ബെര്‍ലിന്‍ - ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. അതിഥി ഗോപിചന്ദ് സ്വാമി വനിതകളുടെ വ്യക്തിഗത കോമ്പൗണ്ട് ഫൈനലില്‍ മെക്സിക്കോയുടെ ആന്ദ്രെ ബെകേരയെ 149-147 ന് തോല്പിച്ചു. യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്തായിരുന്നു പതിനേഴുകാരി. ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയപീഠം കയറുന്ന പ്രായം കുറഞ്ഞ താരമായി അതിഥി. അണ്ടര്‍-18 ലോക ചാമ്പ്യനും ലോക റെക്കോര്‍ഡ് ജേത്രിയുമാണ്. സെമി ഫൈനലില്‍ രണ്ടാം സീഡ് കൂടിയായ ഇന്ത്യയുടെ ജ്യോതി സുരേഖയെയാണ് അതിഥി 149-145 ന് തോല്പിച്ചത്. തുര്‍ക്കിയുടെ ഇപേക് തംറൂഖിനെ തോല്പിച്ച് ജ്യോതി വെങ്കലം കരസ്ഥമാക്കി. മൂന്നാമത്തെ ഇന്ത്യന്‍ താരം പ്രണീത് കൗര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.
ജ്യോതിയും പ്രണീതും അതിഥിയുമുള്പ്പെട്ട ടീം കഴിഞ്ഞ ദിവസം ടീം ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു അത്. രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൊത്തം സമ്പാദ്യം.
റീകേര്വില് ഒരു ഇന്ത്യന്‍ താരവും മെഡല്‍ റൗണ്ടിലെത്തിയിട്ടില്ല. ചാമ്പ്യന്‍ഷിപ്പില്‍ ലഭ്യമായിരുന്ന ഒളിംപിക് ക്വാട്ട സ്ഥാനങ്ങളൊന്നും ഇന്ത്യക്ക് ലഭിച്ചുമില്ല. ഒളിംപിക്സ് ആര്‍ച്ചറിയില്‍ റീകേര്വ് മത്സരങ്ങളേയുള്ളൂ.






