ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങളും സംഗീതജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്ന കാലം. പഴയ ഹിന്ദി ഗാനങ്ങൾ ആലപിക്കേണ്ട റൗണ്ടിൽ ഒരു പഴയ ഹിന്ദി ഗാനമായിരുന്നു ആലപിച്ചത്. ലതാ മങ്കേഷ്‌കർ ആലപിച്ച അജിരൂഠ്കർ എന്നു തുടങ്ങുന്ന ഗാനം. ആ എപ്പിസോഡ് കണ്ട് യൂസഫലി കേച്ചേരി സാർ വിളിച്ചു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. നീ ആ പാട്ട് പാടുന്നതു കേട്ട് ഞാൻ ഒരുപാട് കാലം പിന്നിലേയ്ക്കു പോയി എന്നാണ് സാർ പറഞ്ഞത്.
സംഗീതവും ആതുരസേവനവും പകുത്തെടുത്ത ജീവിതമാണ് ഡോ. ബിനിത രഞ്ജിത്തിന്റേത്. തൃശൂർ വടക്കാഞ്ചേരി പൂമല ഫാമിലി ഹെൽത്ത് സെന്ററിലെ ഡോക്ടറാണ് ഈ കോട്ടയത്തുകാരി. കോട്ടയം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠനം കഴിഞ്ഞ് ആറുമാസത്തെ ഇന്റേൺഷിപ്പിനിടയിലായിരുന്നു ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലേക്ക് ക്ഷണം ലഭിച്ചത്. റിയാലിറ്റി ഷോയിലൂടെയാണ് ബിനിതയിലെ പാട്ടുകാരിയെ പുറംലോകമറിഞ്ഞത്. ഒരു വർഷത്തോളം നീണ്ട ഷോയ്‌ക്കോടുവിൽ അവസാനത്തെ പത്തിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടതും പാട്ടിനോടുള്ള അടുപ്പം വർധിപ്പിക്കുകയായിരുന്നു.
പാരമ്പര്യമായി പാട്ടിനെ ചേർത്തുപിടിച്ച കുടുംബമായിരുന്നു ഡോക്ടറുടേത്. സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചതും അമ്മ തന്നെ. യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിലെല്ലാം പങ്കെടുത്ത് സമ്മാനം വാങ്ങിയ അമ്മ ഗാനമേളകൾക്കും പോകുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായിരുന്നെങ്കിലും അച്ഛനും കലാസ്വാദകനായിരുന്നു. ഞങ്ങൾക്കുവേണ്ടിയായിരുന്നു അമ്മ സംഗീതമെല്ലാം ഉപേക്ഷിച്ചത്. എങ്കിലും ഞങ്ങളെ കലാലോകത്തേക്ക് കൈപിടിച്ചുനടത്താൻ അവർ തയ്യാറായി. ചേട്ടനെ മൃദംഗം പഠിപ്പിക്കുകയും എന്നെ സംഗീതം അഭ്യസിപ്പിക്കുകയും ചെയ്തു. രണ്ടാം ക്ലാസ് വിദ്യാർഥിയായിരിക്കേ ഒരിക്കൽ ചേട്ടൻ അവതരിപ്പിച്ച കഥാപ്രസംഗത്തിനിടയിൽ എന്നെക്കൊണ്ട് പാട്ടു പാടിക്കുകയായിരുന്നു. കോട്ടയം ബാലഭവനിലെ ബേബി മാത്യു സാറായിരുന്നു പ്രചോദനമായത്. പാട്ടുകേട്ട് അച്ഛന്റെ സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു. സംഗീത താൽപര്യം കണ്ടറിഞ്ഞാണ് കോട്ടയം വീരമണി സാറിന്റെ ശിക്ഷണത്തിൽ ക്ലാസിക്കൽ സംഗീതം അഭ്യസിച്ചുതുടങ്ങിയത്.
സ്‌കൂൾ പഠനകാലത്തും സംഗീതവേദികളിൽ നിത്യസാന്നിധ്യമായിരുന്ന ഡോക്ടർ സംസ്ഥാന സ്‌കൂൾ യുവജനോത്സവ വേദികളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. എം.ജി. സർവ്വകലാശാലാ കലാതിലകവുമായിരുന്നു. ഗായികയായ വൈക്കം വിജയലക്ഷ്മിയും അന്ന് തന്നോടൊപ്പം മത്സരാർഥിയായിരുന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്.
