ലോകകപ്പ്: പത്തു പേരുമായി ചൈന ജയിച്ചു

അര്‍ജന്റീനക്ക് ഉശിരന്‍ തിരിച്ചുവരവ്

സിഡ്‌നി - വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ രണ്ടു ഗോളിന് പിന്നിലായ ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ അര്‍ജന്റീന 2-2 സമനില നേടി. ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയമാണ് ദക്ഷിണാഫ്രിക്ക കൈവിട്ടത്. ഡെന്മാര്‍ക്കിനെ 1-0 ന് തോല്‍പിച്ച ഇംഗ്ലണ്ട് പ്രി ക്വാര്‍ട്ടറിലേക്കുള്ള പാതയിലാണ്. ഇരുപത്തൊമ്പതാം മിനിറ്റില്‍ ഷാംഗ് റൂയി ചുവപ്പ് കാര്‍ഡ് കണ്ട ശേഷം പത്തു പേരായിച്ചുരുങ്ങിയ ചൈന 1-0 ന് ഹെയ്തി തോല്‍പിച്ചു. പെനാല്‍ട്ടിയില്‍ നിന്ന് വാംഗ് ഷുവാംഗാണ് ഗോളടിച്ചത്. 
ഇടവേളക്ക് ഇരുവശത്തുമായി ലിന്‍ഡ മോതലഹാലോയും തെംബി കഗാതലാനയും നേടിയ ഗോളുകള്‍ ദക്ഷിണാഫ്രിക്കയെ അവിസ്മരണീയമായ ആദ്യ വിജയത്തിനടുത്തെത്തിച്ചതായിരുന്നു. 16 മിനിറ്റ് ശേഷിക്കെ അര്‍ജന്റീന തിരിച്ചടി തുടങ്ങി. സോഫിയ ബ്രൗണിന്റെ തകര്‍പ്പന്‍ ഗോള്‍ അവരുടെ പോരാട്ടവീര്യമുണര്‍ത്തി. അഞ്ചു മിനിറ്റിനു ശേഷം റൊമീന നൂനസിന്റെ ഹെഡര്‍ സ്‌കോര്‍ തുല്യമാക്കി. സ്വീഡനെതിരെയും ദക്ഷിണാഫ്രിക്ക ലീഡ് തുലക്കുകയും അവസാന വേളയിലെ ഗോളില്‍ തോല്‍ക്കുകയും ചെയ്തിരുന്നു. നാലാം ലോകകപ്പ് കളിക്കുന്ന അര്‍ജന്റീന ഇതുവരെ ഒരു കളിയും ജയിച്ചിട്ടില്ല. അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും ഈ ലോകകപ്പില്‍ ആദ്യ കളികള്‍ തോറ്റിരുന്നു. സ്വീഡനും ഇറ്റലിയുമാണ് ഈ ഗ്രൂപ്പില്‍ നിന്ന് മുന്നേറാന്‍ സാധ്യത. 
ഡെന്മാര്‍ക്കിനെതിരെ ആറാം മിനിറ്റില്‍ ലോറന്‍ ജെയിംസ് നേടിയ ഗോള്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നോക്കൗട്ട് ടിക്കറ്റുറപ്പിച്ചു. എന്നാല്‍ മധ്യനിരയിലെ പ്രമുഖ താരം കെയ്‌ര വാല്‍ഷിന് ഗുരുതരമായി പരിക്കേറ്റത് അവരുടെ ആഘോഷത്തില്‍ വെള്ളമൊഴിച്ചു. കളി തീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ ഡെന്മാര്‍ക്ക് സമനില നേടാനുള്ള സുവര്‍ണാവസരം തുലച്ചു. 


