പ്രി ക്വാര്‍ട്ടര്‍ ലൈനപ്
സ്വിറ്റ്സര്‍ലന്റ്-സ്പെയിന്
നെതര്‍ലാന്റ്സ്-ദക്ഷിണാഫ്രിക്ക
ജപ്പാന്-നോര്‍വെ
സ്വീഡന്-അമേരിക്ക
ഇംഗ്ലണ്ട്-നൈജീരിയ
കൊളംബിയ-ജമൈക്ക
ഓസ്ട്രേലിയ-ഡെന്മാര്ക്ക്
ഫ്രാന്‍സ്-മൊറോക്കൊ
ബ്രിസ്ബെയ്ന്‍ - ബ്രസീലിനും ഇറ്റലിക്കും അര്ജന്റീനക്കും പിന്നാലെ ലോക രണ്ടാം നമ്പര്‍ വനിതാ ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ തെക്കന്‍ കൊറിയയെ മറികടക്കണമായിരുന്നു ജര്‍മനിക്ക് നോക്കൗട്ടിലെത്താന്‍. എന്നാല്‍ അവര്‍ 1-1 സമനില വഴങ്ങി. 2018 ലെ പുരുഷ ലോകകപ്പിലും നിലവിലെ ചാമ്പ്യന്മാരായി എത്തിയ ജര്‍മനി തെക്കന്‍ കൊറിയയെ തോല്പിക്കാനാവാതെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.
വിജയ ഗോളിനായി ക്യാപ്റ്റന്‍ അലക്സാണ്ട്ര പോപ്പിന്റെ നേതൃത്വത്തില്‍ ജര്‍മനി ഇരമ്പിക്കയറുകയും നിരവധി അവസരങ്ങളൊരുക്കുകയും ചെയ്തെങ്കിലും കൊറിയന്‍ പ്രതിരോധം ഉറച്ചുനിന്നു.
ആറ് പോയന്റുമായി കൊളംബിയയാണ് ഒന്നാം സ്ഥാനത്ത്. ഗോള്‍വ്യത്യാസത്തില്‍ അവര്‍ മൊറോക്കോയെ മറികടന്നു. രണ്ട് ടീമുകള്‍ക്കും ആറ് പോയന്റാണ്. മൊറോക്കോയെ ആറു ഗോളിന് തകര്‍ത്ത് ടൂര്‍ണമെന്റ് തുടങ്ങിയ ജര്‍മനി തുടര്‍ന്നുള്ള കളികളില്‍ കൊളംബിയയോട് തോല്‍ക്കുകയും കൊറിയയോട് സമനില വഴങ്ങുകയും ചെയ്തു. 2022 ലെ യൂറോ ഫൈനലിസ്റ്റുകള്‍ വലിയ പ്രതീക്ഷയോടെയാണ് ലോകകപ്പിനെത്തിയത്.
ആറാം മിനിറ്റില്‍ ചോ സോ ഹ്യൂനിലൂടെ കൊറിയയാണ് ലീഡ് നേടിയത്. ഇടവേളക്ക് അല്പം മുമ്പ് കിടിലന്‍ ഹെഡറിലൂടെ പോപ്പ് ഗോള്‍ മടക്കി. രണ്ടാം പകുതിയുടനീളം ജര്‍മനി ഗോള്‍ തേടി ആക്രമിച്ചു. പോപ്പ് ഗോള്‍ നേടിയപ്പോള്‍ വീഡിയൊ റഫറി ഇടപെട്ടു. പിന്നാലെ ഒരു ഷോട്ട് ക്രോസ്ബാറിനിടിച്ചു മടങ്ങി. ഇഞ്ചുറി ടൈമിന്റെ 11, 12 മിനിറ്റുകളില്‍ കിട്ടിയ അവസരങ്ങളും ജര്‍മനി തുലച്ചു.






