ചെന്നൈ - തമിഴ്നാട് വേദിയൊരുക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന് ടീമിന് അവരുടെ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടി. ടീം ചൊവ്വാഴ്ച ഇന്ത്യയിലെത്തും. വ്യാഴാഴ്ചയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന് ടീം സര്‍ക്കാറിന്റെ അനുമതി തേടിയിട്ടുണ്ട്.
വാഗ അതിര്‍ത്തി വഴി ഇന്ത്യയില്‍ പ്രവേശിക്കുന്ന ടീം അമൃതസറില്‍ നിന്ന് ചെന്നൈയിലേക്ക് വിമാനം കയറും. മൂന്ന് ഒഫിഷ്യലുകളുടെ വിസക്കായി ഇപ്പോഴും ടീം കാത്തിരിക്കുകയാണെന്ന് പാക്കിസ്ഥാന് ഹോക്കി ഫെഡറേഷന് അറിയിച്ചു. 2014 ല്‍ ഇന്ത്യയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഉദ്ഘാന ദിവസം മലേഷ്യക്കെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ഇന്ത്യ-പാക്കിസ്ഥാന് മത്സരം ഓഗസ്റ്റ് ഒമ്പതിനാണ്.
നിലവിലെ ചാമ്പ്യന്മാരായ തെക്കന്‍ കൊറിയ, റണ്ണേഴ്സ്അപ് ജപ്പാന് ടീമുകള്‍ ചെന്നൈയിലെത്തി. ഇരു ടീമുകള്‍ക്കും ചെന്നൈ വിമാനത്താവളത്തില്‍ ഹാര്‍ദ്ദവമായ സ്വീകരണം നല്കി.






