ലണ്ടന്‍ - വിജയിക്കാനുറച്ചു തന്നെയാണ് സൗദി പ്രൊ ലീഗ് ഫുട്ബോള്‍ ശ്രമം നടത്തുന്നതെന്നും പ്രമുഖ കളിക്കാര്‍ക്കായി പണമെറിയുന്നതു തുടരുമെന്നും ലീഗിന്റെ ബ്രിട്ടിഷുകാരനായ ഡയരക്ടര്‍ പീറ്റര്‍ ഹട്ടണ് ബി.ബി.സി അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ അന്നസ്റില്‍ ചേര്‍ന്നതോടെയാണ് സൗദി ലീഗിലേക്കുള്ള പ്രമുഖരുടെ ഒഴുക്കാരംഭിച്ചത്. കരീം ബെന്‍സീമയും സാദിയൊ മാനെയും റിയാദ് മഹ്റേസുമുള്പ്പെടെ പ്രമുഖര്‍ പിന്നാലെയെത്തി. കഴിഞ്ഞ മാസം കീലിയന്‍ എംബാപ്പെക്കായി അല്‍ഹിലാല്‍ 30 കോടി യൂറോ ഓഫറാണ് മുന്നോട്ടുവെച്ചത്. എങ്കിലും എംബാപ്പെ പ്രതികരിച്ചില്ല.
ഒരുപാട് കാലത്തേക്കുള്ള ബജറ്റ് റെഡിയാണെന്ന് ഹട്ടണ് വെളിപ്പെടുത്തി. അതിനാല്‍ ഈ ശ്രമത്തിന് വേഗം കുറയില്ല. 40 വര്‍ഷമായി സ്പോര്‍ട്സ് രംഗത്ത് ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്ര വലുതും, ഇത്ര ഉറപ്പോടെയുള്ളതും, ഇത്ര വലിയ ലക്ഷ്യം മുന്നില്‍ കാണുന്നതുമായ പദ്ധതി ഇതുവരെ എന്റെ ജീവിതത്തിലുണ്ടായിട്ടില്ല -അദ്ദേഹം പറഞ്ഞു.
സൗദി ലീഗ് ഫുട്ബോള്‍ മാര്‍ക്കറ്റിനെ അടിമുടി മാറ്റിമറിച്ചിട്ടുണ്ടെന്നും കൂടുതല്‍ വലിയ കളിക്കാര്‍ അവിടേക്ക് നീങ്ങുമെന്നും മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാഡിയോള പറഞ്ഞിരുന്നു. ലിവര്‍പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ ഫുട്ബോളിന് അല്പം കരുത്ത് കുറയുന്നത് മോശം കാര്യമല്ലെന്നും അധികാരം മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നത് നല്ലതാണെന്നും ഹട്ടണ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ ചെലവിട്ടതിന്റെ നാലിലൊന്നോ അഞ്ചിലൊന്നോ മാത്രമേ സൗദി ക്ലബ്ബുകള്‍ ചെലവിട്ടിട്ടുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രായമായ കളിക്കാര്‍ മാത്രമല്ല സൗദി ലീഗിലേക്ക് വരുന്നതെന്ന് ഹട്ടണ് പറഞ്ഞു. എംബാപ്പെക്കായുള്ള ശ്രമവും ഇരുപത്താറുകാരനായ റൂബന്‍ നെവെസിന്റെ ട്രാന്‍സ്ഫറും അതാണ് തെളിയിക്കുന്നത്. വാണിജ്യ വിജയം പിന്നാലെ വരും. അന്നസ്റില്‍ റൊണാള്‍ഡൊ എത്തിയതിന് പിന്നാലെ ഇന്റര്‍നാഷനല്‍ ചാനലുകള്‍ സൗദി ലീഗില്‍ താല്പര്യം കാട്ടിത്തുടങ്ങി. 170 ലേറെ പ്രദേശങ്ങളിലാണ് കളി സംപ്രേഷണം ചെയ്യപ്പെട്ടത് -അദ്ദേഹം ചൂണ്ടിക്കാട്ടി.






