യുവാവ് പണം മോഷ്ടിച്ച് നാട്ടില്‍ പോയത് പിതാവിന്റെ ചികിത്സക്ക്; യു.എ.ഇയില്‍ അപൂര്‍വ കേസ്‌

റാസല്‍ഖൈമ-പണം മോഷ്ടിച്ചതല്ലെന്നും പിതാവിന്റെ ചികിത്സക്ക് അത്യാവശ്യം വന്നതിനാല്‍ മറ്റൊരു ജീവനക്കാരന്റെ അറിവോടെ വായ്പയായി എടുത്തതാണെന്നും പ്രതിയായ യുവാവ്. യു.എ.ഇയിലെ റാസല്‍ഖൈമ കോടതിയിലാണ് 8000 ദിര്‍ഹം മോഷണം പോയ കേസ്.
പോലീസിന്റേയും പബ്ലിക് പ്രോസിക്യൂഷന്റേയും ചോദ്യം ചെയ്യലില്‍ അറബ് വംശജനായ യുവാവ് ജോലി ചെയ്യുന്ന സലൂണില്‍നിന്ന് പണം എടുത്തിട്ടുണ്ടെന്ന് സമ്മതിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. അസുഖബാധിതനായ പിതാവിന്റെ ചികിത്സക്കായി പെട്ടെന്ന് നാട്ടില്‍ പോകേണ്ടി വന്നതിനാല്‍ പണം കൊണ്ടു പോയതാണെന്നും ഇക്കാര്യം മറ്റൊരു ജീവനക്കാരനെ അറിയിച്ചിരുന്നുവെന്നും യുവാവ് അവകാശപ്പെട്ടു. നാട്ടില്‍നിന്ന് തിരിച്ചെത്തിയ ഉടന്‍ പണം തിരിച്ചടച്ച രശീതിയും യുവാവ് സമര്‍പ്പിച്ചു. അപ്രതീക്ഷിതമായി പിതാവിന് അസുഖം ബാധിച്ചതിനാലാണ് പെട്ടെന്ന് നാട്ടില്‍ പോയതെന്നും പണം കൊണ്ടുപോയതെന്നുമാണ് യുവാവിന്റെ വാദം.
അത്യാവശ്യമായതിനാലാണ് പണം എടുക്കുന്നതെന്നും മടങ്ങി വന്നാലുടന്‍ തിരിച്ചടക്കാമെന്നും സഹപ്രവര്‍ത്തകനെ അറിയിച്ചിട്ടും സലൂണ്‍ ഉടമ കോടതിയെ സമീപിച്ചത് യുവാവിനെ ഞെട്ടിച്ചു.
അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ യുവാവ് പണം തിരച്ചടച്ചതായും ഉടമ ഇക്കാര്യം അറിയാതെ പോയതാണെന്നും കേസില്‍ ഒന്നാം സാക്ഷിയായ യുവാവ് റാസല്‍ഖൈമ ക്രമിനില്‍ കോടതിയില്‍ ബോധിപ്പിച്ചു. പ്രതി പണം മോഷ്ടിച്ചതല്ലെന്നും വായ്പയായി എടുത്തതാണെന്നും സാക്ഷി കോടതിയെ അറിയിച്ചു.
കാര്യങ്ങള്‍ മനസ്സിലാക്കിയ ഹെയര്‍ ഡ്രസ്സര്‍ ഷോപ്പ് ഉടമ വായ്പ ഒഴിവാക്കിയ രേഖയും സാക്ഷി കോടതിയില്‍ നല്‍കി.

Latest News