മൂന്നാം പിണറായി വരുന്നേ...


വടക്കേ മലബാറിലെ ഒരു നഗരത്തിലെ ഫേസ്ബുക്ക് കൂട്ടായ്മയിൽ കൗതുകകരമായ പല ചർച്ചകളും നടക്കാറുണ്ട്. അടുത്തിടെ നടത്തിയ ഒരെണ്ണം ഇങ്ങിനെയാണ്. കുട്ടിക്കാലത്ത് അമ്മയുടെ കണ്ണു വെട്ടിച്ച് അടുക്കളയിൽ കയറി അടിച്ചു മാറ്റിയതെന്തെന്ന് ഇവിടെ കമന്റ് ചെയ്യൂ. ചോയിസുകളും ചോദ്യകർത്താവ് തന്നിട്ടുണ്ട്. പാൽപ്പൊടി, ഹോർലിക്‌സ്, പഞ്ചസാര, വെല്ലം എന്നിങ്ങനെ പലതും. സത്യസന്ധമായ ഉത്തരങ്ങളുടെ പ്രവാഹമാണ് കണ്ടത്. ഇതിലൊന്നും അതിശയിക്കാനില്ല. ലണ്ടനിലെ സായിപ്പ് മിഠായി കട്ടതിനെ പറ്റി വാർത്ത കണ്ടില്ലേ?  ലോകത്ത് ഏറ്റവും അധികം ജനപ്രീതിയുള്ള ഒന്നാണ് ചോക്ലേറ്റ്. വിശേഷ അവസരങ്ങളിൽ ചോക്ലേറ്റ് നൽകുന്നത് പതിവാണ്. കുട്ടികൾക്കും മുതിർന്നവർക്കും ചോക്ലേറ്റ് ഏറെ പ്രിയപ്പെട്ടതാണ്. അത്തരത്തിൽ ചോക്ലേറ്റിന്റെ കടുത്ത ഒരു ആരാധകരിൽ ഒരാളാണ് ജോബി പൂൾ എന്ന ബ്രിട്ടീഷുകാരൻ. 32 കാരനായ ഇദ്ദേഹം ചോക്ലേറ്റ് മോഷണത്തിലൂടെയാണ് വാർത്തകളിൽ നിറയുന്നത്.
42 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ലക്ഷം കാഡ്ബറി മിൽക്ക് ചോക്ലേറ്റ് എഗ്ഗാണ് ഇദ്ദേഹം മോഷ്ടിച്ചത്. മഞ്ഞ, വെള്ള നിറത്തിലെ ഫോണ്ടന്റ് നിറച്ച മുട്ടയുടെ ആകൃതിയിലെ ചോക്ലേറ്റാണിവ. ഈസ്റ്റർ സമയത്ത് പുറത്തിറക്കുന്ന ഈ ചോക്ലേറ്റ് എഗ്ഗുകൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. കഴിഞ്ഞ ഫെബ്രുവരി 11ന് ടെൽഫോർഡിലെ സ്റ്റാഫോർഡ് പാർക്കിലെ കാഡ്ബറി ഫാക്ടറിയിൽ അതിക്രമിച്ച് കടന്ന ജോബി മിഠായികളും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഇത്രയും മിഠായികൾ സുരക്ഷിതമായി കടത്താൻ ഒരു ട്രക്കുമായിട്ടാണ് ജോബി മോഷണത്തിനെത്തിയത്. വൈകാതെ പോലീസിന്റെ പിടിയിലായ ജോബിക്ക് കോടതി കഴിഞ്ഞ ദിവസം 18 മാസം ജയിൽശിക്ഷ വിധിച്ചു. അഞ്ച് മാസം ഇദ്ദേഹത്തിന് പോലീസ് കസ്റ്റഡിയിൽ കഴിയേണ്ടി വന്നിരുന്നു. ഇതിനെ ശിക്ഷാ കാലയളവായി കണക്കാക്കുമെന്നതിനാൽ 18 മാസം മുഴുവൻ ജയിൽ ശിക്ഷ അനുഭവിക്കേണ്ടതില്ല. ഇത്രയും വലിയ ചോക്ലേറ്റ് മോഷണത്തിലേക്ക് ജോബിയെ പ്രേരിപ്പിച്ച കാരണം കണ്ടെത്താൻ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. 

