ഏഷ്യാഡിലേക്ക് കണ്ണുംനട്ട് ഏഷ്യന്‍ ടീമുകള്‍ ചെന്നൈയില്‍

ചെന്നൈ - ഏഷ്യന്‍ ഗെയിംസിന് ഒരുങ്ങുന്നതിന്റെ തിരക്കിനിടെ ഏഷ്യയിലെ ആറ് മുന്‍നിര ടീമുകള്‍ വ്യാഴാഴ്ച ആരംഭിക്കുന്ന
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മാറ്റുരക്കും. ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്ന സമയത്തില്‍ മിക്ക ടീമുകളും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അവസാന മിനുക്കുപണികള്‍ നടത്താനുള്ള അവസരമായാണ് ആതിഥേയരായ ഇന്ത്യ ടൂര്‍ണമെന്റിനെ കാണുന്നത്. ടോപ് റാങ്ക് ടീമും മൂന്നു തവണ ചാമ്പ്യന്മാരുമാണ് ഇന്ത്യ. 2011 ലും 2016 ലും ചാമ്പ്യന്മാരായ ഇന്ത്യ 2018 ല്‍ പാക്കിസ്ഥാനുമായി ട്രോഫി പങ്കിട്ടു. പാക്കിസ്ഥാനും മൂന്നു തവണ ചാമ്പ്യന്മാരായിട്ടുണ്ട് -2012 ലും 2013 ലും ഒറ്റക്ക് കിരീടം നേടി. തെക്കന്‍ കൊറിയയാണ് നിലവിലെ ചാമ്പ്യന്മാര്‍.
മേയര്‍ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തില്‍ ചൈനക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. 2007 നു ശേഷം ആദ്യമായാണ് ഒരു പ്രധാന മത്സരത്തിന ഈ സ്റ്റേഡിയം വേദിയൊരുക്കുന്നത്. 2011 ലെ പ്രഥമ ടൂര്‍ണമെന്റിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറുന്നതും. കഴിഞ്ഞ ഒളിംപിക്‌സില്‍ വെങ്കലം നേടി പ്രതാപകാലത്തിന്റെ മിന്നലാട്ടം പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ടീം ഭുവനേശ്വറില്‍ നടന്ന ലോകകപ്പില്‍ ഒമ്പതാം സ്ഥാനവുമായി നിരാശപ്പെടുത്തിയിരുന്നു. അതിനു ശേഷം കളിച്ച 16 കളികളില്‍ ഒമ്പതെണ്ണം ഇന്ത്യ ജയിച്ചു. അഞ്ച് കളി തോറ്റു. യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തി മൂന്നു ദിവസം പിന്നിടും മുമ്പാണ് ഇന്ത്യ ഈ ടൂര്‍ണമെന്റിന് സ്റ്റിക്കെടുക്കുന്നത്. 
സെപ്റ്റംപബര്‍ 22 ന് ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റായ ഏഷ്യന്‍ ഗെയിംസ് ഹോക്കി തുടങ്ങുകയാണ്. ഏഷ്യാഡിലെ ചാമ്പ്യന്മാര്‍ക്ക് നേരിട്ട് ഒളിംപിക്‌സ് കളിക്കാം. അതിനാല്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനും തളര്‍ച്ച ബാധിക്കുന്നത് തടയാനും എല്ലാ ടീമുകളും ജാഗ്രത കാണിക്കും. 
ഏഷ്യന്‍ ഗെയിംസിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ബെല്‍ജിയം, ഹോളണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍ ടീമുകളുമായി സന്നാഹ മത്സരം കളിക്കാനിരിക്കുകയായിരുന്നു മലേഷ്യ. ഇന്ത്യയുടെ എല്ലാ കളികളും താരതമ്യേന ചൂട് കുറഞ്ഞ രാത്രി കാലാവസ്ഥയില്‍ സംഘടിപ്പിച്ചതിലും ടീമുകള്‍ അസംതൃപ്തരാണ്. 16 വര്‍ഷത്തിനു ശേഷമാണ് ചെന്നൈ ഒരു പ്രധാന ഹോക്കി ടൂര്‍ണമെന്റിന് വേദിയൊരുക്കുന്നത്. കോച്ച് ക്രയ്ഗ് ഫുള്‍ടന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ടൂര്‍ണമെന്റാണ് ഇത്. സ്‌പെയിനില്‍ ആറു ദിവസത്തിനിടെ നാല് മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ടീം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചെന്നൈയിലെത്തിയത്. വിശ്രമമില്ലാതെ ടൂര്‍ണമെന്റുകള്‍ കളിക്കുന്നത് വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് പറഞ്ഞു. 

 

Latest News