മാനെയും അന്നസ്‌റില്‍, പത്താം നമ്പറില്‍ ഇറങ്ങും

റിയാദ് - ബയേണ്‍ മ്യൂണിക്കില്‍ നിന്ന് സെനഗാല്‍ ക്യാപ്റ്റന്‍ സാദിയൊ മാനെ സൗദി ക്ലബ്ബ് അന്നസ്‌റില്‍ ചേര്‍ന്നു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മാഴ്‌സെലൊ ബ്രോസവിച്, ബ്രസീല്‍ ഫുള്‍ബാക്ക് അലക്‌സ് ടെലിസ്, ഐവറികോസ്റ്റ് മിഡ്ഫീല്‍ഡര്‍ സെകൊ ഫൊഫാന എന്നിവര്‍ക്കൊപ്പം മാനെയുമെത്തുന്നതോടെ അടുത്ത സീസണില്‍ അന്നസ്ര്‍ കൂടുതല്‍ കരുത്താര്‍ജിക്കും. പത്താം നമ്പര്‍ ജഴ്‌സിയാണ് മാനെക്ക് ലഭിക്കുക. രണ്ടു തവണ ആഫ്രിക്കന്‍ ഫുട്‌ബോളറായ മാനെ വലിയ പ്രതീക്ഷയോടെയാണ് ലിവര്‍പൂളില്‍ നിന്ന് കഴിഞ്ഞ സീസണിന് മുമ്പ് ബയേണിലെത്തിയത്. എന്നാല്‍ പരിക്കും ഫോമില്ലായ്മയും അച്ചടക്കലംഘനവുമൊക്കെയായി നിരാശപ്പെടുത്തി. ഖത്തര്‍ ലോകകപ്പിലും പരിക്കു കാരണം മുപ്പത്തൊന്നുകാരന് നഷ്ടപ്പെട്ടു. ബയേണില്‍ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഒഴിവ് നികത്തുമെന്ന് പ്രതീക്ഷിച്ച മാനെ ആ ഉയരങ്ങളിലെത്താതെയാണ് കൂടുമാറുന്നത്. രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയിരിക്കെയാണ് ക്ലബ്ബ് വിടുന്നത്.
മൂന്നു കോടി യൂറോയുടെ മൂന്നു വര്‍ഷത്തെ കരാറിലാണ് മാനെ എത്തുന്നത്. വര്‍ഷം നാല് കോടി യൂറോയും മികവിനനുസരിച്ച് ഒരു കോടി യൂറോ ബോണസുമാണ് അന്നസ്‌റില്‍ മാനെക്ക് കിട്ടുക. 
ലിവര്‍പൂളില്‍ മാനെയും മുഹമ്മദ് സലാഹും റോബര്‍ടൊ ഫിര്‍മിനോയും ചേര്‍ന്നുള്ള മുന്‍നിരയിലാണ് കോച്ച് യൂര്‍ഗന്‍ ക്ലോപ് ടീം കെട്ടിപ്പടുത്തത്. ലിവര്‍പൂളിലെ ആറ് സീസണിനിടെ ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗ് കിരീടവുമൊക്കെ നേടി.
 

Latest News