                        ****               ****                 ****
ബ്രിട്ടനിൽ 1,200 കോടി രൂപ വിലമതിക്കുന്ന പ്രശസ്തമായ കൊട്ടാരം സ്വന്തമാക്കി ഇന്ത്യൻ ശതകോടീശ്വരൻ രവി റൂയിയ. സമീപകാലത്തു നടന്ന ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടെന്ന പ്രത്യേകതയോടെയാണ്, റഷ്യൻ വ്യവസായിയായ ആന്ദ്രെ ഗോൻചാരെങ്കോയിൽനിന്ന് ഹാനോവർ ലോഡ്ജ് എന്ന പേരിൽ പ്രശസ്തമായ കൊട്ടാരം രവി സ്വന്തമാക്കിയത്. പത്തൊൻപതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കൊട്ടാരമാണിത്. എസ്സാർ ഗ്രൂപ്പിന്റെ സഹ ഉടമയാണ് കൊട്ടാരം സ്വന്തമാക്കിയ രവി റൂയിയ. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 150 പാർക്ക് റോഡിലുള്ള റീജന്റ്‌സ് പാർക്കിന് അഭിമുഖമായാണ് കൊട്ടാരം.
നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ കൊട്ടാരം ആകർഷകമായ വിലയ്ക്ക് ലഭ്യമായ സാഹചര്യത്തിലാണ് വാങ്ങിയതെന്ന് റൂയിയ കുടുംബത്തിന്റെ ഓഫിസ് വക്താവ് വില്ല്യം റീഗോ അറിയിച്ചു.
ദരിദ്ര നാരായണന്മാരുടെ ഇന്ത്യ എന്നും പറഞ്ഞ് ഇനി ആരും വരരുത്. 

                         ****               ****                 ****
ഒരു മാസത്തോളമായി പൊതുജനമധ്യത്തിൽ നിന്നും അകന്നുനിൽക്കുന്ന വിദേശ മന്ത്രി ക്വിൻ ഗാങിനെ പദവിയിൽ നിന്നും ചൈന പുറത്താക്കി. പുതിയ വിദേശ മന്ത്രിയായി വാങ് യിയെ തെരഞ്ഞെടുത്തു. ചൈനീസ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിങ് കമ്മിറ്റി യോഗം വോട്ടെടുപ്പിലൂടെയാണ് വാങ് യിയെ പുതിയ പദവിയിലേക്ക് തെരഞ്ഞെടുത്തത്.
69 കാരനായ വാങ് യി 2013 മുതൽ 2022 വരെ വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. സെൻട്രൽ ഫോറിൻ അഫയേഴ്സ് ഡയറക്ടറുമായിരുന്നു. ഒരു മാസത്തിലേറെയായി ക്വിന്നിന്റെ അസാന്നിധ്യത്തിൽ വാങ് യിയാണ് പ്രസിഡന്റ് ഷീ ജിൻ പിങിനൊപ്പം ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിരുന്നത്. ഒരു മാസത്തോളമായുള്ള തിരോധാനത്തിന്റെ പിന്നാലെയാണ് രാജ്യത്തെ വിദേശകാര്യ മന്ത്രിയെ പുറത്താക്കിയതെന്ന്  ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
പുറത്തിറക്കിയ ഉത്തരവിൽ ക്വിന്നിനെ നീക്കിയതായി പറയുന്നുണ്ടെങ്കിലും ഇതിനുപിന്നിലെ കാരണം ഷി ജിൻ പിംഗ് ഒപ്പുവച്ച ഉത്തരവിലില്ല. ഒരുമാസത്തോളമായി ക്വിനിന്റെ വാർത്തകളൊന്നും പുറത്തുവരാത്തത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ക്വിനിനെ നീക്കിയതെന്നാണ് ഭരണകൂടം വിശദീകരിച്ചത്. എന്നാൽ ഹോങ്കോംഗിലെ ഫിനിക്സ് ടിവി അവതാരക ഫു സിയോഷിയനുമായി ക്വിന്നിന് അവിഹിത ബന്ധമുണ്ടെന്നും ഇതിൽ ഒരു കുട്ടിയുണ്ടെന്നും മാധ്യമവാർത്തകൾ പ്രചരിച്ചിരുന്നു. അമേരിക്കൻ പൗരത്വമാണ് ഫു സിയോഷിയനുള്ളത്. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്ക നടപടിയെടുക്കേണ്ട സമിതി ഇക്കാര്യത്തിൽ ക്വിന്നിനെ ചോദ്യം ചെയ്തതായി വിവരമുണ്ട്. ഡിസംബറിലാണ് ക്വിൻ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്. ടിവി ജേണലിസ്റ്റുകളെ പരിധിക്കപ്പുറം അടുപ്പിക്കരുതെന്നത് ഇതിന്റെ ഗുണപാഠം. 

