സിംഗപ്പൂര്‍ - പ്രമുഖ കളിക്കാരെ വലയിലാക്കുന്നതോടെ സൗദി ഫുട്ബോള്‍ വലിയ സ്വാധീനമാണ് സൃഷ്ടിക്കാന്‍ പോവുന്നതെന്ന് ലിവര്‍പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ്പ്. സൗദി ലീഗില്‍ ട്രാന്‍സ്ഫര്‍ സീസണ് വൈകി അവസാനിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. യൂറോപ്പില്‍ ട്രാന്‍സ്ഫര്‍ ജാലകമടച്ച് മൂന്നാഴ്ച പിന്നിട്ടാലാണ് സൗദിയില്‍ ട്രാന്‍സ്ഫര്‍ സീസണ് അവസാനിക്കുക. ഈ കാലയളവില്‍ സൗദി ലീഗിലേക്ക് പോവുന്ന കളിക്കാര്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ യൂറോപ്യന്‍ ക്ലബ്ബുകള്‍ പ്രയാസപ്പെടും -ക്ലോപ്പ് ചൂണ്ടിക്കാട്ടി.
സൗദിയുടെ ഫുട്ബോള്‍ കുതിപ്പ് കൗതുകത്തോടെ വീക്ഷിക്കുകയാണെന്നും തീര്‍പ്പ് പറയാറായിട്ടില്ലെന്നും ബയേണ്‍ മ്യൂണിക് കോച്ച് തോമസ് ടുഹേല്‍ അഭിപ്രായപ്പെട്ടു. ചൈനയും ഇതുപോലെയാണ് തുടങ്ങിയത്. മികച്ച കളിക്കാരും കോച്ചുമായി പുതിയ ബ്രാന്റ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഇത് പുതിയ സാഹചര്യമാണ് -ടുഹേല്‍ പറഞ്ഞു.
അന്നസ്റിലേക്ക് പോവുന്ന സാദിയൊ മാനെക്ക് കെട്ടിപ്പിടിച്ച് യാത്രയയപ്പ് നല്‍കിയതായി കോച്ച വെളിപ്പെടുത്തി. ജര്‍മനിയില്‍ തന്റെ കരുത്ത് മുഴുവന്‍ പുറത്തെടുക്കാന്‍ സെനഗാല്‍ സ്ട്രൈക്കര്‍ക്ക് സാധിക്കാതിരുന്നതില്‍ ടുഹേല്‍ സങ്കടം പ്രകടിപ്പിച്ചു. നാലരക്കോടി ഡോളറിന്റേതാണ് മാനെയും അന്നസ്റുമായുള്ള കരാറെന്നാണ് സൂചന.
ഫാബിഞ്ഞൊ ഇത്തിഹാദില്‍
ലിവര്‍പൂള്‍ - ജോര്‍ദാന്‍ ഹെന്‍ഡേഴ്സനും റോബര്‍ടൊ ഫിര്‍മിനോക്കും പിന്നാലെ മറ്റൊരു ലിവര്‍പൂള്‍ കളിക്കാരന് കൂടി സൗദി പ്രൊഫഷനല്‍ ഫുട്ബോളിലേക്ക്. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫാബിഞ്ഞൊ അല്‍ഇത്തിഹാദില്‍ ചേര്‍ന്നു. ബാലന്‍ഡോര്‍ ജേതാവ് കരീം ബെന്‍സീമ, ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എന്‍ഗോളൊ കാണ്ടെ എന്നിവര്‍ക്കൊപ്പം ഫാബിഞ്ഞോയും ചേരുന്നതോടെ നിലവിലെ സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് വരും സീസണില്‍ കൂടുതല്‍ കരുത്ത് നേടും.
മോണകോയില്‍ നിന്ന് അഞ്ചു വര്‍ഷം മുമ്പ് ലിവര്‍പൂളില്‍ ചേര്‍ന്ന ഫാബിഞ്ഞൊ നാല് കോടി പൗണ്ടിന്റെ കരാറിലാണ് ഇത്തിഹാദിലെത്തിയത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. 12 വര്‍ഷം ലിവര്‍പൂളില്‍ ചെലവിട്ട ശേഷമാണ് ഹെന്ഡേഴ്സന് കൂടുമാറി സ്റ്റീവന്‍ ജെറാഡ് പരിശീലിപ്പിക്കുന്ന അല്‍ഇത്തിഫാഖില്‍ ചേര്‍ന്നത്. ലിവര്‍പൂളുമായുള്ള കരാര്‍ അവസാനിച്ചതോടെ ഫിര്‍മിനൊ അല്അഹ്ലിയിലേക്ക് ചേക്കേറി.
ഇരുപത്തൊമ്പതുകാരനായ ഫാബിഞ്ഞൊ ലിവര്‍പൂളിനായി 219 മത്സരങ്ങള്‍ കളിച്ചു. 2019 ലെ ചാമ്പ്യന്‍സ് ലീഗ് കിരീടവും 2020 ലെ പ്രീമിയര്‍ ലീഗ് കിരീടവും നേടിയ ടീമില്‍ അംഗമായിരുന്നു. എഫ്.എ കപ്പ്, ലീഗ് കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിവയും നേടി. കഴിഞ്ഞ സീസണില്‍ ഫോം നഷ്ടപ്പെട്ടതോടെ സ്റ്റാര്‍ടിംഗ് ഇലവനില്‍ സ്ഥിരം സ്ഥാനം ലഭിച്ചിരുന്നില്ല.
നബി കീത്ത, അലക്സ് ഓക്സാള്ഡ് ചെയ്മ്പര്ലെയ്ന്, ജെയിംസ് മില്‍നര്‍ എന്നിവരും ക്ലബ്ബ് വിട്ടതോടെ അര്ജന്റീനക്കാരന് അലക്സിസ് മക്കാലിസ്റ്റര്‍, ഹംഗറി ക്യാപ്റ്റന്‍ ഡൊമിനിക് സോബോസ്ലായ് എന്നിവരെ ഉള്‍പെടുത്തി മധ്യനിര ലിവര്‍പൂള്‍ അഴിച്ചുപണിയുകയാണ്. ഫാബിഞ്ഞോക്കു പകരം അവര്‍ക്ക് ഒരു ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറെ ആവശ്യമുണ്ട്.






