മുംബൈ - പതിനേഴുകാരനായ ദൊമ്മരാജു ഗൂകേഷ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ചെസ് ഗ്രാന്റ്മാസ്റ്ററായി. അസര്‍ബയ്ജാനിലെ ബാകുവില്‍ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് ഗൂകേഷ് ഈ നേട്ടം കൈവരിച്ചത്. വിശ്വനാഥന്‍ ആനന്ദിനെയാണ് ഗൂകേഷ് മറികടന്നത്. 2016 ലെ ലോകകപ്പില്‍ പെന്‍ഡാല ഹരികൃഷ്ണ തന്നെ റാങ്കിംഗില്‍ മറികടക്കുമ്പോള്‍ ഒരു കളിക്കാരനായി ആനന്ദും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. വൈകാതെ ആനന്ദ് റാങ്കിംഗ് വീണ്ടെടുത്തു. ഇത്തവണ ഗൂകേഷ് തന്നെ മറികടക്കുമ്പോള്‍ കമന്റേറ്ററായി ആനന്ദ് ബാകുവിലുണ്ട്. ആനന്ദ് അപൂര്‍വമായേ ഇപ്പോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുള്ളൂ എന്നതിനാല്‍ ഗൂകേഷ് ഒന്നാം സ്ഥാനത്ത് തുടരാന്‍ സാധ്യതയേറെയാണ്. അടുത്ത ഉയര്‍ന്ന റാങ്കുകാര്‍ വിദിത് ഗുജറാത്തി, ഹരികൃഷ്ണ, ആര്‍. പ്രജ്ഞാനന്ദ എന്നിവരാണ്.
ഗൂകേഷിന്റെ നേട്ടം അഭിമാനകരമാണെന്ന് ആനന്ദ് വിശേഷിപ്പിച്ചു. ഒരു ഗ്രാന്റ്മാസ്റ്ററും ഒരു ലോക ചാമ്പ്യനും മാത്രമാണ് ഒരുകാലത്ത് ഇന്ത്യയിലുണ്ടായിരുന്നത്. ഇന്ന് ആദ്യ പത്തിലുള്ള രണ്ട് കളിക്കാരുണ്ട്. ഇന്ത്യയുടെ ചെസ് തലമുറക്ക് അഭിവാദ്യങ്ങള്‍ -ആനന്ദ് പറഞ്ഞു. ഫിഡെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഗൂകേഷിനെ അഭിനന്ദിച്ചു. ഗ്രാന്റ്മാസ്റ്റര്‍ വിഷ്ണു പ്രസന്നയാണ് ഗൂകേഷിന്റെ കോച്ച്.