                         ****               ****                 ****
കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗ്രൂപ്പുകളിയുമായി കോൺഗ്രസ് നിന്നാൽ മൂന്നാം പിണറായി സർക്കാരുണ്ടാകുമെന്ന് തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകി. ഐക്യത്തിനായി ത്യാഗം സഹിക്കാൻ എല്ലാവരും തയാറാകണമെന്നും പാർട്ടി അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.ഉപതെരഞ്ഞെടുപ്പ് നേരിടാൻ പോകുന്ന സമയം പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് തിരുവഞ്ചൂർ പറഞ്ഞത്. കോൺഗ്രസിന്റെ സംയുക്ത മുഖം കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സംസ്ഥാനത്തുള്ള മഹാഭൂരിപക്ഷം ആളുകളെന്നും തിരുവഞ്ചൂർ രാധാകൃഷണൻ പറഞ്ഞു.
കോൺഗ്രസ് അതിന്റെ പഴയ കാലത്തേക്ക് പോകണമെന്നും പഴയ കാലം എന്ന് പറയുന്നത് എല്ലാവരും ഒരുമിച്ച് നിന്നിരുന്ന കാലമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദീർഘമായി പ്രതിപക്ഷത്ത് നിൽക്കുകയാണ്. നമ്മുടെ തലയിൽ കയറി മെതിക്കുന്ന രൂപത്തിലേക്ക് മാർക്സിസ്റ്റ് പാർട്ടി വിശ്വരൂപം കാട്ടുകയാണെന്നും അക്രമ സ്വഭാവം കാട്ടിക്കൂട്ടുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
കേരളത്തിൽ കോൺഗ്രസിനെ വിശ്വസിച്ച് നിൽക്കുന്നവരുണ്ട്. അവർ അറബിക്കടലിൽ മുങ്ങിത്താഴണോ, അതിന് അനുവദിക്കണോ എന്ന് ചോദിക്കുന്ന തിരുവഞ്ചൂർ നമ്മളെയാണ് അവർ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. ഒന്നാം പിണറായി സർക്കാർ വന്നു, രണ്ടാം പിണറായി സർക്കാർവന്നു ഇനി മൂന്നാം പിണറായി സർക്കാരിലേക്ക് പോകാൻ പറ്റുമോ എന്ന് ചോദിച്ച തിരുവഞ്ചൂർ ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടോയെന്നും ചോദിച്ചു. ജനങ്ങൾ ഭരണമാറ്റം തന്നെയാണ് ആഗ്രഹിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കേരളം ഒന്നാകെ കരഞ്ഞു. ഈ സാഹചര്യത്തിൽ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് പറയുന്നത്. അതിന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുള്ള നിലപാടെടുക്കണമെന്നും അദ്ദേഹം റഞ്ഞു.സാധാരണക്കാരനായ പാർട്ടി പ്രവർത്തകന്റെ ചോദ്യം ഒരുമിച്ച് പോയിക്കൂടെ എന്നാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇലക്്ഷന് എത്രയോ കാലം ബാക്കിയിരിക്കുമ്പോഴേ യു.എൻ നായരാണോ, ആലപ്പുഴ നായരോ മികച്ചതെന്ന തർക്കത്തിൽ വ്യാപൃതരായ കോൺഗ്രസ് നേതാക്കൾക്ക് ഇതൊക്കെ ശ്രദ്ധിക്കാൻ നേരമെവിടെ? 

