ഡ്യൂറന്റ് കപ്പ്: കിരീടം  തിരിച്ചുപിടിക്കാന്‍ ഗോകുലം 

ഗുവാഹതി- ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ 2019 ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്.സി കിരീടം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് ശനിയാഴ്ച കൊല്‍ക്കത്തയിലേക്ക് തിരിക്കും. സ്പാനിഷ് ഹെഡ് കോച്ച് ഡൊമിംഗോ ഒറാമാസിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ചയായി കോഴിക്കോട്ടെ ഹോം ഗ്രൗണ്ടില്‍ കഠിന പരിശീലനത്തിലായിരുന്നു ടീം. 
ശ്രീക്കുട്ടന്‍ വി.എസ്, സൗരവ്, ഷിജിന്‍ എന്നീ പ്രാദേശിക താരങ്ങളെ നിലനിര്‍ത്തിയ ഗോകുലം കഴിഞ്ഞ സീസണില്‍ കേരള യുണൈറ്റഡില്‍ തിളങ്ങിയ നിധിന്‍ കൃഷ്ണയെ സ്വന്തമാക്കിയിട്ടുണ്ട്. ഡിഫന്‍ഡര്‍ സൗരഭ് മെഹറും മിഡ്ഫീല്‍ഡര്‍ ഷില്‍ട്ടണ്‍ ഡിസില്‍വയും ടീമിന്റെ പ്രതിരോധത്തിനും മധ്യനിരക്കും ചുക്കാന്‍് പിടിക്കും. കാമറൂണ്‍കാരനായ ഡിഫന്‍ഡര്‍ അമീനു ബൗബ, സ്പാനിഷ് ഫോര്‍വേഡുകളായ നിലി പെര്‍ഡോര്‍മോ, അലജാന്‍ഡ്രോ ലോപ്പസ് എന്നിവരാണ് ഈ സീസണില്‍ ടീമിലെത്തിയ വിദേശ കളിക്കാര്‍. 
ഐ.എസ്.എല്‍ ക്ലബ്ബുകളായ ബംഗളൂരു എഫ്.സി, കേരള ബ്ലാസ്‌റ്റേഴ്‌സ്, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സി-യിലാണ് ഗോകുലം. 
 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഷില്ലോംഗ് ലജോംഗിനെ നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്തു. പാര്‍ഥിബ് ഗൊഗോയി ഹാട്രിക് നേടി. 
ഗുവാഹതി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുപത്തഞ്ചാം മിനിറ്റില്‍ പാര്‍ഥിബ് ഗൊഗോയിയിലൂടെയാണ് നോര്‍ത്ഈസ്റ്റ് അക്കൗണ്ട് തുറന്നത്. പത്തു മിനിറ്റിനു ശേഷം പെനാല്‍ട്ടിയിലൂടെ റൊമയ്ന്‍ ഫിലിപ്പോറ്റിയു സ്‌കോറുയര്‍ത്തി. രണ്ടാം പകുതിയില്‍ ലജോംഗ് തിരിച്ചടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അറുപത്തഞ്ചാം മിനിറ്റില്‍ പാര്‍ഥിബ് വീണ്ടും ഗോളടിച്ചതോടെ ലജോംഗിന്റെ ആക്രമണം ക്ഷയിച്ചു. എഴുപത്തഞ്ചാം മിനിറ്റില്‍ പാര്‍ഥിബ് ഹാട്രിക് പൂര്‍ത്തിയാക്കി. 2023-24 ഇന്ത്യന്‍ ഫുട്‌ബോള്‍ സീസണിലെ ആദ്യ ഹാട്രിക്കാണ് ഇത്. 


 

Latest News