ഏഷ്യാഡ് ഫുട്‌ബോള്‍: ഇന്ത്യക്ക് വഴി കടുപ്പം

ഹ്വാംഗ്ഷു - ഏഷ്യന്‍ ഗെയിംസിന്റെ ഫുട്‌ബോള്‍ മത്സരങ്ങളുടെ ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ടീം ആതിഥേയരായ ചൈനയുള്‍പ്പെടുന്ന ഗ്രൂപ്പിലാണ്. ബംഗ്ലാദേശും ഈ ഗ്രൂപ്പിലുണ്ട്. വനിതകള്‍ തായ്‌ലന്റ് ഉള്‍പെടുന്ന ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ബി-യിലാണ് സൗദി അറേബ്യ. ഇറാനും വിയറ്റ്‌നാമും മംഗോളിയയുമാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഖത്തറും ജപ്പാനും ഫലസ്തീനും ഗ്രൂപ്പ് ഡി-യിലാണ്. 
പുരുഷ വിഭാഗത്തില്‍ ഇന്ത്യക്കും ചൈനക്കും ബംഗ്ലാദേശിനുമൊപ്പം മ്യാന്മറാണ്. എ ഗ്രൂപ്പ് താരതമ്യേന എളുപ്പമുള്ളതാണ്. വനിതകള്‍ ഗ്രൂപ്പ് ബി-യിലാണ്. ചൈനീസ് തായ്‌പെയ് ആണ് മൂന്നാമത്തെ ടീം. 
ഏഷ്യാഡിന് ഫുട്‌ബോള്‍ ടീമുകളെ അയക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ എട്ടില്‍ ഇല്ലെന്നായിരുന്നു ന്യായീകരണം. കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെ അഭ്യര്‍ഥനപ്രകാരമാണ് തീരുമാനം മാറ്റിയത്. 
ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് മത്സരിക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകളും മികച്ച റെക്കോര്‍ഡുള്ള നാല് മൂന്നാം സ്ഥാനക്കാരും പ്രി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. വനിതാ വിഭാഗത്തില്‍ ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരും മികച്ച റെക്കോര്‍ഡുള്ള മൂന്ന് രണ്ടാം സ്ഥാനക്കാരും ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. 
ഏഷ്യാഡില്‍ പ്രഥമ ചാമ്പ്യന്മാരായിരുന്നു ഇന്ത്യ, 1951 ലെ ദല്‍ഹി ഗെയിംസില്‍. 1962 ലും ചാമ്പ്യന്മാരായി. 2002 മുതല്‍ ഏഷ്യാഡ് ഫുട്‌ബോള്‍ 23 വയസ്സില്‍ താഴെയുള്ള കളിക്കാര്‍ക്കു വേണ്ടിയാണ്. പ്രായക്കൂടുതലുള്ള മൂന്നു പേരെ ഓരോ ടീമിലും അനുവദിക്കും. ഏഷ്യന്‍ ഗെയിംസ് ഒരു വര്‍ഷം താമസിച്ചാണ് നടക്കുന്നത് എന്നതിനാല്‍ ഇത്തവണ 24 വയസ്സ് വരെയുള്ള കളിക്കാരെ അനുവദിക്കും. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു, ഡിഫന്റര്‍ സന്ദേശ് ജിംഗന്‍ എന്നിവരായിരിക്കും ഇന്ത്യന്‍ ടീമിലെ പ്രായക്കൂടുതലുള്ള മൂന്ന് അംഗങ്ങള്‍. ഇന്ത്യയുടെ ഗ്രൂപ്പില്‍ ചൈന മാത്രമേ റാങ്കിംഗില്‍ മുന്നിലുള്ള ടീമുള്ളൂ. 
ഇന്ത്യന്‍ പുരുഷ ടീം ഇപ്പോള്‍ ഏഷ്യയില്‍ പതിനെട്ടാം സ്ഥാനത്താണ്. വനിതാ ടീം പതിനൊന്നാമതും. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പങ്കെടുത്തിരുന്നില്ല. ഒക്ടോബര്‍ എട്ടിനാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുക. ഫുട്‌ബോള്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 ന് തന്നെ ആരംഭിക്കും. 

Latest News