പിരിമുറുക്കം പാക് ടീമിനെ തളര്‍ത്തുമോ? പരിഹാരവുമായി പി.സി.ബി

ലാഹോര്‍ - ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ മാനസിക പിരിമുറുക്കം നേരിടാന്‍ പാക്കിസ്ഥാന്‍ ടീമിന് മനഃശാസ്ത്രജ്ഞന്റെ സേവനം. ഇപ്പോഴത്തെ പാക്കിസ്ഥാന്‍ മഹാഭൂരിഭാഗത്തിനും ഇന്ത്യയില്‍ കളിച്ച് പരിചയമില്ല. ഇന്ത്യയില്‍ ലോകകപ്പ് നടക്കുന്നതിനാല്‍ മാധ്യമങ്ങളുടെ പൊലിപ്പിക്കലുകളും ആരാധകരുടെ പ്രതീക്ഷയും പതിവിലും കൂടുതലാണ്. ഇത് കളിക്കാരുടെ പിരിമുറുക്കം വര്‍ധിപ്പിക്കുമെന്നാണ് ആശങ്ക. ഇന്ത്യയിലേക്ക് ടീം പുറപ്പെടും മുമ്പ് തന്നെ മനഃശാസ്ത്രജ്ഞനുമായി പാക്കിസ്ഥാന്‍ കളിക്കാര്‍ ഏതാനും സെഷനുകള്‍ ചെലവിടും. 
2012 ല്‍ ഇന്ത്യന്‍ പര്യടനം നടത്തിയ പാക്കിസ്ഥാന്‍ ടീമിനൊപ്പം സൈക്കോളജിസ്റ്റ് മഖ്ബൂല്‍ ബാരി എത്തിയിരുന്നു. ആ പര്യടനത്തില്‍ ട്വന്റി20 പരമ്പര 1-1 സമനില ആവുകയും ഏകദിന പരമ്പര പാക്കിസ്ഥാന്‍ 2-1 ന് ജയിക്കുകയും ചെയ്തിരുന്നു. 2010 ല്‍ ഒത്തുകളിയുടെ പേരില്‍ ഇംഗ്ലണ്ടില്‍ ജയിലിലായ മുഹമ്മദ് ആമിര്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയപ്പോള്‍ ബൗളറുമായി ബാരി കൗണ്‍സലിംഗ് സെഷനുകള്‍ നടത്തിയിരുന്നു. 
ലോകകപ്പില്‍ കളിക്കാന്‍ അനുവാദം തേടി പാക് ക്രിക്കറ്റ് ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. അനുമതി നല്‍കുമെന്നാണ് സൂചനയെന്ന് പി.സി.ബി അറിയിച്ചു. സുരക്ഷാ സൗകര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് അയക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ കളിക്കാരുടെ പ്രതിഫലം ഗണ്യമായി വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. 


 

Latest News