കരകയറുമോ വിന്‍ഡീസ്? രണ്ടാം ഏകദിനം ഇന്ന്

ബ്രിജ്ടൗണ്‍ - ആദ്യ മത്സരത്തിലെ നാണം കെട്ട തോല്‍വിക്കു ശേഷം ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ന് വെസ്റ്റിന്‍ഡീസ് ടീം പാഡണിയുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ കരളുറപ്പോടെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ആരും വിന്‍ഡീസ് ബാറ്റിംഗ് നിരയിലുണ്ടായില്ല. ലക്ഷ്യം ഒട്ടും വെല്ലുവിളി സമ്മാനിക്കാത്തതിനാല്‍ ബാറ്റിംഗ് നിര അടിമുടി മാറ്റിയാണ് ഇന്ത്യ കളിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏഴാമനായാണ് വന്നത്. വിരാട് കോലി ഇറങ്ങിയില്ല. 
രവീന്ദ്ര ജദേജയും (6-0-37-3) കുല്‍ദീപ് യാദവും (3-2-6-4) ചേര്‍ന്ന് ആതിഥേയരെ കറക്കിവീഴ്ത്തുകയായിരുന്നു. 23 ഓവറില്‍ 114 ന് വിന്‍ഡീസ് ഓളൗട്ടായി. മൂന്നിന് 88 ലെത്തിയ ശേഷം 26 റണ്‍സിന് ഏഴു വിക്കറ്റ് നിലംപൊത്തി. ഇന്ത്യക്കെതിരെ വിന്‍ഡീസിന്റെ രണ്ടാമത്തെ ചെറിയ സ്‌കോറാണ് ഇത്. 2018 നവംബറില്‍ തിരുവനന്തപുരത്ത് 104 ന് പുറത്തായതു മാത്രമാണ് ഇതിനെക്കാള്‍ മോശം പ്രകടനം. 
ഇശാന്‍ കിഷന്‍ ആദ്യ മത്സരത്തില്‍ അര്‍ധ ശതകം നേടിയ സാഹചര്യത്തില്‍ സഞ്ജു സാംസണിന് രണ്ടാം മത്സരത്തിലും അവസരം കിട്ടാന്‍ സാധ്യതയില്ല. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന്റെ മുഖം രക്ഷിച്ചത് സ്പിന്നര്‍മാരായ ഗുഡകേഷ് മോതിയും യാനിക് കരയ്യയുമാണ്. സൂര്യകുമാര്‍ യാദവ് ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതും ഇന്ത്യക്ക് ആശങ്ക സമ്മാനിക്കും. ലോകകപ്പിന് മുമ്പ് ഇനി 11 കളികള്‍ കൂടിയേയുള്ളൂ. 

Latest News