ബെര്‍ലിന്‍ - ടോപ് റാങ്കുകളായ മെക്സിക്കോയെ തോല്പിച്ച് ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പിന്റെ കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടി. വി. ജ്യോതി സുരേഖ, അതിഥി സ്വാമി, പ്രണീത് കൗര്‍ ടീമിന്റെ സ്വര്‍ണം അമ്പെയ്ത്ത് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തേതാണ്. ഡഫ്നി ക്വിന്റരൊ, അന സോഫിയ ഹെര്‍ണാണ്ടസ്, ആന്ദ്രെ ബകേര എന്നിവരടങ്ങിയ മെക്സിക്കോയെ 235-229 നാണ് തോല്പിച്ചത്. രണ്ടു തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇറ്റാലിയന്‍ കോച്ച് സെര്‍ജിയൊ പാഗ്നിക്കു കീഴില്‍ ഒരുങ്ങിയ ഇന്ത്യന്‍ ടീം ഫൈനലില്‍ ഏകപക്ഷീയ വിജയമാണ് നേടിയത്.
2021 ല്‍ യാങ്ക്തോനില് നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ജ്യോതി മൂന്ന് വെള്ളി നേടിയിരുന്നു. 2019 ല്‍ രണ്ട് വെങ്കലവും 2017 ല്‍ ഒരു വെള്ളിയും കരസ്ഥമാക്കി. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ഇന്ത്യന്‍ ടീം തുര്‍ക്കിയെയും ചൈനീസ് തായ്പെയിയെയും കൊളംബിയയെയുമാണ് മുന്‍ റൗണ്ടുകളില്‍ തോല്പിച്ചത്. അണ്ടര്‍-21, അണ്ടര്‍-18 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യ സ്വര്‍ണം നേടിയിട്ടുണ്ടെങ്കിലും സീനിയര്‍ തലത്തില്‍ ചാമ്പ്യന്മാരാവുന്നത് ആദ്യമാണ്.






