ചികിത്സാ കൈപുണ്യത്തിനൊപ്പം ഹാസ്യ വീഡിയോകളും ചെയ്ത് രോഗികൾക്ക് സാന്ത്വനം പകരുന്ന തൊടുപുഴയിലെ ആയുർവേദ ഡോക്ടർ സതീഷ് വാര്യരുടെ കഥ..
ഹാസ്യത്തിന്റെ അകമ്പടിയോടെ ചികിൽസാവിധി നിർണയിക്കുന്നതിനൊപ്പം തിരക്കുപിടിച്ച ജീവിതത്തിൽ മനസ്സിന്റെ സാന്ത്വനത്തിനായി ഡോക്ടർ സതീഷ് വാര്യർ തെരഞ്ഞെടുത്ത ഉപായമാണ് നർമത്തിന്റെ ഈ കുറിപ്പടി.
എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ സ്‌പെഷ്യലിസ്റ്റായ സീനിയർ മെഡിക്കൽ ഓഫീസറായി ജോലി നോക്കുന്ന ഡോ. സതീഷ് വാര്യരുടെ കഥ രസകരമാണ്. തന്റെ ചികിത്സാവിധിയിലൂടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി പേരുടെ രോഗം ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട് ഇദ്ദേഹം. ശരീരം തളർന്നു പോയവരും മാറാവ്യാധികൾ പിടിപെട്ടവരുമെല്ലാം ഈ ആതുരസേവകന്റെ ചികിത്സയിലൂടെ ജീവിതം തിരിച്ചുപിടിച്ചിട്ടുണ്ട്. രോഗികൾക്ക് മരുന്നുകൾക്കൊപ്പം നർമത്തിന്റെ കുറിപ്പടി കൂടി നൽകുകയാണ് ഇദ്ദേഹം. ഡോക്ടറും അമ്മ ഗീതയും ചേർന്നൊരുക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടവരെല്ലാം ഇദ്ദേഹം ഒരു ഡോക്ടറാണോ എന്നു പോലും അദ്ഭുതപ്പെടാറുണ്ട്.
കോവിഡിനെ തുരത്താനുള്ള ആരോഗ്യ പ്രവർത്തകരുടെ ശ്രമങ്ങൾക്ക് പിന്തുണയുമായി ഡോ. സതീഷ് വാര്യരും അമ്മയും ചേർന്നൊരുക്കിയ വീഡിയോയിലൂടെയായിരുന്നു തുടക്കം. കോവിഡ് കാലത്ത് എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കരുത് എന്നുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി ആയുർവേദ കോവിഡ് റിസർച്ച് സെന്റർ ഒരു പ്രോട്ടോകോൾ പുറത്തിറക്കിയെങ്കിലും അത് കൂടുതൽ ആളുകളിലേയ്ക്ക് എത്തുന്നില്ലെന്നു കണ്ടാണ് ഡോക്ടറും അമ്മയും ചേർന്ന് ഒരു വീഡിയോ ചിത്രീകരിക്കാൻ തീരുമാനിച്ചത്. അമ്മയും മകനും തമ്മിൽ അടുക്കളയിൽ നടക്കുന്ന നർമ സംഭാഷണത്തിലൂടെയാണ് ആരോഗ്യകരമായ ഭക്ഷണത്തിലൂടെ കോവിഡിനെ ചെറുക്കാമെന്ന് കാണിച്ചത്. കപ്പ വറുത്തതൊന്നും കഴിക്കരുതെന്നും ഉപ്പിലിട്ട നെല്ലിക്കയും നെയ്യിൽ വറുത്ത ചുവന്നുള്ളിയുമെല്ലാം ഇടയ്ക്കിടയ്ക്ക് കഴിക്കണമെന്നും ഉപദേശിക്കുകയായിരുന്നു ഈ അമ്മയും മകനും. സർക്കാർ നിർദേശങ്ങൾക്കൊപ്പം സ്വന്തമായി ചില ഡയലോഗുകളും ചേർത്തൊരുക്കിയ വീഡിയോ തയാറാക്കി സുഹൃത്തുക്കൾക്കാണ് ആദ്യം അയച്ചുകൊടുത്തത്. എന്നാൽ അടുത്ത ദിവസം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതാണ് കണ്ടത്.
