ലാഹോര്‍ - ഇന്ത്യ വേദിയൊരുക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഷെഡ്യൂള്‍ മാറ്റം പാക്കിസ്ഥാന്‍ അംഗീകരിച്ചു. ഇതോടെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഒരു ദിവസം നേരത്തെയാക്കി. ഒക്ടോബര്‍ 14 ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് മത്സരം. ഒക്ടോബര്‍ 15 നായിരുന്നു ഈ മത്സരം നിശ്ചയിച്ചിരുന്നത്. അന്ന് നവരാത്രി ആഘോഷങ്ങള്‍ തുടങ്ങുന്ന സമയമായതിനാല്‍ സുരക്ഷ ഒരുക്കാന്‍ പ്രയാസപ്പെടുമെന്ന് അഹമ്മദാബാദ് പോലീസ് അറിയിച്ചതിനാലാണ് മത്സരക്രമം മാറ്റിയത്. എന്നാല്‍ അതല്ല കാരണമെന്നാണ് ബി.സി.സി.ഐയുടെ നിലപാട്. പുതുക്കിയ ഷെഡ്യൂള്‍ ഐ.സി.സി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഈ കളി മാറ്റിയതോടെ ഹൈദരാബാദിലെ പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരത്തിലും മാറ്റമുണ്ടാവും. ഒക്ടോബര്‍ 12 നു നടക്കേണ്ട കളി ഒക്ടോബര്‍ പത്തിലേക്കു മാറ്റി. ചില ടീമുകള്‍ക്ക് കളികള്‍ക്കിടയില്‍ മതിയായ വിശ്രമമില്ലെന്നും അവരുടെ ആവശ്യപ്രകാരമാണ് ഷെഡ്യൂള്‍ മാറ്റുന്നതെന്നും ബി.സി.സി.ഐ അറിയിച്ചു.
മാറിയ ഷെഡ്യൂളനുസരിച്ച് ഒക്ടോബര്‍ 14 ന് മൂന്നു കളികളുണ്ടാവും. അതിലൊന്നായ ദല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍-ഇംഗ്ലണ്ട് മത്സരം ഒരു ദിവസം നേരത്തെയാക്കും (ഒക്ടോബര്‍ 13). ബംഗ്ലാദേശ്-ന്യൂസിലാന്റ് മത്സരം ചെന്നൈയില്‍ നിശ്ചയിച്ചതു പോലെ ഒക്ടോബര്‍ 14 ന് നടക്കും.
ഏറെ വൈകിയാണ് ലോകകപ്പിന്റെ മത്സരക്രമങ്ങള്‍ പുറത്തുവിട്ടത്. രണ്ടു മാസം മാത്രം ശേഷിക്കെ അതിലും മാറ്റം വരികയാണ്. മുന്‍ ലോകകപ്പുകളില്‍ ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ അഞ്ചിന് കഴിഞ്ഞ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലാന്റുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. മത്സരങ്ങളുടെ ടിക്കറ്റുകള്‍ എപ്പോള്‍ ലഭ്യമാവുമെന്ന് ഐ.സി.സിയോ ബി.സി.സി.ഐയോ ഇതുവരെ അറിയിച്ചിട്ടില്ല.






