മുംബൈ - ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മൂന്നു മാസം മാത്രം ശേഷിക്കുമ്പോഴും മത്സരക്രമവും ടിക്കറ്റ് വില്പനയും സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. സുദീര്‍ഘമായ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ മാസമാണ് ടൂര്‍ണമെന്റ് ഫിക്സ്ചര്‍ പുറത്തുവിട്ടത്. അതുപോലും മാറുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വെളിപ്പെടുത്തി. ഏതാനും ദിവസത്തിനകം പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രഖ്യാപനം.
ഏവരും ഉറ്റുനോക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് മത്സരം ഉള്‍പ്പെടെ ഏതാനും കളികളിലാണ് മാറ്റം വരിക. രണ്ടു മൂന്ന് ബോര്‍ഡുകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഇത്. ചില ടീമുകള്‍ക്ക് കളികള്‍ക്കിടയില്‍ അഞ്ചാറു ദിവസം ഇടവേളയുണ്ട്. മറ്റു ചിലതിന് രണ്ടു ദിവസം മാത്രവും. ഐ.സി.സിയുമായി ആലോചിച്ച് ഇത് മാറ്റം വരുത്താന്‍ ശ്രമിക്കുമെന്ന്് ജയ് ഷാ പറഞ്ഞു. ടിക്കറ്റ് വില്പന എന്നു തുടങ്ങുമെന്ന് പറയേണ്ടത് ബി.സി.സി.ഐയാണെന്നാണ് ഐ.സി.സിയുടെ നിലപാട്.
ഇന്ത്യ-പാക് മത്സരം ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലാണ് നിശ്ചയിച്ചിരിക്കുത്. അന്ന് നവരാത്രി ഉത്സവങ്ങളുടെ തുടക്കമാണ്. അതിനാല്‍ മത്സരം ഒരു ദിവസം മുമ്പ് നടത്താനാണ് നീക്കം. ഇന്ത്യ-പാക്കിസ്ഥാന് മത്സരം നീട്ടുന്നത് ലോകകപ്പിന്റെ മൊത്തം മത്സരക്രമത്തെ ബാധിക്കും. ഒരുപാട് വൈകി പ്രഖ്യാപിച്ച മത്സരക്രമത്തില്‍ വീണ്ടും മാറ്റം വരുന്നത് ആരാധകരുടെ ഒരുക്കങ്ങളെ തകിടം മറിക്കുകയും ചെയ്യും.
ഒക്ടോബര്‍ 14 ന് രണ്ടു മത്സരങ്ങളുണ്ട്. ദല്‍ഹിയില്‍ പകല്‍ ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന് മത്സരവും ചെൈന്നയില്‍ രാത്രിയും പകലുമായി ന്യൂസിലാന്റ്-ബംഗ്ലാദേശ് പോരാട്ടവും. മൂന്നാമതൊരു മത്സരം കൂടി അന്ന് നടത്തുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.






