സിഡ്‌നി - കാല്‍പന്ത് കളിയിലെ മുടിചൂടാമന്നന്മാര്‍ക്ക് വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ നാണംകെട്ട് മടക്കം. ഗ്രൂപ്പ് ഘട്ടം കടക്കാത്ത നാണക്കേടുമായാണ് ബ്രസീല്‍ മടക്കവിമാനം കയറുന്നത്. ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ജമൈക്ക നോക്കൗട്ടിലേക്ക് മുന്നേറി. ആറ് ലോകകപ്പുകളില്‍ കളിച്ചിട്ടും കപ്പില്‍ മുത്തമിടാനായില്ലെന്ന മുറിവുമായി ബ്രസീല്‍ സ്‌ട്രൈക്കര്‍ മാര്‍ത്തക്ക് കളി നിര്‍ത്തേണ്ടി വരും. പാവാടയിലെ പെലെ എന്നറിയപ്പെടുന്ന വനിതാ ഫുട്‌ബോളിലെ മികച്ച താരം തിരിച്ചടി വിശ്വസിക്കാനാവാത്ത ഷോക്കിലായിരുന്നു. 1995 നു ശേഷം ആദ്യമായാണ് ബ്രസീല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്നത്. അതും തങ്ങളെക്കാള്‍ 43 സ്ഥാനം പിന്നിലുള്ള ജമൈക്കയുടെ കൈയാലെ.
അഞ്ചു ഗോള്‍ ത്രില്ലറില്‍ ഇറ്റലിയെ തോല്‍പിച്ച് ദക്ഷിണാഫ്രിക്കയും പ്രി ക്വാര്‍ട്ടറിലെത്തി. സ്വീഡനോട് 0-2 ന് തോറ്റ് അര്‍ജന്റീനയും പുറത്തായി. ഫ്രാന്‍സ് 6-3 ന് പാനമയെ തകര്‍ത്ത് നാണക്കേടൊഴിവാക്കി. ഫ്രാന്‍സും (7 പോയന്റ്) ജമൈക്കയും (5) ആയുസ് നിലനിര്‍ത്തിയപ്പോള്‍ ബ്രസീലും (4) പാനമയും (0) പുറത്തായി. ഇറ്റലിയെയും (3) അര്‍ജന്റീനയെയും (1) മറികടന്ന് സ്വീഡനും ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് ജി-യില്‍ നിന്ന് പ്രി ക്വാര്‍്ട്ടറിലെത്തി.
കദീദിയാതു ദിയാനിയുടെ ഹാട്രിക്കാണ് ഫ്രാന്‍സിന്റെ ഗോളുത്സവത്തിന് കരുത്തു പകര്‍ന്നത്. അറുപത്തേഴാം സെക്കന്റില്‍ മാര്‍ത്ത കോക്‌സിന്റെ മാസ്മരിക ഫ്രീകിക്ക് ഗോളിലൂടെ ഫ്രാന്‍സിനെ പാനമ ഞെട്ടിച്ചിരുന്നു. പാനമയുടെ ആദ്യത്തെ ലോകകപ്പ് ഗോളായിരുന്നു അത്. ജര്‍മനിയുമായാണ് മിക്കവാറും അവര്‍ പ്രി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. ജമൈക്കക്ക് കൊളംബിയയെ നേരിടേണ്ടി വന്നേക്കാം.
ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയും ആദ്യമായാണ് ലോകകപ്പ് മത്സരം ജയിക്കുന്നത്. ഇറ്റലിക്കെതിരായ അഞ്ചു ഗോള്‍ ത്രില്ലറില്‍ 92ാം മിനിറ്റില്‍ ക്യാപ്റ്റന്‍ തെംബി കഗത്‌ലാന വിജയ ഗോള്‍ സ്‌കോര്‍ ചെയ്തു. നിലവിലെ റണ്ണേഴ്‌സ്അപ് നെതര്‍ലാന്റ്‌സുമായി അവര്‍ പ്രി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
അര്‍ജന്റീനയെ 2-0 ന് തോല്‍പിച്ച സ്വീഡന്‍ ഗ്രൂപ്പ് ജി-യില്‍ ഒന്നാമതെത്തി. കഴിഞ്ഞ രണ്ടു തവണ ചാമ്പ്യന്മാരായ അമേരിക്കയുമായി പ്രി ക്വാര്‍ട്ടറാണ് അതിനുള്ള സമ്മാനം. ദീര്‍ഘകാലമായി വനിതാ ഫുട്‌ബോള്‍ വാഴുന്ന അമേരിക്ക ഈ ലോകകപ്പില്‍ പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമാണ്.
ഗ്രൂപ്പ് ഘട്ടം വസാനിക്കുന്നതോടെ പ്രി ക്വാര്‍ട്ടര്‍ ചിത്രം തെളിയും. മൊറോക്കോക്കെതിരെ സമനില നേടിയാല്‍ ഗ്രൂപ്പ് എച്ചില്‍ കൊളംബിയക്ക് ഒന്നാം ്സ്ഥാനത്തെത്താം.






