ലണ്ടന്‍ - ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ദയനീയ പരാജയം വാങ്ങി പരമ്പര അടിയറ വെച്ചതോടെ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ വിവാദത്തില്‍. എന്നാല്‍ അടുത്ത വര്‍ഷം ലോകകപ്പ് നടക്കാനിരിക്കെ വിജയം മാത്രം നോക്കിയാല്‍ പോരെന്നും ടീമിന്റെ സന്തുനലത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വിശദീകരിച്ചു.
കെ.എല്‍. രാഹുലിനും ഉമേഷ് യാദവിനും സിദ്ധാര്‍ഥ കൗളിനും പകരം ദിനേശ് കാര്‍ത്തികിനെയും ഭുവനേശ്വര്‍കുമാറിനെയും ശാര്‍ദുല്‍ താക്കൂറിനെയും ഇന്ത്യന്‍ ടീമിലുള്‍പെടുത്തിയിരുന്നു. മൂവരും വലിയ വിജയമായില്ല. പ്രത്യേകിച്ചും ഭുവനേശ്വര്‍ പൂര്‍ണ കായികക്ഷമത നേടിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ടീം സെലക്ഷനെ കോഹ്‌ലി ന്യായീകരിച്ചു. ദിനേശ് നന്നായി തുടങ്ങിയിരുന്നു. എന്നാല്‍ അത് വലിയ സ്‌കോറാക്കാനായില്ല. ശാര്‍ദുലിന് വലിയ മത്സരങ്ങളില്‍ കളിച്ച് പരിചയം സിദ്ധിക്കേണ്ടതുണ്ട്. ഭുവനേശ്വര്‍ പരിക്കിനു ശേഷം തിരിച്ചുവരേണ്ടതുമുണ്ട്. മാറ്റങ്ങള്‍ വിജയമാവാതിരിക്കുമ്പോള്‍ അവ അനാവശ്യമായിരുന്നു എന്നു തോന്നും. വിമര്‍ശനങ്ങള്‍ വരും. അത് മനസ്സിലാക്കാവുന്നതേയുള്ളൂ -കോഹ്‌ലി പറഞ്ഞു.
ആദില്‍ റഷീദിന്റെ ഉജ്വലമായി തിരിഞ്ഞ പന്തില്‍ തന്റെ വിക്കറ്റ് തെറിച്ചതിനെക്കുറിച്ചും കോഹ്‌ലി വിശദീകരിച്ചു. കോഹ്‌ലി സെഞ്ചുറിക്കടുത്ത് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് അപൂര്‍വമാണ്. അണ്ടര്‍-19 തലം മുതല്‍ റഷീദിനെ നേരിടുന്നുണ്ടെന്നും ആ പന്ത് അതിമനോഹരമായിരുന്നുവെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. സമീപകാലത്തായി റഷീദിന് അത്ര നന്നായി പന്ത് തിരിക്കാന്‍ സാധിച്ചിരുന്നില്ല. വല്ലപ്പോഴും സംഭവിക്കുന്ന അദ്ഭുതമായിരുന്നു ആ ബോള്‍. അതിനെ പ്രശംസിച്ച് മുന്നോട്ടുപോവുകയേ നിവൃത്തിയുള്ളൂ -കോഹ്‌ലി പറഞ്ഞു.
അനായാസം ആദ്യ മത്സരം ജയിച്ച ഇന്ത്യ ഏകദിന പരമ്പര 1-2 നാണ് തോറ്റത്. തുടര്‍ച്ചയായി ഒമ്പത് പരമ്പര വിജയങ്ങള്‍ നേടിയ ഇന്ത്യയുടെ കുതിപ്പിന് ഇതോടെ അന്ത്യമായി.