ജപ്പാന്‍ ഓപണില്‍ സെമി തേടി ലക്ഷ്യ


ടോക്കിയൊ - ലോക ഒന്നാം നമ്പര്‍ വിക്ടര്‍ ആക്‌സല്‍സനോട് തോറ്റ് മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയ് ജപ്പാന്‍ ഓപണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. നിലവിലെ ലോക ചാമ്പ്യനും ഒളിംപിക് ചാമ്പ്യനുമായ ഡെന്മാര്‍ക്കുകാരനെ തോല്‍പിക്കാന്‍ കിട്ടിയ സുവര്‍ണാവസരമാണ് പ്രണോയ് പാഴാക്കിയത്. ആദ്യ ഗെയിം നേടിയ ശേഷം പ്രണോയ് 21-19, 18-21, 18-21 ന് പൊരുതിവീണു. മത്സരത്തിലുടനീളം പ്രണോയ് ആക്രമിച്ചു കളിച്ചപ്പോള്‍ ആക്‌സല്‍സന് പതിവ് ശൈലിയില്‍ കളിക്കാനായില്ല. ആരും ജയിക്കാവുന്ന കളിയായിരുന്നു ഇതെന്ന് മത്സര ശേഷം ഡെന്മാര്‍ക്കുകാരന്‍ പറഞ്ഞു. രണ്ടാം ഗെയിമില്‍ നിര്‍ണായക പോയന്റുകള്‍ പിടിച്ചതും മൂന്നാം ഗെയിമില്‍ നന്നായി തുടങ്ങാന്‍ കഴിഞ്ഞതുമാണ് വിജയത്തിന് കാരണമെന്ന് ആക്‌സല്‍സന്‍ വിലയിരുത്തി. 
ജപ്പാന്റെ കൊദായ് നരോക്കയുമായി ആക്‌സല്‍സന്‍ സെമി കളിക്കും. ചൈനയുടെ ഷി യു ക്വിയെ 11-21, 21-19, 21-14 ന് നരോക്ക തോല്‍പിച്ചു. 
ഇന്ത്യയുടെ ലക്ഷ്യ സെന്‍ ജപ്പാന്റെ കോകി വതനാബെയെ 21-15, 21-19 ന് തോല്‍പിച്ച് സെമിഫൈനലിലെത്തി. ജോനാഥന്‍ ക്രിസ്റ്റിയുമായാണ് ലക്ഷ്യ സെമി കളിക്കുക. കുന്‍ലാവുത് വിദിതസരണിനെ ക്രിസ്റ്റി 21-16, 21-16 ന് തോല്‍പിച്ചു. കൊറിയ ഓപണിലും ഇന്തോനേഷ്യ ഓപണിലും ചാമ്പ്യന്മാരായ ഇന്ത്യയുടെ ലോക രണ്ടാം നമ്പര്‍ ജോഡി സത്വിക് സായരാജും ചിരാഗ് ഷെട്ടിയും ക്വാര്‍ട്ടറില്‍ പുറത്തായി. യാംഗ് ലി-ചി ലിന്‍വാംഗ് ജോഡിയോട് അവര്‍ 15-21, 25-23, 16-21 ന് തോറ്റു. 
വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ കൊറിയയുടെ ആന്‍ സെ യംഗ് ബാല്യത്തിലെ ഇഷ്ട താരം രചനോക് ഇന്തനോണിനെ 21-19, 21-10 ന് തോല്‍പിച്ചു. നാലാം സീഡ് തായ്‌വാന്റെ തായ് സു യിംഗുമായി ആന്‍ സെമിയില്‍ ഏറ്റുമുട്ടും. കഴിഞ്ഞയാഴ്ചയിലെ കൊറിയ ഓപണ്‍ ഫൈനലിന്റെ ആവര്‍ത്തനമാവും ഈ പോരാട്ടം. ആ കളി ആനാണ് ജയിച്ചത്. ലോക ഒന്നം നമ്പര്‍ അകാനെ യാമാഗുചിയെ ജോര്‍ജിയ മാരിസ്‌ക തുംഗ്ജുംഗ് 21-11, 11-21, 21-18 ന് അട്ടിമറിച്ചു. ലോക അഞ്ചാം നമ്പര്‍ ഹെ ബിംഗ് ജിയാവോയെ തുംഗ്ജുംഗ് സെമിയില്‍ നേരിടും. ചൈനക്കാരികള്‍ തമ്മിലുള്ള ക്വാര്‍ട്ടറില്‍ ബെയവന്‍ ഷാംഗിനെ 21-13, 21-18 ന് ബിംഗ്ജിയാവോ തോല്‍പിച്ചു. 

Latest News