മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങളായ പി.വി സിന്ധുവും കിഡംബി ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ശ്രീകാന്തിനെ ഇന്ത്യയുടെ തന്നെ യുവ താരം പ്രിയാന്‍ഷു രജാവത്ത് തകര്‍ത്തു വിടുകയായിരുന്നു (21-13, 21-8). ശ്രീകാന്ത് ലോക റാങ്കിംഗില്‍ 19ാം സ്ഥാനത്തും രജാവത് 31ാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം മലയാളിയായ എച്ച്.എസ് പ്രണോയ് വന്‍ ജയത്തോടെ സെമി ഫൈനലിലെത്തി. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ ഇന്തോനേഷ്യയുടെ ആന്റണി സിരിസുഗ ഗിന്‍ഡിംഗിനെ മൂന്നു ഗെയിമില്‍ പ്രണോയ് തറപറ്റിച്ചു (16-21, 21-17, 21-14). രജാവത്തും പ്രണോയിയും തമ്മിലാണ് സെമി ഫൈനല്‍.
സിന്ധുവിനെ അമേരിക്കക്കാരിയായ ലോക പന്ത്രണ്ടാം നമ്പര്‍ ബെയ്‌വന്‍ ഷാംഗാണ് 21-12, 21-17 ന തോല്‍പിച്ചത്. ബെയ്‌വനെതിരായ കഴിഞ്ഞ 10 കളികളില്‍ ആറും ജയിച്ച സിന്ധുവിന് ഇത്തവണ മേധാവിത്വം നിലനിര്‍ത്താനായില്ല. ആദ്യ രണ്ട് റൗണ്ടുകളില്‍ ഇന്ത്യന്‍ താരങ്ങളായ അഷ്മിത ചാലിഹയെയും ആകര്‍ഷി കശ്യപിനെയുമാണ് സിന്ധു തോല്‍പിച്ചത്. ഈ മാസം 21 ന് ഡെന്മാര്‍ക്കിലെ കോപന്‍ഹാഗനില്‍ ലോക ചാമ്പ്യന്‍ഷിപ് ആരംഭിക്കാനിരിക്കെ സിന്ധുവിന് നിരാശ പകരുന്ന പ്രകടനമാണ് ഇത്. 2019 ലെ ലോക ചാമ്പ്യനാണ് സിന്ധു.






