വനിതാ ലോകകപ്പ്: ഒരു  മില്യണ്‍ കടന്ന് ടിക്കറ്റുടമകള്‍

സിഡ്‌നി - ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമായി നടക്കുന്ന വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ ടിക്കറ്റെടുത്തവരുടെ എണ്ണം 10 ലക്ഷം കടന്നു. മൊത്തം ടിക്കറ്റ് വില്‍പനെ 17 ലക്ഷത്തോടടുക്കുകയാണ്. ഒരു മില്യണ്‍ ടിക്കറ്റ് തികച്ചത് റെബേക്ക ഷീലി എന്ന ന്യൂസിലാന്റുകാരിയാണ്. ഓകലന്റിലെ ഈഡന്‍ പാര്‍ക്കില്‍ അമേരിക്കയും പോര്‍ചുഗലും തമ്മിലുള്ള ഗോള്‍രഹിത സമനില കാണാനാണ് റെബേക്ക ടിക്കറ്റെടുത്തത്. 
ഇതിനു മുമ്പ് വനിതാ ലോകകപ്പില്‍ ഏറ്റവുമധികം ടിക്കറ്റ് വില്‍പനയുണ്ടായത് 2015 ല്‍ കാനഡയില്‍ ടൂര്‍ണമെന്റ് നടന്നപ്പോഴാണ്. 13.5 ലക്ഷം ടിക്കറ്റാണ് അന്ന് വിറ്റത്. 52 മത്സരങ്ങളേ ആ ലോകകപ്പിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ 32 ടീമുകളും 64 മത്സരങ്ങളുമുണ്ട്. 
ഇത്തവണ ഉദ്ഘാടന ദിവസം രണ്ട് ആതിഥേയ രാജ്യങ്ങളിലും കാണികളുടെ എണ്ണം റെക്കോര്‍ഡായി. നോര്‍വെയെ ന്യൂസിലാന്റ് തോല്‍പിച്ച മത്സരം കണ്ടത് 42,137 പേരാണ്. ന്യൂസിലാന്റില്‍ ഇത്രയധികം പേര്‍ ഇതിനു മുമ്പ് വനിതാ ഫുട്‌ബോള്‍ മത്സരം വീക്ഷിച്ചിട്ടില്ല. അയര്‍ലന്റിനെ 1-0 ന് ഓസ്‌ട്രേലിയ തോല്‍പിച്ച മത്സരം കണ്ടത് 75,784 പേരാണ്.
 

Latest News