ഡ്യൂറന്റ് കപ്പ്: ബഗാന് മിന്നും വിജയം

കൊല്‍ക്കത്ത- ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ് മറുപടിയില്ലാത്ത അഞ്ചു ഗോളിന് ബംഗ്ലാദേശ് ആര്‍മിയെ തകര്‍ത്തു. ലോകത്തെ ഏറ്റവും പഴക്കമേറിയ ടൂര്‍ണമെന്റുകളിലൊന്നായ ഡ്യൂറന്റ് കപ്പിന്റെ 132ാം എഡിഷനാണ് ഇന്നലെ സാള്‍ട്‌ലെയ്ക്ക് സ്റ്റേഡിയത്തില്‍ തുടക്കമായത്. 
സീനിയര്‍ കളിക്കാരെ പുറത്തിരുത്തിയിട്ടും ബഗാനായിരുന്നു തുടക്കം മുതല്‍ നിയന്ത്രണം. പതിനാലാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോയിലൂടെ അവര്‍ ലീഡ് നേടി. കഴിഞ്ഞ സീസണിന്റെ രണ്ടാം പാദത്തില്‍ കൊളാസൊ മങ്ങിപ്പോയിരുന്നു. ഇരുപത്തൊമ്പതാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് പെനാല്‍ട്ടിയിലൂടെ ലീഡുയര്‍ത്തി. സുഹൈല്‍ അഹമദ് ഭട്ടും സ്‌കോര്‍ ചെയ്തതോടെ 3-0 ലീഡുമായാണ് ബഗാന്‍ ഇടവേളക്ക് പോയത്. ഇടവേള വിസിലിന് അല്‍പം മുമ്പ് ആര്‍മി ഡിഫന്റര്‍ മീസാനുറഹമാന്‍ ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്തു. 
രണ്ടാം പകുതിയില്‍ ലാല്‍റിന്‍ലിയാന ഹനാംതെയും പകരക്കാരന്‍ കിയാന്‍ നസീരിയും സ്‌കോര്‍ പട്ടിക തികച്ചു. 

Latest News