മയാമിയില്‍ മെസ്സിക്ക് ഗോളടിക്കാലം

ഫോര്‍ട് ലോഡര്‍ഡെയ്ല്‍ - ഇന്റര്‍ മയാമി ജഴ്‌സിയിലെ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും ലിയണല്‍ മെസ്സി സ്‌കോര്‍ ചെയ്തു. ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ മയാമി 3-1 ന് ഓര്‍ലാന്റൊ സിറ്റിയെ തോല്‍പിച്ചു. കനത്ത കാറ്റും മഴയും കാരണം 95 മിനിറ്റ് വൈകിയാരംഭിച്ച കളിയില്‍ ഏഴാം മിനിറ്റില്‍ സ്‌കോറിംഗ് തുടങ്ങിവെച്ചത് മെസ്സിയാണ്. 11 മിനിറ്റിനു ശേഷം ഓര്‍ലാന്റൊ തിരിച്ചടിച്ചെങ്കിലും മെസ്സി 72ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. മൂന്നു കളിയില്‍ മെസ്സിക്ക് അഞ്ച് ഗോളായി. 
പ്രി ക്വാര്‍ട്ടറില്‍ ഡാളസ് എഫ്.സിയെയാണ് ഇന്റര്‍ മയാമി നേരിടുക. ഇരുപത്തൊന്നാം മിനിറ്റില്‍ മെസ്സിക്ക് മയാമിയിലെ ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആദ്യ പകുതിയില്‍ എതിര്‍ ഡിഫന്ററുമായി കൂട്ടിയിടിച്ച് വീണ മെസ്സി താടിയെല്ല് പിടിച്ച് ഏറെ നേരം കിടന്നത് പരിഭ്രാന്തി പരത്തി. 
ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരമായിരുന്ന യോര്‍ദി ആല്‍ബ അറുപത്തിനാലാം മിനിറ്റില്‍ ഇന്റര്‍ മയാമിക്കു വേണ്ടി അരങ്ങേറി. മറ്റൊരു പഴയ ബാഴ്‌സലോണ കൂട്ടാളി സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സും ടീമിലുണ്ട്. 

Latest News