                             ****               ****                 ****
മലയാളികൾ മര്യാദയുള്ളവരാണെന്നും കേരള പോലീസ് അടിപൊളിയാണെന്നും ബോളിവുഡ് താരം സണ്ണി ലിയോൺ. കൊച്ചിയിൽ ഉദ്ഘാടനത്തിന് വന്നപ്പോഴുള്ള അനുഭവമാണ് സണ്ണി ലിയോൺ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിൽ ലഭിച്ച വരവേൽപ്പ് ഒരിക്കലും മറക്കാൻ പറ്റില്ലെന്നും വല്ലാതെ ഞെട്ടിയ നിമിഷമായിരുന്നു അതെന്നുമാണ് സണ്ണി ലിയോൺ പറയുന്നത്. ഉദ്ഘാടന വേദിയിലേക്ക് കാറിൽ എത്തുമ്പോൾ ചുറ്റിലും ധാരാളം ആളുകളുണ്ടായിരുന്നു. ആളുകളുണ്ട് എന്നല്ലാതെ എത്രത്തോളം ആൾക്കാരുണ്ടെന്ന് അറിയില്ലായിരുന്നു. എന്നാൽ ആ സ്റ്റേജിൽ കയറി നിന്നപ്പോഴാണ് ഞെട്ടിയത്.'എന്റെ പേര് ഉറക്കെവിളിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ. ആ തിരക്കിനിടയിൽ കേരള പോലീസിന്റെ സഹായം വലുതായിരുന്നു. അവർ നല്ല സുരക്ഷയാണൊരുക്കിയത്. അവിടെ ഒരു പ്രശ്‌നവും ഉണ്ടായില്ല.''ആളുകൾ എല്ലാവരും വളരെ മര്യാദയോടെയാണ് പെരുമാറിയത്. തിരികെ കാറിൽ കയറിയപ്പോഴാണ് അവിടെയെത്തിയ ജനക്കൂട്ടത്തിന്റെ ഫോട്ടോ കാണുകയും എത്രത്തോളം ആളുകളാണ് എന്നെ കാണാൻ എത്തിയതെന്ന് തിരിച്ചറിയുകയും ചെയ്തത്' എന്നാണ് മിഡ് ഡേ ഇന്ത്യ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്. തിരുവനന്തപുരത്തും അടുത്തിടെ അവർ വന്നിരുന്നു. ഓണക്കാലത്ത് കോഴിക്കോട്ടും വരുന്നുണ്ട്. കൊച്ചിയിൽ സണ്ണി ലിയോൺ വന്ന സമയത്തെ പടങ്ങൾ വിശ്വഗുരുവിന് വേണ്ടി വരെ മിസ് യൂസ് ചെയ്യുന്നതാണ് പിന്നീട് കണ്ടത്. കേരളത്തെ പ്രളയ സമയത്ത് സഹായിച്ച ചരിത്രവും ഈ താരത്തിനുണ്ട്. എന്നാൽ ഇവർ പറഞ്ഞതിന് നേരെ വിരുദ്ധമായ അഭിപ്രായമാണ് നടി ഐശ്വര്യ ഭാസ്‌കറിന്. കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടി ഐശ്വര്യ ഭാസ്‌കർ പറഞ്ഞു തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യ പ്രതികരിച്ചത്. 
