രണ്ടാഴ്ച, മൂന്നാം അരങ്ങേറ്റത്തിന് മുകേഷ്‌

തരൂബ - വെസ്റ്റിന്‍ഡീസിനെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന ട്വന്റി20 പരമ്പരയില്‍ യുവനിര ഇന്ത്യയെ പ്രതിനിധീകരിക്കും. രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരില്ലാത്ത ടീമിനെയാണ് ഇന്ത്യന്‍ പ്രഖ്യാപിച്ചത്. തിലക് വര്‍മ, യശസ്വി ജയ്‌സ്വാള്‍, മുകേഷ്‌കുമാര്‍ തുടങ്ങിയവര്‍ക്ക് അവസരം ലഭിച്ചേക്കും. കഴിഞ്ഞ ട്വന്റി20 ലോകകപ്പിന്റെ പ്രധാന ഘട്ടത്തിലേക്കും ആസന്നമായ ഏകദിന ക്രിക്കറ്റ് ലോകകപ്പിനും യോഗ്യത നേടാന്‍ വിന്‍ഡീസിന് കഴിഞ്ഞിട്ടില്ല. എങ്കിലും അവരുടെ ട്വന്റി20 ടീമാണ് താരതമ്യേന മെച്ചം. നിക്കൊളാസ് പൂരാന്‍ ടീമില്‍ തിരിച്ചെത്തുന്നത് ആതിഥേയര്‍ക്ക് കൂടുതല്‍ കരുത്തേകും. മേജര്‍ ലീഗ് ക്രിക്കറ്റ് ഫൈനലില്‍ 55 പന്തില്‍ 137 റണ്‍സുമായി പുറത്താവാതെ 137 റണ്‍സടിച്ച ആവേശത്തിലാണ് പൂരാന്‍. ഓള്‍റൗണ്ടര്‍മാരായ ജെയ്‌സന്‍ ഹോള്‍ഡര്‍, ഒഡിയന്‍ സ്മിത്ത്, അകീല്‍ ഹുസൈന്‍ എന്നിവരും ടീമിലുണ്ട്. 
171 റണ്‍സോടെ കഴിഞ്ഞ മാസം ടെസ്റ്റില്‍ അരങ്ങേറിയ യശസ്വി ജയ്‌സ്വാള്‍ ട്വന്റി20യിലും ആദ്യമായി ഇന്ത്യന്‍ കുപ്പാമിടും. തിലക് വര്‍മയും അരങ്ങേറാന്‍ സാധ്യതയുണ്ട്. തിലകും ഹാര്‍ദിക് പാണ്ഡ്യയുമാണ് മധ്യനിരക്ക് ചുക്കാന്‍ പിടിക്കുക. വിക്കറ്റ്കീപ്പര്‍ ബാറ്റര്‍മാരായി ഇശാന്‍ കിഷനും സഞ്ജു സാംസണും ടീമിലുണ്ട്. കെ.എല്‍ രാഹുല്‍ തിരിച്ചുവരാനിരിക്കെ ഇരുവരും കിട്ടുന്ന അവസരങ്ങള്‍ മുതലാക്കേണ്ടതുണ്ട്. 
ഇന്ത്യക്കെതിരായ പരമ്പര കഴിഞ്ഞയുടനെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുകയാണ്. സ്വന്തം രാജ്യത്ത് നടക്കുന്ന ട്വന്റി20 ലോകകപ്പിനായി മികച്ച കളിക്കാരെ കണ്ടെത്താനും വെസ്റ്റിന്‍ഡീസ് ശ്രമിക്കുന്നുണ്ട്. 
ഇന്ത്യക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിലും ടീമിലില്ലാതിരുന്ന റോവ്മാന്‍ പവലാണ് ട്വന്റി20യില്‍ ടീമിനെ നയിക്കുന്നത്. സ്പിന്നിനെ നേരിടുമ്പോള്‍ സ്‌ട്രൈക്ക് റൈറ്റ് കുറയുന്നുവെന്നതാണ് പവലിനെ പ്രധാന പരാതി. രണ്ടാഴ്ചക്കിടയില്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറിയ ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ മുകേഷ്‌കുമാറും ട്വന്റി20യിലും അരങ്ങേറി അവിസ്മരണീയ നേട്ടത്തിനുടമയാവാനാണ് പോവുന്നത്. 
ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഒരേയൊരു ട്വന്റി20 മത്സരത്തില്‍ ഇന്ത്യയാണ് ജയിച്ചത്. ഇന്ത്യയുടെ ഇരുനൂറാമത്തെ ട്വന്റി20 മത്സരമാണ് ഇത്. പാക്കിസ്ഥാന്‍ മാത്രമേ കൂടുതല്‍ ട്വന്റി20കള്‍ കളിച്ചിട്ടുള്ളൂ, 223. 

Latest News