ജിദ്ദയില്‍ ഫ്രഞ്ച് വസന്തം, അഹലിക്ക് അലങ്കാരമായി മഹ്‌റേസ്

മാഞ്ചസ്റ്റര്‍ - കരീം ബെന്‍സീമക്ക് പിന്നാലെ മറ്റൊരു പ്രമുഖ ഫുട്‌ബോളര്‍ കൂടി വരും സീസണുകളില്‍ ജിദ്ദ ഫുട്‌ബോളിനെ സമ്പന്നമാക്കും. അള്‍ജീരിയന്‍ താരം റിയാദ് മഹ്‌റേസ് മാഞ്ചസ്റ്റര്‍ സിറ്റി വിട്ട് അല്‍ അഹ്‌ലിയില്‍ ചേര്‍ന്നു. 2026-27 വരെയാണ് കരാര്‍. അള്‍ജീരിയന്‍ താരമാണെങ്കിലും മഹ്‌റേസ് ജനിച്ചതും വളര്‍ന്നതും കളി തുടങ്ങിയതും ഫ്രാന്‍സിലാണ്. 
2026 ല്‍ ലെസ്റ്റര്‍ അവിശ്വസനീയമായ പ്രീമിയര്‍ ലീഗ് നേട്ടത്തിലൂടെയാണ് മഹ്‌റേസ് ശ്രദ്ധിക്കപ്പെട്ടത്. അത് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് വഴിയൊരുക്കി. സിറ്റിക്കൊപ്പം നാലു തവണ കൂടി പ്രീമിയര്‍ ലീഗ് ചാമ്പ്യനായി. സിറ്റി പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, എഫ്.എ കപ്പ് ഹാട്രിക് നേടിയതിനു പിന്നാലെയാണ് മഹ്‌റേസ് ക്ലബ്ബ് വിടുന്നത്. അവസാന സീസണില്‍ പ്രധാനമായി സബ്സ്റ്റിറ്റിയൂട്ടായാണ് ഇറങ്ങിയതെങ്കിലും 47 കളികളില്‍ 15 ഗോളടിച്ചു. ചാമ്പ്യന്‍സ് ലീഗ്, എഫ്.എ കപ്പ് ഫൈനലുകള്‍ റിസര്‍വ് ബെഞ്ചിലിരുന്ന് മഹ്‌റേസിന് കാണേണ്ടി വന്നു. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിനു ശേഷം ഒരു കളിയിലാണ് ഇറങ്ങിയത്. 
പാരിസില്‍ ജനിച്ച മഹ്‌റേസ് ഫ്രാന്‍സിലെ താഴ്ന്ന ഡിവിഷനില്‍ കളിച്ച ശേഷമാണ് 2014 ല്‍ അന്ന് രണ്ടാം ഡിവിഷനിലായിരുന്ന ലെസ്റ്ററില്‍ ചേരുന്നത്. മഹ്‌റേസ് കളിച്ച ആദ്യ സീസണില്‍ ലെസ്റ്റര്‍ പ്രീമിയര്‍ ലീഗിലെത്തി. 2016 ലെ കിരീടനേട്ടത്തില്‍ 17 ഗോളുമായി നിര്‍ണായക പങ്കുവഹിച്ചു. ആ വര്‍ഷം ആഫ്രിക്കന്‍ പ്ലയര്‍ ഓഫ് ദ ഇയറായി. 2019 ലെ ആഫ്രിക്കന്‍ കപ്പില്‍ അള്‍ജീരിയയെ നയിച്ചു. 
ബ്രസീല്‍ താരം റോബര്‍ടൊ ഫിര്‍മിനൊ, മുന്‍ ചെല്‍സി ഗോള്‍കീപ്പര്‍ എഡ്വേഡ് മെന്‍ഡി എന്നിവരും അല്‍ അഹ്‌ലിയില്‍ ചേര്‍ന്നിരുന്നു. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ നിന്ന് കോച്ച് മതിയാസ് ജയ്‌സലിനെയും അല്‍ അഹ്‌ലി കൊണ്ടുവരുന്നുണ്ട്. ജയ്‌സലിന്റെ ആദ്യ സീസണില്‍ 201-22 ല്‍ സാല്‍സ്ബര്‍ഗ് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടിലെത്തിയിരുന്നു. 
 

Latest News