കുട്ടിക്കാലത്തെല്ലാം ഞാൻ ഓടിക്കളിച്ചു വളർന്ന സ്ഥലമാണ് കേരളം. കേരളത്തിലേക്ക് പോകുമ്പോൾ അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ ഞാൻ സ്ഥിരമായി പോകാറുണ്ട്. പക്ഷേ കുറെ നാളുകൾക്ക് ഞാൻ കേരളത്തിൽ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി വന്നിരുന്നു. ഷൂട്ട് കഴിഞ്ഞ് ഒരു ദിവസം ഒഴിവ് സമയം കിട്ടിയപ്പോൾ ഞാൻ തിരുവനന്തപുരത്തെ അമ്പലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. ഇക്കാര്യം സീരിയൽ ചെയ്യുന്ന കമ്പനിയിൽ അറിയിച്ചപ്പോൾ അവർ പറഞ്ഞത് ഷൂട്ടിംഗ് ഉള്ളതുകൊണ്ട് കാർ ഒന്നും ഒഴിവില്ലെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഓട്ടോയിൽ പോകാൻ തീരുമാനിച്ചു. രാവിലെ അഞ്ചു മണിക്ക് പോവുകയാണെങ്കിൽ ക്ഷേത്രങ്ങൾ സന്ദർശിച്ച് വലിയ ട്രാഫിക് ഉണ്ടാകുന്നതിന് മുമ്പ് തിരിച്ചു വരാൻ സാധിക്കും.
അന്ന് ഹോട്ടലിൽ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഞാൻ ഈ കാര്യം പറഞ്ഞു. രാവിലെ ഒരു ഓട്ടോ കിട്ടാൻ എന്നെ സഹായിക്കണം എന്ന് അദ്ദേഹത്തോട് പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ സുരക്ഷിതമല്ല, മാം സ്വന്തം കാർ അല്ലെങ്കിൽ കമ്പനിയുടെ കാറിൽ മാത്രമേ പുറത്തു പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകരുതെന്ന്. അപ്പോൾ ഞാൻ ചോദിച്ചു, താങ്കൾ എന്താണ് പറയുന്നത്, താൻ ചെറുപ്പം മുതൽ പോകുന്ന സ്ഥലങ്ങളാണ് ഇതൊക്കെയെന്ന്. അപ്പോഴാണ് ഇവിടെ നടന്ന കുറെ ഭയപ്പെടുത്തുന്ന സംഭവങ്ങളെ കുറിച്ച് അദ്ദേഹം എന്നോട് പറയുന്നത്.
സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവം, പോലീസുകാരനായ ഭർത്താവ് കാരണം ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തത്. സ്ത്രീധനം സംബന്ധിച്ച് പ്രശ്‌നങ്ങളിലാണ് പെൺകുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതും. ഇങ്ങനെയുള്ള കാര്യങ്ങൾ ഞാനും ടെലിവിഷൻ ചാനലുകളിൽ കണ്ടിരുന്നു. ഈ സംഭവങ്ങൾ ഭീതിയുളവാക്കുന്നു. എന്റെ വിശ്വസ്തനായ ഡ്രൈവർക്കൊപ്പം അല്ലെങ്കിൽ സ്വന്തമായി കാറോ അംഗരക്ഷകരോ ഇല്ലെങ്കിൽ കുട്ടിക്കാലം മുതൽ ഞാൻ സന്ദർശിച്ച ഈ ക്ഷേത്രങ്ങളിലൊന്നും തനിക്ക് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
പണ്ടൊരിക്കൽ ഞാൻ ഷൂട്ടിംഗിനായി തിരുവല്ലയിലായിരിക്കുമ്പോൾ ബസ് സ്റ്റോപ്പിലേക്കുള്ള റോഡിൽ ഒരു ആൺകുട്ടി കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്. സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾ എവിടെ എന്നാണ് ഞാൻ ചോദിക്കുന്നത്. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കാത്തത്. സ്ത്രീ സംഘടനകൾ എവിടെയാണ്. ജനങ്ങൾ വോട്ട് നൽകി തെരഞ്ഞെടുത്ത സർക്കാർ ഒന്നും ചെയ്യുന്നില്ല. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്.
