ദുബായ് - കരീബിയയിലും അമേരിക്കയിലുമായി നടക്കുന്ന അടുത്ത ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ തിയ്യതികളും വേദികളുടെ ചുരുക്കപ്പട്ടികയും പ്രഖ്യാപിച്ചു. ജൂണ്‍ നാലിന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ ജൂണ്‍ 30നാണ്. അമേരിക്കയിലെ ഫ്‌ളോറിഡ, മോറിസ്‌വൈല്‍, ഡാളസ്, ന്യൂയോര്‍ക്ക് എന്നിവയും ലോകകപ്പ് മത്സരങ്ങള്‍ക്കായി പരിഗണിക്കുന്ന വേദികളാണ്. ആദ്യമായാണ് ഒരു ഐ.സി.സി ടൂര്‍ണമെന്റിന് അമേരിക്ക ആതിഥ്യമൊരുക്കുക. ഫ്‌ളോറിഡയിലെ ലോഡര്‍ഹില്‍ ഉള്‍പ്പെടെ നാല് വേദികളും ഐ.സി.സി സംഘം പരീക്ഷിച്ചു. ലോഡര്‍ഹില്ലില്‍ ഇതിനകം ഇന്റര്‍നാഷനല്‍ മത്സരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി20 മത്സരം അടുത്ത മാസം നടക്കാനിരിക്കുകയാണ്.
മോറിസ്‌വൈലിലും ഡാളസിലും മേജര്‍ ലീഗ് ക്രിക്കറ്റിന്റെ വേദികളാണ്. ഡാളസിലെ ഗ്രാന്റ് പ്രയിരി സ്റ്റേഡിയത്തിനും മോറിസ്‌വൈലിലെ ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്കിനും ന്യൂയോര്‍ക്കിലെ വാന്‍കോര്‍ട്‌ലാന്റ് പാര്‍ക്കിനും ഇന്റര്‍നാഷനല്‍ വേദി എന്ന പദവി ഇതുവരെ ലഭിച്ചിട്ടില്ല. അതു ലഭിച്ചാലേ ലോകകപ്പ് മത്സരങ്ങള്‍ നടത്താനാവൂ. ഐ.സി.സിയും ക്രിക്കറ്റ് വെസ്റ്റിന്‍ഡീസും യു.എസ്.എ ക്രിക്കറ്റുമാണ് വേദികള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
അയര്‍ലന്റും സ്‌കോട്‌ലന്റും പപ്പുവന്യൂഗിനിയും അടുത്ത ട്വന്റി20 ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഈസ്‌റ്റേഷ്യ പസിഫിക് മേഖലാ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനത്തായിരുന്നു പപ്പുവന്യൂഗിനി. യൂറോപ്യന്‍ മേഖലായ യോഗ്യതാ റൗണ്ടില്‍ അയര്‍ലന്റും സ്‌കോട്‌ലന്റും ആദ്യ സ്ഥാനങ്ങളിലെത്തി. അമേരിക്കാസ് (ഒരു സ്ഥാനം), ആഫ്രിക്ക (രണ്ടു സ്്ഥാനം), ഏഷ്യ (രണ്ടു സ്ഥാനം) യോഗ്യതാ റൗണ്ടുകള്‍ നടക്കാനിരിക്കുന്നു. ആതിഥേയരായ വെസ്റ്റിന്‍ഡീസും അമേരിക്കയുമുള്‍പ്പെടെ 12 ടീമുകളും ഇതുകൂടാതെ 2022 ലെ ലോകകപ്പില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തിയ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലാന്റ്‌സ്, ന്യൂസിലാന്റ്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളും ലോകകപ്പ് കളിക്കും. ആകെ 20 ടീമുകള്‍.
കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തവണ ലോകകപ്പിന്റെ രീതി. ആദ്യ റൗണ്ടും അതു കഴിഞ്ഞ് സൂപ്പര്‍ ട്വല്‍വുമായിരുന്നു ഇതുവരെ. അടുത്ത ലോകകപ്പില്‍ 20 ടീമുകളെ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാക്കി തിരിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു വീതം ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. സൂപ്പര്‍ എട്ടില്‍ നാല് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളുണ്ടാവും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലെത്തും.
2024-31 ഐ.സി.സി ചക്രത്തിലെ എട്ട് ആഗോള ടൂര്‍ണമെന്റുകളില്‍ ആദ്യത്തേതാണ് ട്വന്റി20 ലോകകപ്പ്. അമേരിക്കയെ വേദിയായി തെരഞ്ഞെടുത്തത് രണ്ട് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. അവിടത്തെ മാര്‍ക്കറ്റില്‍ ക്രിക്കറ്റിന് വേരുണ്ടാക്കുകയാണ് ലക്ഷ്യം. രണ്ടാമതായി, 2028 ലെ ലോസ്ആഞ്ചലസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സര ഇനമാക്കുക.






