ജനീവ - ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ മുന്‍ അധ്യക്ഷന്‍ ശെയ്ഖ് അഹ്മദ് അല്ഫദ് അല്സബാബിനെ ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി മൂന്നു വര്‍ഷത്തേക്ക് വിലക്കി. ഒളിംപിക്സ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളിലെ കിംഗ് മെയ്ക്കറായാണ് ശെയ്ഖ് അഹ്മദ് അറിയപ്പെടുന്നത്. 2021 ല്‍ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനില്‍ കഴിയവെ ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചതിനാണ് വിലക്ക്. 2025 ലെ ഐ.ഒ.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശെയ്ഖ് അഹ്മദിന് ഇടപെടാനാവില്ലെന്നതാണ് വിലക്കിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. ഐ.ഒ.സി അംഗങ്ങള്‍ ഉള്‍പ്പെടെ ഒളിംപിക്സുമായി ബന്ധപ്പെട്ട എല്ലാവരും ശെയ്ഖ് അഹ്മദുമായി ഇടപെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും, ഒളിംപിക് പ്രസ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ശെയ്ഖ് അഹ്മദ് ഇടപെടുന്നതായ പ്രതീതി സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആറ് പേജുള്ള നിര്‍ദേശങ്ങളില്‍ ഐ.ഒ.സി എത്തിക്സ് കമ്മീഷന് ആവശ്യപ്പെട്ടു.
ഈ മാസം എട്ടിന് നടന്ന ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ തെരഞ്ഞെടുപ്പില്‍ സഹോദരന് തെരഞ്ഞെടുക്കപ്പെടുന്നതിനായി ശെയ്ഖ് അഹ്മദ് ചരടു വലിച്ചുവെന്നാണ് ഐ.ഒ.സി ആരോപിക്കുന്നത്. കുവൈത്ത് ആസ്ഥാനമായ ഏഷ്യന്‍ ഒളിംപിക് കൗണ്‍സില്‍ സ്ഥാപിച്ചത് ശെയ്ഖ് അഹ്മദിന്റെ പിതാവാണ്. പിതാവിന്റെ പിന്‍ഗാമിയായി 30 വര്‍ഷം ശെയ്ഖ് അഹ്മദ് ഒ.സി.എയുടെ തലപ്പത്തുണ്ടായിരുന്നു. 2021 സെപ്റ്റംബറില്‍ ജനീവ കോടതി കുറ്റം ചുമത്തിയതോടെയാണ് ഒഴിയേണ്ടി വന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശെയ്ഖ് അഹ്മദിന്റെ സഹോദരന് ശെയ്ഖ് തലാലാണ് ഒ.സി.എ അധ്യക്ഷനായത്. ബാങ്കോക്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കുവൈത്ത് മന്ത്രിയെന്ന നിലയില്‍ ശെയ്ഖ് അഹ്മദും സന്നിഹിതനായിരുന്നു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ശെയ്ഖ് അഹ്മദ് ബാങ്കോക്കിലെത്തിയതെന്നാണ് ആരോപണം.
ഒളിംപിക്സ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളില്‍ സാധാരണ ശെയ്ഖ് അഹ്മദ് പിന്തുണക്കുന്നയാളാണ് ജയിക്കാറ്. നിലവിലെ ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാക്ക് 2013 ല്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടതും ശെയ്ഖ് അഹ്മദിന്റെ പിന്തുണയോടെയാണ്. എന്നാല്‍ 2018 നവംബറില്‍ ശെയ്ഖ് അഹ്മദിനെതിരായ ആരോപണം ജനീവ പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തിയതിനു ശേഷം ബാക്കും ഐ.ഒ.സിയും അദ്ദേഹത്തില്‍നിന്ന് അകന്നു നില്‍ക്കുകയായിരുന്നു.
വ്യാജരേഖാ കേസ് സ്പോര്‍ട്സുമായി ബന്ധപ്പെട്ടതല്ല. കുവൈത്ത് രാജകുടുംബവുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംബന്ധിച്ചാണ്. കുവൈത്തിന്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി ശെയ്ഖ് അഹ്മദ് ഈയിടെ നിയമിക്കപ്പെട്ടിരുന്നു.
29 മാസത്തെ ജയില്‍ ശിക്ഷയില്‍ 14 മാസം തടവും 15 മാസം ഇളവുമാണ് ജനീവ കോടതി വിധിച്ചത്. ഇതിനെതിരെ ശെയ്ഖ് അഹ്മദ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2025 ല്‍ നടക്കുന്ന ഐ.ഒ.സി പ്രസിഡന്റ് തെരഞ്ഞെുപ്പില്‍ തോമസ് ബാക്കിന്റെ പിന്‍ഗാമിയെ കണ്ടെത്തുകയാണ്. ഇപ്പോഴത്തെയും മുന്‍കാലത്തെയും നിരവധി രാഷ്ട്രത്തലവന്മാരും രാജകുടുംബാംഗങ്ങളും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നുണ്ട്. ജര്‍മന്‍ അഭിഭാഷകനായ ബാക്ക് ഐ.ഒ.സി അധ്യക്ഷ സ്ഥാനത്ത് 12 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.






