ദുബായ്-അന്യം നിന്നു പോകുന്ന ജീവജാലങ്ങൾ ഉൾപ്പടെയുള്ളവരെ സംരക്ഷിച്ചു പോരുന്ന ദുബായ് വന്യുജീവി സങ്കേതം ജൈവവൈവിധ്യത്തിന്റെ ആവാസകേന്ദ്രമായി സന്ദർശകർക്ക് മുന്നിൽ വിസ്മയമൊരുക്കുന്നു.ദുബായ് നഗരത്തിൽ നിന്ന് നാൽപത് കിലോമീറ്റർ അകലെയായാണ് ഇരുനൂറ്റി അമ്പതോളം ചതുരശ്ര കിലോമീറ്ററിലായി യു.എ.ഇയുടെ ദേശീയ വന്യജീവി സങ്കേതമുള്ളത്.സാധാരണ സന്ദർശകർക്ക് പ്രവേശനമില്ലാത്ത ഇവിടെ പ്രധാനമായും എത്തുന്നത് ആഗോള തലത്തിലുള്ള ഗവേഷകരാണ്.
മരുഭൂമിയിൽ അപൂർവ്വമായി കണ്ടുവരുന്ന മൃഗങ്ങളെയും സസ്യങ്ങളെയും ഇവിടെ അതീവശ്രദ്ധയോടെയാണ് പരിരക്ഷിച്ചു പോരുന്നത്.അറേബ്യൻ റെഡ്ഫോക്സ്,അറേബ്യൻ മുയൽ,ഗസല്ല എന്നറിയപ്പെടുന്ന മാനുകൾ ഉൾപ്പടെ വിവിധ തരം മാനുകൾ,ഒട്ടക ചിലന്തി,കൂറ്റൻ പല്ലികൾ,തേളുകൾ,നൂറുലേറെ ഇനം പക്ഷികൾ എന്നിങ്ങിനെ ആയിരക്കണക്കിന് പക്ഷിമൃഗാദികളാണ് ഇവിടെയുള്ളത്.വിഷപ്പാമ്പുകൾ ഉൾപ്പടെ മരുഭൂമിയിൽ അപൂർവ്വമായി കാണുന്ന ജീവികളെയും ഇവിടെ സംരക്ഷിച്ച് പോരുന്നുണ്ട്.സ്വകാര്യ പങ്കാളിത്തത്തോടെ സംരക്ഷിക്കുന്ന ഈ വന്യജീവി സങ്കേതത്തെ അറബ് ലോകത്തെ മികച്ച കേന്ദ്രമായാണ് കണക്കാക്കുന്നത്.






