മുംബൈ - പരിക്കു കാരണം ദീര്‍ഘകാലമായി വിട്ടുനില്‍ക്കുന്ന പെയ്സ്ബൗളര്‍ ജസ്പ്രീത് ബുംറ പൂര്‍ണ ഫിറ്റ്നസ് നേടിയതായും അയര്‍ലന്റ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ഓഗസ്റ്റ് 18 നാണ് അയര്‍ലന്റിലെ ആദ്യ ട്വന്റി20. ഈയാഴ്ച ടീമിനെ പ്രഖ്യാപിക്കും.
കഴിഞ്ഞ സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ ട്വന്റി20യിലാണ് ബുംറ അവസാനം കളിച്ചത്. മാര്‍ച്ചില്‍ പുറംവേദന ശസ്ത്രക്രിയക്ക് വിധേയനായി. ഓഗസ്റ്റ് 30 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിലേ ബുംറക്ക് കളിക്കാനാവൂ എന്നാണ് ദേശീയ ക്രിക്കറ്റ് അക്കാദമി സ്റ്റാഫ് കരുതിയിരുന്നത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് തിരിച്ചുവരുന്നത്. ബുംറ പൂര്‍ണ തീവ്രതയില്‍ പന്തെറിയുന്നുണ്ടെന്ന് ഈയിടെ ബി.സി.സി.ഐ വെളിപ്പെടുത്തിയിരുന്നു.
മുഹമ്മദ് ഷമിയും ഏഷ്യാ കപ്പില്‍ തിരിച്ചെത്തുന്നതോടെ ഇന്ത്യന്‍ പെയ്സാക്രമണം പൂര്‍ണ കരുത്ത് പ്രാപിക്കും. ഒക്ടോബറില്‍ ലോകകപ്പ് ആരംഭിക്കാനിരിക്കെ ടീമിന് ശുഭവാര്‍ത്തയാണ് ഇത്.






