നാല് ബാറ്റര്‍മാര്‍ക്ക് അര്‍ധ ശതകം, ലാറ സ്‌റ്റേഡിയത്തില്‍ റണ്‍ മല

താരൂബ - ഇന്ത്യന്‍ റണ്‍ മഴയോടെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം. ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു. ആദ്യ മത്സരം ഇന്ത്യയും രണ്ടാമത്തെ കളി വെസ്റ്റിന്‍ഡീസുമാണ് ജയിച്ചത്. 17 വര്‍ഷത്തിനു ശേഷം ഇന്ത്യക്കെതിരെ പരമ്പര ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആതിഥേയര്‍. 
എന്നാല്‍ തുടക്കത്തില്‍ ഇശാന്‍ കിഷന്‍ അനുവദിച്ച ക്യാച്ച് വിന്‍ഡീസ് പാഴാക്കിയ ശേഷം ഇന്ത്യ കടിഞ്ഞാണേറ്റെടുത്തു. നാല് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അര്‍ധ ശതകം തികച്ചു. ഇരുപതോവര്‍ പിന്നിടും മുമ്പെ ഇശാനും (64 പന്തില്‍ 77) ശുഭ്മന്‍ ഗില്ലും (92 പന്തില്‍ 85) 143 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇശാനെയും ഋതുരാജ് ഗെയ്കവാദിനെയും (8) തുടരെ പുറത്താക്കിയ ശേഷം സഞ്ജു സാംസണും (41 പന്തില്‍ 51) ഗില്ലും മൂന്നാം വിക്കറ്റില്‍ 69 റണ്‍സ് ചേര്‍ത്തു. നാല് സിക്‌സറും രണ്ട് ബൗണ്ടറിയുമായി അര്‍ധ ശതകം തികച്ചയുടനെയാണ് സഞ്ജു പുറത്തായത്. ഒടുക്കം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (52 പന്തില്‍ 70 നോട്ടൗട്ട്) സൂര്യകുമാര്‍ യാദവും (30 പന്തില്‍ 35) ആഘോഷമാക്കി. അവസാന പതിനൊന്നോവറില്‍ നൂറിലേറെ റണ്‍സൊഴുകി.   
രണ്ടാം ഓവറില്‍ തന്നെ ഇശാന്‍ കിഷന്‍ അനുവദിച്ച ക്യാച്ച് ബാക്‌വേഡ് പോയന്റില്‍ കീസി കാര്‍ടി കൈവിട്ടു. കയ്ല്‍ മയേഴ്‌സായിരുന്നു നിരാശനായ ബൗളര്‍. തുടര്‍ന്നങ്ങോട്ട് തകര്‍ത്തടിച്ച ഇശാന്‍ 45 പന്തില്‍ രണ്ട് സിക്‌സറിന്റെയും അഞ്ച് ബൗണ്ടറിയുടെയും സഹായത്തോടെ പരമ്പരയിലെ മൂന്നാമത്തെ അര്‍ധ ശതകം തികച്ചു. പതിമൂന്നാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യ 100 പിന്നിട്ടു. 
കൂടുതല്‍ കളിക്കാര്‍ക്ക് അവസരം നല്‍കാനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും വിട്ടുനിന്നു. ഋതുരാജ് ഗെയ്കവാദിന് രണ്ടാമത്തെ ഏകദിനം കളിക്കാന്‍ ഇന്ത്യ അവസരം നല്‍കി. പത്തു വര്‍ഷത്തിനു ശേഷം ജയ്‌ദേവ് ഉനാദ്കത്തും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നേടി. അക്ഷര്‍ പട്ടേലും ഉംറാന്‍ മാലിക്കും പുറത്തായി. 
 

Latest News