കുട്ടിക്കാലംതൊട്ടേ ഡോക്ടറാകാനായിരുന്നു മോഹം. കാരണക്കാരനായത് സൈക്കോളജിസ്റ്റായ അമ്മാവനും. അദ്ദേഹത്തിന്റെ ചില കോൺഫറൻസുകളിൽ എന്നെയും കൊണ്ടുപോവുമായിരുന്നു. ഇടവേളകളിൽ പാട്ടു പാടിക്കുകയും ചെയ്യും. അന്നുതൊട്ടേ മനസ്സുറപ്പിച്ചിരുന്നു. വലുതാകുമ്പോൾ ഞാനും ഡോക്ടറാകും. പഠനത്തിൽ എന്നും മുൻപന്തിയിലുണ്ടായിരുന്നതുകൊണ്ട് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷനും ലഭിച്ചു. പഠനഭാരം ഏറെയുണ്ടായിരുന്നതിനാൽ ആദ്യവർഷം പാട്ടിനെ അതിന്റെ പാട്ടിനു വിടുകയായിരുന്നു. എന്നാൽ പാട്ട് ഇഷ്ടപ്പെടുന്ന അധ്യാപകരും സീനിയർ വിദ്യാർഥികളുമുണ്ടായിരുന്നതിനാൽ വീണ്ടും പാട്ടിനെ ചേർത്തുപിടിക്കാൻ കഴിഞ്ഞു. യുവജനോത്സവങ്ങൾക്കു മാത്രമല്ല, കോളേജിൽ എന്തു പരിപാടിയുണ്ടായാലും ബിനിതയുടെ പാട്ടുണ്ടാവുമെന്നായി അവസ്ഥ. കലാപ്രവർത്തനങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന കാമ്പസായിരുന്നു അത്.
പഠനം കഴിഞ്ഞ് റിയാലിറ്റി ഷോയിൽ വന്നതോടെയാണ് ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാകുന്നത്. പലരും അടുത്തുവന്ന് പരിചയപ്പെടുന്നത് അന്നു പാടിയ പാട്ടുകളെ എടുത്തുപറഞ്ഞാണ്. അതിന്റെ തുടർച്ചയായി ഒട്ടേറെ സ്‌റ്റേജ് പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞു. ഏറെ പ്രോഗ്രാമുകളിൽ പങ്കെടുത്തു. സംഗീതത്തെ വേറിട്ട തലത്തിലൂടെ മുന്നോട്ടു കൊണ്ടുപോകണമെന്ന ചിന്തയുണ്ടായത് അങ്ങിനെയാണ്. കവർ സോങ്ങുകളും വീഡിയോകളുമെല്ലാം അവതരിപ്പിക്കാനുള്ള ഊർജം ലഭിച്ചത് ഇത്തരം സംഗീതപരിപാടികളിലൂടെയായിരുന്നു.
ഇതിനിടയിലായിരുന്നു വിവാഹം. തൃശൂർ സ്വദേശിയായ രഞ്ജിത്തുമായുള്ള വിവാഹത്തെ തുടർന്ന് ജീവിതം ഹൈദരാബാദിലേക്ക്്് പറിച്ചുനട്ടു. മൂന്നു മാസത്തിനുശേഷം ജോലിസാധ്യത കണക്കിലെടുത്ത് അവിടെനിന്നും നാട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുതുടങ്ങി. ഇളയമകന് മൂന്നു വയസ്സായപ്പോഴാണ് വീണ്ടും പാട്ടിലേയ്ക്കു ചുവടുവയ്ക്കുന്നത്. സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നതും ഇക്കാലത്തുതന്നെയായിരുന്നു. രഞ്ജിത് സാർ സംവിധാനം ചെയ്ത് മോഹൻ ലാൽ നായകനായ 'ലോഹ' ത്തിലെ, എത്തിപ്പോയി വാനത്തിൽ... എന്ന ഗാനം ആലപിക്കാൻ അവസരം ലഭിച്ചു. സംഗീതസംവിധായകൻ ശ്രീവത്സൻ ജെ മേനോൻ ആണ്് അവസരമൊരുത്തിത്തന്നത്. സോഷ്യൽ മീഡിയയിൽ ഞാൻ പാടിയ ഒരു ലളിതഗാനം കേട്ടാണ് അദ്ദേഹം എന്നെ വിളിച്ചത്. മറ്റൊരു ചിത്രമായ കഥ പറഞ്ഞ കഥയിൽ കണ്ണോളം നീ... എന്നു തുടങ്ങുന്ന ഒരു താരാട്ടുപാട്ടാണ് പാടിയത്. എന്റെ ഗുരു കൂടിയായ ജെയ്‌സൺ ജെ നായരാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. കൂടാതെ മിഡിൽ ഈസ്റ്റിലെ ഡോക്ടർമാർ ചേർന്നൊരുക്കിയ ബിയോണ്ട് ദി സെവൻ സീ എന്ന ചിത്രത്തിലെ തൂവൽ വീശി... എന്ന ഗാനവും ആലപിച്ചു.
