ഇരുനൂറാം ട്വന്റി20യില്‍ രണ്ട് പുതുമുഖങ്ങളുമായി ഇന്ത്യ 

താരൂബ - ഇന്ത്യക്കെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ കളിയില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആറ് ബാറ്റര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരുമടങ്ങിയ പ്ലേയിംഗ് ഇലവനാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്. മൂന്ന് സ്പിന്നര്‍മാരെ ടീമിലുള്‍പെടുത്തിയ ഇന്ത്യ മുംബൈ ബാറ്റര്‍ തിലക് വര്‍മക്കും ബംഗാള്‍ പെയ്‌സ്ബൗളര്‍ മുകേഷ്‌കുമാറിനും അരങ്ങേറ്റത്തിന് അവസരമൊരുക്കി. രണ്ടാഴ്ചക്കിടയിലാണ് മുകേഷ് ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും അരങ്ങേറുന്നത്. ഇശാന്‍ കിഷനെ വിക്കറ്റ്കീപ്പര്‍ ഓപണറാക്കി സഞ്ജു സാംസണിനെ ഇന്ത്യ മധ്യനിരയില്‍ ഇറക്കും. 
രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരില്ലാത്ത ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിന്റെ പ്രധാന ഘട്ടത്തിലേക്കും ആസന്നമായ ഏകദിന ക്രിക്കറ്റ് ലോകകപ്പിനും യോഗ്യത നേടാന്‍ വിന്‍ഡീസിന് കഴിഞ്ഞിട്ടില്ല. എങ്കിലും അവരുടെ ട്വന്റി20 ടീമാണ് താരതമ്യേന മെച്ചം. നിക്കൊളാസ് പൂരാന്‍ ടീമില്‍ തിരിച്ചെത്തുന്നത് ആതിഥേയര്‍ക്ക് കൂടുതല്‍ കരുത്തേകും. മേജര്‍ ലീഗ് ക്രിക്കറ്റ് ഫൈനലില്‍ 55 പന്തില്‍ 137 റണ്‍സുമായി പുറത്താവാതെ 137 റണ്‍സടിച്ച ആവേശത്തിലാണ് പൂരാന്‍. ഓള്‍റൗണ്ടര്‍മാരായ ജെയ്‌സന്‍ ഹോള്‍ഡര്‍, ഒഡിയന്‍ സ്മിത്ത്, അകീല്‍ ഹുസൈന്‍ എന്നിവരും ടീമിലുണ്ട്. 
171 റണ്‍സോടെ കഴിഞ്ഞ മാസം ടെസ്റ്റില്‍ അരങ്ങേറിയ യശസ്വി ജയ്‌സ്വാളിന് ട്വന്റി20യിലും ആദ്യമായി ഇന്ത്യന്‍ കുപ്പാമിടാന്‍ കാത്തിരിക്കേണ്ടി വരും. 
ഇന്ത്യക്കെതിരായ പരമ്പര കഴിഞ്ഞയുടനെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുകയാണ്. സ്വന്തം രാജ്യത്ത് നടക്കുന്ന ട്വന്റി20 ലോകകപ്പിനായി മികച്ച കളിക്കാരെ കണ്ടെത്താനും വെസ്റ്റിന്‍ഡീസ് ശ്രമിക്കുന്നുണ്ട്. 
ഇന്ത്യക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിലും ടീമിലില്ലാതിരുന്ന റോവ്മാന്‍ പവലാണ് ട്വന്റി20യില്‍ ടീമിനെ നയിക്കുന്നത്. സ്പിന്നിനെ നേരിടുമ്പോള്‍ സ്‌ട്രൈക്ക് റൈറ്റ് കുറയുന്നുവെന്നതാണ് പവലിനെതിരായ പ്രധാന പരാതി. 
ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഒരേയൊരു ട്വന്റി20 മത്സരത്തില്‍ ഇന്ത്യയാണ് ജയിച്ചത്. ഇന്ത്യയുടെ ഇരുനൂറാമത്തെ ട്വന്റി20 മത്സരമാണ് ഇത്. പാക്കിസ്ഥാന്‍ മാത്രമേ കൂടുതല്‍ ട്വന്റി20കള്‍ കളിച്ചിട്ടുള്ളൂ, 223. 

Latest News