സാന്‍ സെബാസ്റ്റ്യന്‍ - സ്‌പെയിനിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും മധ്യനിരയില്‍ പേരെടുത്ത ഡാവിഡ് സില്‍വ ഗുരുതര പരിക്കിനെത്തുടര്‍ന്ന് കളി നിര്‍ത്തി. റയല്‍ സൊസൈദാദിന് കളിക്കവെ കഴിഞ്ഞയാഴ്ച പരിശീലനത്തിനിടയിലാണ് മുപ്പത്തേഴുകാരന് കാല്‍മുട്ടിന് പരിക്കേറ്റത്. സൊസൈദാദിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുത്ത ആവേശത്തിലായിരുന്നു സില്‍വ. മാഞ്ചസ്റ്റര്‍ വിട്ട ശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ അവസരം കിട്ടിയതോടെ തീവ്രമായ ഒരുക്കത്തിലായിരുന്നു.
2008 ലെ യൂറോ കപ്പും 2010 ലെ ലോകകപ്പും 2012 ലെ യൂറോ കപ്പും നേടിയ സ്‌പെയിന്‍ ടീമിലെ അംഗമായിരുന്നു സില്‍വ. 2012 ലെ ഇറ്റലിക്കെതിരായ യൂറോ ഫൈനലിലെ 4-0 വിജയത്തില്‍ ആദ്യ ഗോളടിച്ചു. സിറ്റിക്കൊപ്പം നാലു തവണ പ്രീമിയര്‍ ലീഗ് കിരീടം നേടി. സിറ്റി സ്റ്റേഡിയത്തിന് പുറത്ത് സില്‍വയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.






