ചെന്നൈ - അതാരി വാഗ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന് ടീമും എത്തിയതോടെ ചെന്നൈയില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ആവേശം പാരമ്യത്തില്‍. വ്യാഴാഴ്ചയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. 2011 ല്‍ ആരംഭിച്ച ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വന്‍കരയിലെ ആറ് മുന്‍നിര ടീമുകളാണ് റൗണ്ട് റോബിന് ലീഗടിസ്ഥാനത്തില്‍ കളിക്കുക. എല്ലാ വര്‍ഷവും ടൂര്ണമെന്റുണ്ടാവും.
സ്പോര്‍ട്സിലൂടെ സുഹൃദ്ബന്ധം ഊട്ടിയുറപ്പിക്കാനാണ് പാക്കിസ്ഥാന് ടീം ശ്രമിക്കുകയെന്ന് കോച്ച് മുഹമ്മദ് സഖ്ലൈന് പറഞ്ഞു. പഴയ പ്രതാപം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് ഉമര്‍ ഭൂട്ടയുടെ നേതൃത്വത്തിലുള്ള ടീം എത്തിയിരിക്കുന്നത്. മൂന്നു തവണ പാക്കിസ്ഥാന് ചാമ്പ്യന്മാരായിട്ടുണ്ട് -2012 ലും 2013 ലും കിരീടം നേടിയ അവര്‍ 2018 ല്‍ ഇന്ത്യയുമായി ട്രോഫി പങ്കിട്ടു. ഇന്ത്യ 2011 ലും 2016 ലും ചാമ്പ്യന്മാരായി. തെക്കന്‍ കൊറിയയാണ് നിലവിലെ ചാമ്പ്യന്മാര്.
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സംഘടിപ്പിച്ചത് അസമയത്താണെന്ന് പല കോച്ചുമാര്‍ക്കും അഭിപ്രായമുണ്ട്. ,സെപ്റ്റംപബര് 22 ന് ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റായ ഏഷ്യന്‍ ഗെയിംസ് ഹോക്കി തുടങ്ങുകയാണ്. ഏഷ്യന്‍ ഗെയിംസിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ബെല്‍ജിയം, ഹോളണ്ട്, ഫ്രാന്‍സ്, സ്പെയിന് ടീമുകളുമായി സന്നാഹ മത്സരം കളിക്കാനിരിക്കുകയായിരുന്നു മലേഷ്യ. ഇന്ത്യയുടെ എല്ലാ കളികളും താരതമ്യേന ചൂട് കുറഞ്ഞ രാത്രി കാലാവസ്ഥയില്‍ സംഘടിപ്പിച്ചതിലും ടീമുകള്‍ അസംതൃപ്തരാണ്. 16 വര്‍ഷത്തിനു ശേഷമാണ് ചെന്നൈ ഒരു പ്രധാന ഹോക്കി ടൂര്‍ണമെന്റിന് വേദിയൊരുക്കുന്നത്. കോച്ച് ക്രയ്ഗ് ഫുള്ടന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ടൂര്‍ണമെന്റാണ് ഇത്. സ്പെയിനില്‍ ആറു ദിവസത്തിനിടെ നാല് മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ടീം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചെന്നൈയിലെത്തിയത്. വിശ്രമമില്ലാതെ ടൂര്‍ണമെന്റുകള്‍ കളിക്കുന്നത് വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് പറഞ്ഞു.