പെൺകുട്ടികൾ സ്‌കൂൾ വിട്ട് തിരിച്ചു വരുന്നത് വരെ തങ്ങൾക്ക് പേടിയാണ് മാഡം എന്നാണ് ഡ്രൈവർമാർ എന്നോട് പറയുന്നത്. ഇതെല്ലാം കേട്ടിട്ട് എനിക്ക് തന്നെ ഭയം തോന്നി. എനിക്ക് വിശ്വസിക്കാനായില്ല. ഒന്നോ രണ്ടോ ദിവസം അവധി കിട്ടിയാൽ കേരളത്തിൽ ഹോട്ടലിൽ തന്നെ സമയം ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇത് എന്റെ നാട്ടിൽ ആണെങ്കിൽ വലിയ നടപടികൾ സ്വീകരിച്ചേനെ. കേരളത്തിൽ നിയമസംവിധാനങ്ങൾ ഇതൊന്നും വേണ്ടതുപോലെ നടപടി എടുക്കുന്നില്ല എന്ന് പറയുന്നതു വളരെ കഷ്ടമാണ്. ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് യുവതലമുറ കടന്നുപോകുന്നത്.
സുരക്ഷ കൊടുക്കാൻ കഴിയാത്ത നിങ്ങൾ വിഡ്ഢികളാണ്. സാക്ഷരത ഏറ്റവും കൂടുതൽ ഉള്ള നാട്ടിൽ സ്‌കൂൾ കാലം മുതൽ സ്ത്രീ സുരക്ഷ പഠിപ്പിച്ചു വേണം കുട്ടികളെ വളർത്താൻ. ഇതിനൊന്നും പ്രാധാന്യം കൊടുക്കാത്ത സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളെ വിട്ട് പഠിപ്പിക്കണോ എന്ന് സ്വയം ആലോചിക്കുക. മറ്റു വഴികൾ ഇല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെ തമിഴ്‌നാട്ടിലേക്ക് അയക്കുക. ഞങ്ങൾ നോക്കിക്കോളാം. ഞാൻ ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല ഇതു പറയുന്നത്. ആക്രമണത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം. നീതിയും ന്യായവും കേരളത്തിൽ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നാണല്ലോ-ഐശ്വര്യ പറഞ്ഞു നിർത്തി. 

           ****               ****                 ****
താരപുത്രൻ എന്ന ഇമേജ് വളരെ വേഗത്തിൽ മാറ്റിയെടുത്ത് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ദുൽഖർ സൽമാൻ. പിതാവും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടിയുടെ നിഴലിൽ വളർന്നുവരാൻ ഒരുകാലത്തും ദുൽഖർ ആഗ്രഹിച്ചിട്ടില്ല. മമ്മൂട്ടിക്കും അതിനു താൽപര്യമില്ലായിരുന്നു. കഴിവുണ്ടെങ്കിൽ മകൻ സിനിമയിൽ മുന്നോട്ടു പോകട്ടെ എന്നതായിരുന്നു മമ്മൂട്ടിയുടെ നിലപാട്. ഒടുവിൽ ദുൽഖർ അത് സാധ്യമാക്കി. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയ ശേഷം ദുബായിൽ ജോലി ചെയ്യുകയായിരുന്നു ദുൽഖർ. കൺസ്ട്രക്ഷൻ മേഖലയിൽ മാസ ശമ്പളത്തിനായിരുന്നു ദുൽഖർ അക്കാലത്ത് ജോലി ചെയ്തിരുന്നത്. പിന്നീട് ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ മലയാള സിനിമയിൽ അരങ്ങേറിയത്. 2011 ലായിരുന്നു ദുൽഖറിന്റെ സിനിമാ അരങ്ങേറ്റം.
