യൂറോപ്പില്‍ കളിക്കളങ്ങളുണരുന്നു, കമ്യൂണിറ്റി ഷീല്‍ഡില്‍ സിറ്റി x ആഴ്‌സനല്‍

ലണ്ടന്‍ - ഞായറാഴ്ച കമ്യൂണിറ്റി ഷീല്‍ഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും ഏറ്റുമുട്ടുന്നതോടെ യൂറോപ്പിലെ ഫുട്‌ബോള്‍ കളിക്കളങ്ങളുണരുന്നു. ഇംഗ്ലിഷ് സീസണിന്റെ തുടക്കമായ കമ്യൂണിറ്റി ഷീല്‍ഡില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരും എഫ്.എ കപ്പ് ജേതാക്കളുമാണ് ഏറ്റുമുട്ടുന്നത്. എന്നാല്‍ രണ്ടിലും നിലവില്‍ സിറ്റിയാണ് ചാമ്പ്യന്മാര്‍. അതിനാല്‍ സിറ്റിയും പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ആഴ്‌സനലുമാണ് മാറ്റുരക്കുന്നത്. 
കഴിഞ്ഞ സീസണിലെ ഹാട്രിക് നേട്ടം നിലനിര്‍ത്താന്‍ ഏറെ മാറ്റങ്ങളുമായാണ് സിറ്റി ഒരുങ്ങുന്നത്. ക്യാപ്റ്റന്‍ ഇല്‍കേ ഗുണ്ടോഗനും റിയാദ് മഹ്‌റേസും ടീം വിട്ടു. കഴിഞ്ഞ സീസണില്‍ വേദനാജനകമായ അവസാന മത്സരങ്ങളില്‍ പ്രീമിയര്‍ ലീഗ് കിരീടം കൈവിട്ട ആഴ്‌സനല്‍ മറ്റൊരു കുതിപ്പിനാണ് ഒരുങ്ങുന്നത്. ഏപ്രില്‍ വരെ അഞ്ച് പോയന്റിന് മുന്നിലായിരുന്ന ആഴ്‌സനല്‍ ഒടുവില്‍ അഞ്ച് പോയന്റ് വ്യത്യാസത്തിലാണ് സിറ്റിക്ക് പിന്നിലായത്. പ്രീമിയര്‍ ലീഗ് 11 ന് തുടങ്ങും. 
ഗുണ്ടോഗന്‍ ബാഴ്‌സലോണയിലേക്കും മഹ്‌റേസ് ജിദ്ദ അല്‍അഹ്‌ലിയിലേക്കുമാണ് പോയത്. കയ്ല്‍ വാക്കര്‍, ബെര്‍ണാഡൊ സില്‍വ, അയ്മറിക് ലപോര്‍ടെ എന്നിവരും പുറത്തേക്കുള്ള വഴിയിലാണ്. ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മാറ്റിയൊ കൊവാസിച്ചും പോര്‍ചുഗീസ് താരം ജോ കാന്‍സേലോയും ക്രൊയേഷ്യന്‍ വിംഗ് ബാക്ക് ജോസ്‌കൊ ഗ്വാര്‍ദിയോളുമാണ് പുതുതായെത്തിയത്. 
 

Latest News