ബ്രസീലിന്റെ ഭാവി തുലാസില്‍, കണ്ണീരണിഞ്ഞ് മാര്‍ത്ത

ഓക്‌ലന്റ് - കഴിഞ്ഞ രണ്ടു തവണ ചാമ്പ്യന്മാരായ അമേരിക്ക വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ കഷ്ടിച്ച് ഗ്രൂപ്പ് ഘട്ടം അതിജീവിച്ചു. പോര്‍ചുഗലുമായി ഗോളടിക്കാതെ പിരിഞ്ഞ അമേരിക്ക ഗ്രൂപ്പ് ഇ-യില്‍ നെതര്‍ലാന്റ്‌സിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് മുന്നേറിയത്. നിലവിലെ റണ്ണേഴ്‌സ്അപ് നെതര്‍ലാന്റ്‌സ് മറുപടിയില്ലാത്ത ഏഴു ഗോളിന് വിയറ്റ്‌നാമിനെ പഞ്ചറാക്കി. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിജയമാണ് ഇത്. നെതര്‍ലാന്റ്‌സിന് ഏഴും അമേരിക്കക്ക് അഞ്ചും പോയന്റാണ്. അതേസമയം ഇംഗ്ലണ്ട് ആഘോഷത്തോടെ നോക്കൗട്ടില്‍ പ്രവേശിച്ചു. യൂറോപ്യന്‍ ചാമ്പ്യന്മാര്‍ 6-1 ന് ചൈനയെ തരിപ്പണമാക്കി. ഹെയ്തിയെ 2-0 ന് തോല്‍പിച്ച് ഡെന്മാര്‍ക്കും മുന്നേറി. ഗ്രൂപ്പ് ഡി-യില്‍ ഇംഗ്ലണ്ട് മൂന്നു കളികളും ജയിച്ചു, ഡെന്മാര്‍ക്ക് രണ്ടു കളികളും.   
ദീര്‍ഘകാലമായി വനിതാ ഫുട്‌ബോള്‍ വാഴുന്ന അമേരിക്കക്കെതിരെ അരങ്ങേറ്റക്കാരായ പോര്‍ചുഗല്‍ ജയിക്കേണ്ടതായിരുന്നു. ഇഞ്ചുറി ടൈമില്‍ അന കപേടയുടെ ഷോട്ടിന് തടസ്സം നിന്നില്ലായിരുന്നെങ്കില്‍ അമേരിക്കക്ക് പെട്ടി കെട്ടാമായിരുന്നു. ഇറ്റലിയെ 5-0 ന് തകര്‍ത്ത സ്വീഡനെയാണ് അമേരിക്ക പ്രി ക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക. നൈജീരിയയുമായി ഇംഗ്ലണ്ട് ഏറ്റുമുട്ടും. ഡെന്മാര്‍ക്ക് ആതിഥേയരായ ഓസ്‌ട്രേലിയയുമായി കളിക്കും. ഹെയ്തിയും ഡെന്മാര്‍ക്കിനുമെതിരായ കളികള്‍ കഷ്ടിച്ച് 1-0 ന് ജയിച്ച ഇംഗ്ലണ്ട് എല്ലാ രോഷവും ഏഷ്യന്‍ ചാമ്പ്യന്മാര്‍ക്കെതിരെ തീര്‍ത്തു.  
ബ്രസീലിന് ഇന്ന് ജമൈക്കക്കെതിരെ വിജയം വേണം. സമനില നേടിയാല്‍ ജമൈക്കക്ക് പ്രി ക്വാര്‍ട്ടറിലെത്താം. അവസാന ലോകകപ്പില്‍ നിര്‍ണായക പോരാട്ടത്തിനൊരുങ്ങുന്ന ബ്രസീല്‍ സൂപ്പര്‍ താരം മാര്‍ത്തക്ക് കണ്ണീരടക്കാനായില്ല. മാര്‍ത്തയോ ബ്രസീലോ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല. പാവാടയിലെ പെലെ എന്നാണ് മുപ്പത്തേഴുകാരി അറിയപ്പെടുന്നത്. ലോകകപ്പില്‍ 17 ഗോളടിച്ചിട്ടുണ്ട് മാര്‍ത്ത. ആറ് ലോകകപ്പുകളില്‍ ഗോളടിച്ച ആദ്യ കളിക്കാരിയാവാനാണ് അവരുടെ ശ്രമം. 

Latest News