സിനിമയെ കുറിച്ച് ദുൽഖർ ആലോചിച്ചു തുടങ്ങിയ സമയത്ത് ഉമ്മ സുൽഫത്ത് കുട്ടി ദുൽഖറിന് ഒരു ഉപദേശം നൽകി. അത് ദുൽഖറിന്റെ സിനിമ കരിയറിൽ നിർണായകമായി. 'വാപ്പച്ചിയെ പോലെ സിനിമയിൽ വിജയിക്കാമെന്ന് പ്രതീക്ഷിക്കരുത്,' എന്നാണ് സുൽഫത്ത് മകന് നൽകിയ ഉപദേശം. വാപ്പച്ചിയുടെ തണലിൽ സിനിമയിൽ ശോഭിക്കാമെന്ന പ്രതീക്ഷ വേണ്ട എന്നായിരുന്നു ആ വാക്കുകളുടെ അർത്ഥം. ഉമ്മയുടെ വാക്കുകൾ ദുൽഖറിനെ വലിയ രീതിയിൽ സ്വാധീനിച്ചു. സിനിമ ലോകത്തേക്ക് പോകുകയാണെങ്കിൽ സ്വന്തം കാലിൽ നിൽക്കണമെന്നും വാപ്പച്ചിയുടെ സഹായം കൊണ്ട് മുന്നേറ്റമുണ്ടാക്കരുതെന്നും ദുൽഖർ മനസിൽ ഉറപ്പിച്ചു.
വാപ്പച്ചിയുടെ സഹായം ഇല്ലാതെ തനിക്ക് സിനിമയിൽ ശോഭിക്കാൻ കഴിയുമോ എന്ന് നോക്കാൻ ദുൽഖർ തീരുമാനിച്ചു. അങ്ങനെയാണ് മമ്മൂട്ടിയുടെ മകനായി മുതിർന്ന സംവിധായകർ വച്ചുനീട്ടിയ ഓഫറുകളെല്ലാം ദുൽഖർ നിരസിച്ചത്. നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോയിൽ അഭിനയിക്കാൻ ദുൽഖർ തീരുമാനിക്കുന്നതും ഉമ്മച്ചിയുടെ വാക്കുകൾ കേട്ടാണ്.

                              ****               ****                 ****
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലക്ഷക്കണക്കിന് തൊഴിലസവരങ്ങൾ തട്ടിയെടുക്കുമെന്നാണ് എല്ലാവരുടേയും ആശങ്ക. അതിന് ഇനി ഐ.ഐ ഒന്നും വരേണ്ടതില്ലെന്നതാണ് സത്യം. ശനിയാഴ്ച രാവിലെ കടുത്ത ശബ്ദത്തിൽ അനൗൺസ്‌മെന്റ് കേട്ടാണ് റോഡിലൂടെ വരുന്ന വാഹനത്തെ നോക്കിയത്. ആദ്യം ഒരു വരി മാപ്പിള പാട്ട്. സ്വർഗത്തിലെ അസർ മുല്ലയെ പറ്റിയാണ് പാട്ട്. ഒരു വരി പൂർത്തിയാക്കാൻ പോലും അനുവദിക്കില്ല. അപ്പോഴേക്കും വരും അനൗൺസ്‌മെന്റ്. ഇവനാരെടാ ഇത്രയ്ക്ക് അരസികൻ എന്നത് മനസ്സിലാക്കാൻ നിരീക്ഷിച്ചു. ഒച്ച ഭയങ്കരമാണെങ്കിലും കടന്നു വരുന്നത് ഒരു മഞ്ഞ ഓട്ടോറിക്ഷ. ചക്കുംകടവിൽ നടക്കുന്ന നേർച്ചയാണ് വിഷയം. 
വാഹനത്തിൽ അനൗൺസറൊന്നുമില്ല. റെക്കോർഡ് ചെയ്ത് ശബ്ദ മലിനീകരണമുണ്ടാക്കാൻ ഓട്ടോ ഡ്രൈവർ മാത്രം. ഓട്ടോക്ക് ചുറ്റും ബാനർ കെട്ടി സുരക്ഷിതമാക്കിയിട്ടുമുണ്ട്. പണ്ടു കാലത്തായിരുന്നെങ്കിൽ ഒരു ജീപ്പിൽ മൂന്നോ നാലോ ആളുകൾ ചെയ്തിരുന്ന ജോലിയാണിത്. കെട്ട കാലത്ത് പാവം അനൗൺസറും സഹായികളും പട്ടിണിയിലായി. 

Latest News