മത്സരസ്വഭാവമുള്ള മേഖലയായതുകൊണ്ട് നമ്മൾ ഇവിടെത്തന്നെയുണ്ടെന്ന് തെളിയിക്കുന്ന കാര്യങ്ങളും ചെയ്യണം. എന്നാൽ ആതുരസേവനരംഗത്തായതിനാൽ ഇതിനൊന്നും സമയം കിട്ടാറില്ല. എങ്കിലും കഴിയാവുന്ന തരത്തിൽ ഈ മേഖലയിൽ നിലനിൽക്കണം എന്നാണ് ആഗ്രഹം. സ്വതന്ത്രമായി സംഗീതം നൽകാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്. സ്വതന്ത്രമായി വീഡിയോ ചെയ്യണമെന്നും ആരെക്കൊണ്ടെങ്കിലും വരികളെഴുതി സംഗീത സംവിധായകനെ കൊണ്ട് സംഗീതം ചെയ്യിക്കണമെന്നൊക്കെയുള്ള ആഗ്രഹവുമുണ്ട്. കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. സ്വതന്ത്രമായി പ്രവർത്തിക്കണമെങ്കിൽ സമയം ഏറെ ആവശ്യമാണ്. സ്വതന്ത്രമായി സംഗീത സംവിധാനം ചെയ്യാനുള്ള അവസരങ്ങളുമെത്തുന്നുണ്ട്. സഹപ്രവർത്തകയായ ഡോക്ടർ താരയുടെ സഹായംകൊണ്ടുകൂടിയാണ് സംഗീതരംഗത്ത് നിലനിൽക്കാൻ കഴിയുന്നത്.
ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങളും സംഗീതജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്ന കാലം. പഴയ ഹിന്ദി ഗാനങ്ങൾ ആലപിക്കേണ്ട റൗണ്ടിൽ ഒരു പഴയ ഹിന്ദി ഗാനമായിരുന്നു ആലപിച്ചിരുന്നത്. ലതാ മങ്കേഷ്‌കർ ആലപിച്ച അജിരൂഠ്കർ എന്നു തുടങ്ങുന്ന ഗാനം. ആ എപ്പിസോഡ് കണ്ട് യൂസഫലി കേച്ചേരി സാർ വിളിച്ചു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. നീ ആ പാട്ട് പാടുന്നതു കേട്ട് ഞാൻ ഒരുപാട് കാലം പിന്നിലേയ്ക്കു പോയി എന്നായിരുന്നു സാർ പറഞ്ഞത്. ഈ പാട്ടിന്റെ മലയാളം വരികളൊരുക്കാൻ ആഗ്രഹമുണ്ടെന്നും അത് നീ തന്നെ പാടണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതുല്യനായ അദ്ദേഹത്തിൽനിന്നും കേട്ട വാക്കുകൾ ഇന്നും നെഞ്ചിലുണ്ട്. എന്നാൽ അതൊന്നും നടന്നില്ല. അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമായിരുന്നു എന്നെ അലട്ടിയത്.
മറ്റൊരവസരത്തിൽ ഇരുവർ എന്ന ചിത്രത്തിലെ പാട്ടിന് കവർ സോങ് ചെയ്തപ്പോൾ മോഹൻ ലാൽ സാർ നേരിട്ടു വിളിച്ചതാണ്. ഏറെ പ്രശസ്തമാകാതിരുന്ന പൂങ്കൊടിയിൻ പുന്നഗെ എന്ന പാട്ടിനായിരുന്നു കവർ ഒരുക്കിയത്. എന്റെ ഒരു സുഹൃത്താണ് പാട്ടിന്റെ വീഡിയോ അദ്ദേഹത്തിന് അയച്ചുകൊടുത്തത്. പാട്ട് നന്നായിട്ടുണ്ടെന്നും ഗൗരവമായി മുന്നോട്ടു പോകണമെന്നും പറഞ്ഞപ്പോൾ ഒരു അവാർഡ് കിട്ടിയ പ്രതീതിയായിരുന്നു എനിക്കുണ്ടായിരുന്നത്.