കേരളത്തിലെ ഒരു ബൂത്തിൽ നടന്ന അതിദാരുണമായ സംഭവം എന്ന ക്യാപ്ഷനോടെ ചിത്രീകരിച്ച മറ്റൊരു വീഡിയോയും ഏറെ ശ്രദ്ധേയമായിരുന്നു. പോളിംഗ് സ്‌റ്റേഷനിലെത്തിയ ഒരു വോട്ടറും പോളിംഗ് ഓഫീസറും തമ്മിൽ നടന്ന രസകരമായ സംഭാഷണമായിരുന്നു. വിരലിൽ പുരട്ടുന്ന മഷി പെട്ടെന്ന് നിറം മങ്ങില്ലെന്നു പറഞ്ഞ പോളിംഗ് ഓഫീസറോട് ഈ മഷി ഒരു കുപ്പി എടുക്കാനുണ്ടോ, മുടിയിൽ പുരട്ടാനാ എന്നു പറയുന്ന വോട്ടറെ ആരും അത്രവേഗം മറന്നിട്ടുണ്ടാകില്ല. അമ്മയും സഹോദരിയും ചേർന്നാണ് ഡോക്ടർ ഈ വീഡിയോ ചിത്രീകരിച്ചത്.
ഏതു പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള വീഡിയോകളാണ് ഈ അമ്മയും മകനും ഒരുക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം ഡോക്ടർ തന്നെയാണ് നിർവഹിക്കുന്നത്. അമ്മക്ക് കോമഡി നന്നായി വഴങ്ങുന്നുണ്ടെന്നു കണ്ടാണ് അത്തരത്തിലുള്ള സ്‌ക്രിപ്റ്റുകൾ ഒരുക്കുന്നതെന്ന് ഡോക്ടർ പറയുന്നു. അഭിനയം നന്നായിട്ടുണ്ടെന്നും ഇനിയും തുടരണമെന്നും നിരവധി പേർ വിളിച്ചുപറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പാരമ്പര്യമായി ആയുർവേദത്തെ കൂട്ടുപിടിച്ച കുടുംബമായിരുന്നു ഡോക്ടറുടേത്. അച്ഛൻ രാമഭദ്ര വാര്യർ കോട്ടക്കൽ മെഡിക്കൽ കോളേജിൽനിന്നാണ് ബിരുദം നേടിയത്. വിരമിച്ചതിനു ശേഷവും വിശ്രമമില്ലാതെ ജോലി ചെയ്ത ഭിഷഗ്വരൻ. അച്ഛന്റെ തിരക്കുപിടിച്ച ജീവിതം കണ്ടതുകൊണ്ടാകണം തനിക്ക് ആയുർവേദത്തോടുള്ള താൽപര്യം കുറവായിരുന്നു. എന്നാൽ കാലം തന്നെയും ഒരു ആയുർവേദ ഡോക്ടറാക്കുകയായിരുന്നു. ചെന്നൈയിലെ ശ്രീജയേന്ദ്ര സരസ്വരതി ആയുർവേദ മെഡിക്കൽ കോളേജിൽനിന്നാണ് ബിരുദം നേടിയത്. തുടർന്ന് കർണാടകയിലെ ഗദക് ശ്രീ ഡി.ജി.എം ആയുർവേദ മെഡിക്കൽ കോളേജിൽനിന്നും പഞ്ചകർമയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കണ്ണൂർ പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജിൽ ലക്ചററായി ഒരു വർഷം ജോലി നോക്കി. തുടർന്നാണ് തൊടുപുഴ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ഡോക്ടറായത്.
ചികിത്സയ്ക്കായെത്തിയ പലരുടെയും മുഖങ്ങൾ ഡോക്ടറുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. എൺപതു ശതമാനത്തോളം തളർന്ന ശരീരവുമായി ചികിത്സ തേടിയെത്തിയ രഞ്ജിത്തിനെ മറക്കാനാവില്ല. അപൂർവമായ വൈറസ് ബാധയായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത്. എന്നാൽ പഞ്ചകർമ ചികിത്സയിലൂടെ അദ്ദേഹം എഴുന്നേറ്റു നടന്നു. ഇപ്പോൾ ലോറി ഡ്രൈവറായി അദ്ദേഹം ജോലി ചെയ്യുകയാണ്. നിർമലിന്റെ സ്ഥിതിയും അങ്ങനെത്തന്നെയായിരുന്നു. ജനന സമയത്തെ ചികിത്സാ പിഴവിൽ നടക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു നിർമലിനെ അച്ഛനും അമ്മയും കൊണ്ടുവന്നത്. രണ്ടര വർഷത്തെ ചികിത്സയ്ക്കു ശേഷം അവന്റെ കൈപിടിച്ച് ചിരിച്ചുകൊണ്ട് നടന്നുപോയ ആ അച്ഛനെയും അമ്മയെയും മറക്കാനാവില്ല. കേരള സർക്കാരിന്റെ സ്‌പോർട്‌സ് റിസർച്ച് സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്നതു വഴി നിരവധി ദേശീയ, അന്തർദേശീയ കായിക താരങ്ങളെയും ചികിത്സിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആയുർവേദത്തിൽ ചിട്ടകൾക്കാണ് പ്രാധാന്യം. ചിട്ടകളെന്നു പറയുന്നത് പഥ്യമാണ്. മരുന്നിനല്ല, അസുഖത്തിനാണ് പഥ്യം വേണ്ടത്. ഏതു രോഗമായാലും അതിന്റെ രൂക്ഷത വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. മരുന്നുകൾ ശരീരത്തിൽ നന്നായി പ്രവർത്തിക്കണമെങ്കിൽ ദഹനം നന്നായി നടക്കണം. അതിന് ഭക്ഷണക്രമം ആവശ്യമാണ്. ശരീര ഭാരത്തിനനുസരിച്ച് വെള്ളവും നന്നായി കുടിക്കണം. നല്ല ഉറക്കവും വ്യായാമവും അത്യാവശ്യമാണ്. മാത്രമല്ല, നല്ല മനോബലവും വേണം. പരസ്പര സ്‌നേഹവും വിശ്വാസവും ബഹുമാനവുമെല്ലാം മനസ്സിലുണ്ടാകണം. ജീവിതത്തിലെയും ജോലിയിലെയും തിരക്കുകൾ വർധിച്ചപ്പോഴാണ് മാനസികോല്ലാസത്തിനായി വീഡിയോ ഷൂട്ടിംഗ് തുടങ്ങിയത്. യൂട്യൂബ് വഴി പഠിച്ചാണ് എഡിറ്റ് ചെയ്യുന്നതും മ്യൂസിക് മിക്‌സ് ചെയ്യുന്നതുമെല്ലാം.
ആശുപത്രിയിലെയും വീട്ടിലെയും തിരക്കുകൾ അവസാനിക്കുമ്പോൾ രാത്രി ഏറെ വൈകും. എന്നാൽ കോവിഡ് വന്നതോടെ സ്ഥിതി മാറി. ഇഷ്ടം പോലെ സമയം. സ്ഥിരമായി സീരിയൽ കണ്ടിരുന്ന അമ്മക്ക് കോവിഡ് വന്നതോടെ അതും നിലച്ചപ്പോൾ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. അപ്പോഴാണ് ടിക് ടോക് പരീക്ഷണം ചെയ്തുനോക്കിയത്. അമ്മ നന്നായി ഡയലോഗുകൾ പറഞ്ഞ് അഭിനയിക്കുന്നതു കണ്ടപ്പോൾ ശരിക്കും ഞെട്ടി. പിന്നീട് ഒന്നിനു പിറകെ ഒന്നായി വീഡിയോകൾ പുറത്തിറക്കി. ഒന്നിനും സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. കഥയുടെ ത്രെഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചർച്ച ചെയ്താണ് ഓരോ ഡയലോഗും പറയുന്നത്. ഫോണിലൂടെ ലൈവായാണ് ചിത്രീകരിക്കുന്നത്.
അനുജത്തി സൗമ്യയും അവളുടെ മകനായ വിനയും ഫിസിയോ തെറാപ്പിസ്റ്റായ സുമേഷ് കുമാറും ഓട്ടോ ഡ്രൈവറായ അനൂപും തയൽക്കടക്കാരനായ രാജുവും റിസപ്ഷനിസ്റ്റായ അശ്വതിയും തെറാപ്പിസ്റ്റുകളായ അജ്മലും അമലും ഫാർമസിയിലെ ഷാഹുലുമെല്ലാം വീഡിയോയിലെ താരങ്ങളാണ്. തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ അധ്യാപികയായ ഭാര്യ രേഖ പിന്നണിയിലാണ് പ്രവർത്തിക്കുന്നത്. മകൻ വിശാലാകട്ടെ അച്ഛനോടൊപ്പം അഭിനയിക്കാനെത്താറുണ്ട്.
സോഷ്യൽ മീഡിയയിലെ അംഗീകാരം പലപ്പോഴും ഗുണകരമായിട്ടുണ്ടെന്ന് ഡോക്ടർ പറയുന്നു. ഒരിക്കൽ കോട്ടയത്തേയ്ക്കുള്ള കാർ യാത്രയ്ക്കിടയിൽ പോലീസ് പിടിച്ചു. പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഫൈൻ എഴുതാൻ തുടങ്ങിയപ്പോഴാണ് പിന്നിൽനിന്നും അതു തീർന്നോ എന്ന ചോദ്യം കേട്ടത്. വൈറൽ ഡോക്ടറും അമ്മയുമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഇന്നു തന്നെ പുക പരിശോധിച്ച് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് ഉപദേശിച്ച് വിടുകയായിരുന്നു.