതി ജപ്പാന്‍ അടക്കിഭരിച്ചു. റിസ ഷിമിസുവും മിയാസാവയും സ്‌കോര്‍ ചെയ്തു. അന്തിമ നിമിഷങ്ങളില്‍ നോര്‍വെ ഇരമ്പിക്കയറിയെങ്കിലും ഗോള്‍കീപ്പര്‍ അയാക യാമാഷിതയെ കീഴടക്കാനായില്ല. ഇഞ്ചുറി ടൈമിലെ യാമാഷിതയുടെ മിന്നല്‍ സെയ്‌വ് ശ്വാസമടക്കിയാണ് ഗാലറി കണ്ടത്. 
സ്‌പെയിന്‍-സ്വിസ് മത്സരം ന്യൂസിലാന്റ് റെക്കോര്‍ഡായ 43,217 പേരാണ് വീക്ഷിച്ചത്. ബാലന്‍ഡോര്‍ അലക്‌സിയ പുടേലാസ് ഉള്‍പ്പെടെ അഞ്ചു പേരെ പുറത്തിരുത്തിയാണ് സ്‌പെയിന്‍ തുടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും വഴാതിരുന്ന സ്വിറ്റ്‌സര്‍ലന്റിന് ആ പടയോട്ടത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 
കഴിഞ്ഞ രണ്ടു തവണ ചാമ്പ്യന്മാരായ അമേരിക്ക ഞായറാഴ്ച പ്രി ക്വാര്‍ട്ടറില്‍ സ്വീഡനുമായി ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഉയര്‍ന്ന റാങ്കുകാരാണ് അമേരിക്കയും സ്വീഡനും. ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. 

 

Latest News