കുടുംബത്തിന്റെ പിന്തുണകൊണ്ടു കൂടിയാണ് സംഗീതരംഗത്ത് നിലനിൽക്കാൻ കഴിയുന്നത്. ഭർത്താവ് രഞ്ജിത് കൊച്ചിയിൽ ബിസിനസ് മാനേജ്‌മെന്റ് കൺസൾട്ടന്റാണ്. നല്ല തിരക്കുള്ള, ടെൻഷനുള്ള ജോലിയായിരുന്നിട്ടും എന്റെ ഇഷ്ടങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി അദ്ദേഹം കൂടെത്തന്നെയുണ്ട്. അങ്ങനെയൊരാൾ ജീവിതത്തിന്റെ പുണ്യമെന്നാണ് ഡോക്ടറുടെ പക്ഷം. ഗുരുകുലം പബ്ലിക് സ്‌കൂളിൽ ഒമ്പതാം ക്ലാസുകാരനായ ദേവദത്തനും നാലാം ക്ലാസുകാരനായ ഹർഷവർധനുമാണ് മക്കൾ. രണ്ടു പേരും പാടും. പാട്ടു കേൾക്കുകയും ചെയ്യും. എങ്കിലും കൂടുതലിഷ്ടം ഫുട്ബാളിനോടാണ്.
ഇപ്പോൾ സംഗീത സംവിധാനരംഗത്തും ചില പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇഷ്ടപ്പെട്ട ചില വരികൾക്ക് മനസ്സിനിണങ്ങുന്ന ഈണം നൽകുകയാണ് ചെയ്യുന്നത്. ബി.കെ. ഹരിനാരായണന്റെ കവിതക്കാണ് ആദ്യമായി ഈണം നൽകിയത്. കോവിഡ് ഡ്യൂട്ടി കഴിഞ്ഞുവന്ന് ഒന്നും ചെയ്യാനില്ലാത്ത സമയത്താണ് ഇത്തരം ഈണങ്ങൾ കോർത്തെടുത്ത് പാട്ടൊരുക്കിയത്. പാടിയ വരികൾ ഫോണിലെ വോയ്‌സ് റെക്കോർഡറിൽ റെക്കോർഡ് ചെയ്ത് അദ്ദേഹത്തിന് അയച്ചുകൊടുത്തു. ഇഷ്ടമായപ്പോൾ കുറച്ചുകൂടി വരികൾ അയച്ചുതന്നു. ആ കവിതയ്ക്ക് പൂർണമായും ഈണം നൽകി ഒരു വീഡിയോ ആക്കി മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ മറ്റൊരു കവിതയ്ക്കും സംഗീതം നൽകിയിട്ടുണ്ട്. ജോയ്‌സ് പ്രൊഡക്ഷൻ എന്നൊരു യൂട്യൂബ് ചാനലിനുവേണ്ടി ഒരു തീംസോങ്ങും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരു പ്രാർഥനാഗാനവും ചിട്ടപ്പെടുത്തിയിട്ടുണ്ട്. മതത്തിന്റെ വേർതിരിവില്ലാതെ ആലപിക്കാനാവുന്ന ഗാനം. അതിന് വീഡിയോ ഒരുക്കണം. സ്‌കൂളിലെ പ്രാർഥനാ ഗാനമായി ഈ പാട്ട് നൽകണമെന്നാണ് കരുതുന്നത്. കപ്പ ഒറിജിനൽസിൽ മ്യൂസിക് മെജോയുടെ അടുത്ത സീസണിലേയ്ക്കായി നാലു ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
മരിക്കുന്നതുവരെ സംഗീതരംഗത്ത്് തുടരണമെന്നാണ് മോഹം. ഒരു തീരുമാനവും മുൻകൂട്ടിയെടുത്തതല്ല. എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്നു കരുതിയാൽ തൽക്കാലം നടന്നില്ലെങ്കിലും പിന്നീട് അത് ഭംഗിയായി നിറവേറുന്നതാണ് എന്റെ ജീവിതത്തിൽ കണ്ടുവരുന്നത്. ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയണം. സംഗീതരംഗത്ത് തന്റേതായൊരു കയ്യൊപ്പ് ചാർത്തണം.
ഇങ്ങനെ ഒരു പാട്ടുകാരി ഇവിടെ ജീവിച്ചിരുന്നു എന്ന് വരുംതലമുറയ്ക്ക് ഓർക്കാൻ കഴിയുന്ന തരത്തിൽ എന്തെങ്കിലും ചെയ്യുകയാണ് ലക്ഷ്യം - പാട്ടുകൊണ്ടും മരുന്നുകൊണ്ടും മനുഷ്യമനസ്സിനെ വിമലീകരിക്കുന്ന ഡോക്ടർ പറഞ്ഞുനിർത്തി.






